കണ്ണൂര്‍: കണ്ണൂര്‍-കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നടന്ന കളളവോട്ടുമായി ബന്ധപ്പെട്ട് പോലീസെടുത്ത കേസുകളില്‍ അന്വേഷണം ഇഴയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് കേസില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതോടെ രണ്ട് മുന്നണി നേതൃത്വങ്ങളും തമ്മിലാണ് ആരോപണം. കളളവോട്ട് കേസിലെ പ്രതികളായ സിപിഎം-ലീഗ് പ്രവര്‍ത്തകരുടെ അറസ്റ്റ് വൈകുന്നതും മുന്നണി നേതൃത്വങ്ങളുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്.
ആദ്യ കള്ളവോട്ട് കേസ് രജിസ്റ്റര്‍ ചെയ്ത കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറയിലെ സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും ഇതുവരെ പ്രതികളുടെ മൊഴി രേഖപ്പെടുത്തുകയോ മറ്റ് അന്വേഷണങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. പരിയാരം പോലീസാണ് പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കെതിരേ കേസെടുത്തത്.
കളളവോട്ട് ചെയ്തതായി തെളിഞ്ഞതോടെ 6ന് ഇതേ മണ്ഡലത്തിലെ പുതിയങ്ങാടിയില്‍ കള്ളവോട്ട് ചെയ്ത 3 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് എടുത്തു. ഏറ്റവും അവസാനം കണ്ണൂര്‍ മണ്ഡലത്തിലെ പാമ്പുരുത്തിയിലെ കള്ളവോട്ടില്‍ 9 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും മുഖ്യമന്ത്രി പിണറായി വിജയന് പ്രതിനിധീകരിക്കുന്ന ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ ഒരു സിപിഎം പ്രവര്‍ത്തകനെതിരേയും കേസെടുത്തിരുന്നു. കണ്ണൂര്‍,കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലങ്ങളിലായി ഇതുവരെ കള്ളവോട്ടുമായി ബന്ധപ്പെട്ട് 16 പേര്‍ക്കെതിരേയാണ് കേസ് എടുത്തിട്ടുളളത്.
തെരഞ്ഞെടുപ്പ് വരണാധികാരികൂടിയായ ജില്ലാ കളക്ടറുടെ പരാതിയില്‍ കേസെടുത്തെങ്കിലും കേസുകളില്‍ തുടര്‍ നടപടികളൊന്നും എടുത്തിട്ടില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 171 സി, ഡിഎഫ് പ്രകാരം ക്രിമിനല്‍ കുറ്റമാണ് കള്ളവോട്ട് കേസില്‍ എല്ലാവര്‍ക്കുമെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടികള്‍ വൈകുന്നതെന്നറിയുന്നു.
കള്ളവോട്ടില്‍ പോലീസ് അറസ്റ്റിലേക്ക് നീങ്ങിയാല്‍ സിപിഎമ്മിന്റെ ജനപ്രതിനിധികളടക്കമുളള നേതാക്കളും ലീഗ് പ്രവര്‍ത്തകരും ജയിലിലടയ്ക്കപ്പെടുമെന്നതിനാല്‍ ഇരുപാര്‍ട്ടി നേതൃത്വവും ഒത്തു തീര്പ്പിലെത്തിയതാണ് പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങാനുള്ള പ്രധാന കാരണം. കള്ളവോട്ട് കേസില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും രേഖകള്‍ ലഭിക്കാത്തതാണ് അന്വേഷണം വൈകുന്നതിന് കാരണമെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നതെങ്കിലും ഉന്നതതലത്തില്‍ നിന്നുളള നിര്‍ദ്ദേശ പ്രകാരം രേഖകള്‍ കൈമാറുന്നത് കരുതിക്കൂട്ടി വൈകിപ്പിക്കുകയാണ്.
പാമ്പുരുത്തിയിലെ ബൂത്തില്‍ ചുമതല ഉണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥര്ക്കെതിരേ കൂടി കേസെടുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പ്രാഥമിക അന്വേഷണം പോലും നടന്നിട്ടില്ല. കള്ളവോട്ട് നടന്ന പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കുന്നതിനു സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കൂയെന്നുമുളള നിലപാടിലാണ് പോലീസ്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതുവരെ കളളവോട്ട് കേസുകളിലെ അറസ്റ്റ് നീട്ടി കൊണ്ടു പോകാനാണ് പോലീസും മുന്നണികളും തമ്മിലുണ്ടാക്കിയിരിക്കുന്ന ധാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: