കേരളാ കോണ്‍ഗ്രസിനെക്കുറിച്ച് കെ.എം.മാണിയുടെ ശക്തമായ ഒരു പ്രയോഗമുണ്ട്. ‘വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി’. ഇത് അക്ഷരം പ്രതിശരിയായതാണ് ചരിത്രം. ഇപ്പോള്‍ ഒരു പിളര്‍പ്പിന്റെ വക്കോളമെത്തിയ കേരളാ കോണ്‍ഗ്രസിലെ മൂപ്പിളമതര്‍ക്കത്തിന് താല്ക്കാലികശമനം വന്നോ എന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്.
കെ.എം. മാണിയുടെ ചരമത്തെ തുടര്‍ന്ന് ഒഴിവുവന്ന ചെയര്മാന് സ്ഥാനത്തെ ചൊല്ലിയായിരുന്നു ഒടുവിലത്തെ തകര്‍ക്കം. ചെയര്‍മാനായി മാണിയുടെ മകന് ജോസ് കെ മാണിയെ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഒന്‍പത് ജില്ലാ പ്രസിഡന്റുമാര്‍ രംഗത്തുവന്നു. വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫിനെ ചെയര്‍മാനാക്കണമെന്ന് മറുവിഭാഗവും. ഒടുവില്‍ ജോസഫിനെ താല്‍ക്കാലിക ചെയര്‍മാനായി നിശ്ചയിച്ചതായാണ് പുറത്ത് പ്രചരിക്കുന്ന വാര്‍ത്ത. യുഡിഎഫ് നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണിത് സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഏതായാലും പാലാ ഉപതെരഞ്ഞെടുപ്പുവരെ പിളര്‍പ്പ് ഒഴിവാക്കുകയാണ് ലക്ഷ്യം. പാലയില്‍ ജയിച്ചാലും തോറ്റാലും പിളര്‍പ്പ് ഒഴിവാക്കാനാകുമെന്ന് ഒരു ഉറപ്പുമില്ല. അത് ആ പാര്‍ട്ടിയുടെ പിറവിദോഷമാണെന്ന കാര്യത്തില്‍ സംശയമില്ല.
മുഖ്യമന്ത്രിയായിരുന്ന ആര്. ശങ്കറും ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി. ചാക്കോയും തമ്മിലുടലെടുത്ത തകര്‍ക്കമാണ് കേരള കോണ്‍ഗ്രസ് രൂപീകരണത്തിലെത്തിയത്. രണ്ടുപേരും കോണ്ഗ്രസുകാരായിരുന്നെങ്കിലും സാമുദായിക ചേരിതിരിവാണ് തര്‍ക്കത്തിനടിസ്ഥാനം. പക്ഷേ കേരളാ കോണ്‍ഗ്രസ് പിതൃത്വം പി.ടി. ചാക്കോയ്ക്കില്ല. ശങ്കര്‍ മന്ത്രിസഭയ്ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം 1964 സപ്തമ്പറിലാണുണ്ടായത്. പ്രമേയ ചര്‍ച്ചയില്‍ റിബല്‍ കോണ്‍ഗ്രസുകാരും പ്രസംഗിച്ചു. റിബല്‍ കോണ്‍ഗ്രസുകാരെ പരിഹസിച്ചുകൊണ്ട് ശങ്കര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞത് ഇങ്ങനെ, ”ഒരു വിരല്‍ മുറിഞ്ഞുവീണാല്‍ കുറച്ചുനേരം അത് പിടയ്ക്കും. പിന്നെ നിശ്ചലമാകും. ഒരു വിരല്‍ പോയാല്‍ ശരീരത്തിന് ഒന്നും സംഭവിക്കില്ല.”
പി.കെ. കുഞ്ഞ് അവതരിപ്പിച്ച പ്രമേയം രണ്ട് ദിവസം ചര്‍ച്ചചെയ്ത് വോട്ടിനിട്ടപ്പോള്‍ 50ന് എതിരെ 73 വോട്ടുകിട്ടി. അങ്ങനെ ശങ്കറിന്റെ മന്ത്രിസഭ വീണു. അന്ന് മുറിഞ്ഞ വിരലാണ് കേരളാ കോണ്‍ഗ്രസ്. അത് 45 വര്‍ഷമായി പിടഞ്ഞുകൊണ്ടേയിരിക്കുന്നു. പിറവിക്ക് ഹേതുവായ പി.ടി. ചാക്കോയുടെ മകന് പി.സി. തോമസ് കേരളാ കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി ഉണ്ടാക്കി പാര്‍ലമെന്റിലേക്ക് വിജയിച്ചു, കേന്ദ്രമന്ത്രിയുമായി. ആദ്യ ചെയര്മാന് കെ.എം. ജോര്‍ജിന്റെ മകന് ഫ്രാന്‍സിസ് ജോര്‍ജും പാര്‍ലമെന്റ് അംഗമായി. പി.സി. തോമസ് എന്‍ഡിഎയിലാണ്. ഫ്രാന്‍സിസ് ജോര്‍ജ് ഇടതുമുന്നണിയിലും. സ്വന്തമായി കേരളാ കോണ്‍ഗ്രസുണ്ടാക്കി നല്ല പ്രകടനം നടത്തിയ പി.സി. ജോര്‍ജ്ജ് എംഎല്‍എ ഒടുവില്‍ എന്‍ഡിഎയിലാണ്. സ്ഥാപക നേതാക്കളിലൊരാളായ ആര്. ബാലകൃഷ്ണപിള്ളയും ഇടതുമുന്നണിയില്‍ സ്ഥാനം കണ്ടെത്തി.
കേരളാ കോണ്‍ഗ്രസില്‍ പ്രമാണിയായിരുന്ന കെ.എം. മാണിയുടെ പാര്‍ട്ടി യുഡിഎഫിലാണ്. അത് ഒരിക്കല്‍ പിളര്ന്നുപോയി പി.ജെ. ജോസഫ് തിരിച്ചെത്തി വലുതായപ്പോഴാണ് ഒന്നുകൂടി പിളര്‍ന്നാലോ എന്ന ചിന്തയിലെത്തി നില്‍ക്കുന്നത്. അങ്ങനെ പിളര്‍ന്നും വളര്‍ന്നും പിന്നെയും പിളരാന്‍ കൊതിക്കുന്ന പാര്‍ട്ടി കേരളത്തിന് മാത്രമല്ല, രാജ്യത്തിനാകെ കൗതുകമാണ്.
സൗരയൂഥത്തിലെ ഗുരുത്വാകര്‍ഷണ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുന്നതിന് അമേരിക്കയുടെ സ്പെയിസ് സ്റ്റേഷനായിരുന്നു സ്കൈലാബ്. 1973 ല്‍ ഭൂപരിക്രമണപഥത്തിലേക്ക് പോയ സ്കൈലാബിന് 75 ടണ്‍ ഭാരമുണ്ടായിരുന്നു. ആദ്യ രണ്ടുവര്‍ഷം ബരിഹാകാശ സഞ്ചാരികള്‍ സ്കൈലാബിനെ കണ്ടിട്ടുണ്ട്. ആറുവര്ഷത്തികനം സ്കൈലാബ് പൊട്ടിത്തെറിച്ച് പലഭാഗങ്ങളില്‍ പതിച്ചു. അതുപോലെയാണ് കേരളാ കോണ്‍ഗ്രസ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: