ന്യൂദല്‍ഹി: ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്നലെ സമാപനം കുറിച്ചതെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഫെബ്രുവരി മുതല്‍ മെയ് 17 വരെ 142 ജനസഭകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്. വാരാണസിയില്‍ അടക്കം നാല് റോഡ് ഷോകള്‍ നടത്തി. ഒന്നരക്കോടി ജനങ്ങളെ മോദി കണ്ടു. രാജ്യമെങ്ങും 1.05 ലക്ഷം കിലോമീറ്റര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹം യാത്ര ചെയ്തു. 18 ഡിഗ്രി മാത്രം ചൂടുള്ള അരുണാചല്‍ പ്രദേശിലും 46 ഡിഗ്രി ചൂടില്‍ ഇറ്റാര്‍സിയിലും മോദി ജനസഭകളില്‍ ലക്ഷങ്ങളോട് സംവദിച്ചു. ജനസഭകളോടൊപ്പം പതിനായിരത്തോളം ബിജെപി നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി. ദിവ്യാംഗരടക്കം കേന്ദ്രസര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭിച്ച ഏഴായിരത്തോളം പേരുമായും മോദി ജനസഭകള്ക്കിടെ ചര്‍ച്ച നടത്തി. ഒരു ദിവസം അഞ്ചിലധികം ജനസഭകളില്‍ വരെ മോദി പങ്കെടുത്തു. നാലായിരം കിലോമീറ്ററിലധികം സഞ്ചരിച്ച മൂന്നു ദിവസങ്ങളുണ്ടായിരുന്നു. ഇതിന്റെയെല്ലാം ഫലമായി മേം ഭീ ചൗക്കീദാര്‍ (ഞാനും കാവല്‍ക്കാരനാണ്) എന്ന ബിജെപി പ്രചാരണം രാജ്യമെങ്ങും ഏറ്റെടുത്തതായും അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫെബ്രുവരി മുതല്‍ ദേശീയ അധ്യക്ഷന്‍ സഞ്ചരിച്ചത് 1.58 ലക്ഷം കിലോമീറ്ററുകളാണ്. 312 ജനസഭകള്‍ അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തി. ഇതില്‍ 161 എണ്ണം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മാത്രമാണ്. കേരളത്തിലും ബംഗാളിലുമടക്കം പതിനെട്ട് റോഡ് ഷോകളും അമിത് ഷാ നടത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 135 ജനസഭകളില്‍ പങ്കെടുത്തു. ബിജെപി മുഖ്യമന്ത്രിമാരെല്ലാം നൂറിലേറെ ജനസഭകളില്‍ പങ്കെടുത്തു. ബിജെപിയുടെ ദേശീയ നേതാക്കള്‍ പങ്കെടുത്ത പന്ത്രണ്ടായിരം ജനസഭകളാണ് രാജ്യത്ത് കഴിഞ്ഞ മൂന്നുമാസം കൊണ്ട് നടന്നത്. 3,800 അസംബ്ലി മണ്ഡലങ്ങളില്‍ നാലിലേറെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ബിജെപി നടത്തി.
മോദി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് വൈദ്യുതി, ശൗചാലയം, ആരോഗ്യം, ഭവന നിര്‍മ്മാണം തുടങ്ങിയ രംഗങ്ങളില്‍ നടത്തിയ വിപ്ലവകരമായ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായും ബൂത്ത് തലങ്ങളില്‍ വരെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുമായി കഴിഞ്ഞ രണ്ടുവര്‍ഷമായി മൂവായിരത്തോളം മുഴുവന്‍ സമയ പ്രവര്‍ത്തകരാണ് വേതനം വാങ്ങാതെ പാര്‍ട്ടിക്ക് വേണ്ടി രാജ്യത്ത് പ്രവര്‍ത്തിച്ചത്. ഇത്തരം ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ ഫലം മെയ് 23ന് വ്യക്തമാകുമെന്ന് അമിത് ഷാ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ സംഘടനാ സെക്രട്ടറി രാംലാലും പ്രധാനമന്ത്രി മോദിയോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: