കൂട്ടാലിട (കോഴിക്കോട്): കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചിട്ടിട്ട് ഇന്നേക്ക് ഒരാഴ്ച. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവരടക്കമുള്ളവര്‍ പങ്കെടുക്കുന്ന ഉപരോധ സമരമാണ് കാരണം.
പഞ്ചായത്തിലെ ചെങ്ങോട്ടുമല ക്വാറി ഖനനത്തിന് അനുവാദം നല്‍കാനുള്ള ചീഫ് സെക്രട്ടറിയുടെ നീക്കത്തിനെതിരെയാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സമരം. ഗ്രാമപഞ്ചായത്ത് ഓഫീസ് കൂടാതെ കൃഷി ഭവന്‍, കുടുംബശ്രീ സിഡിഎസ് ഓഫീസ്, മൃഗാശുപത്രി എന്നിവയും ഉപരോധം കാരണം ദിവസങ്ങളായി അടഞ്ഞുകിടക്കുന്നു. സിപിഎം നേതൃത്വം നല്‍കുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രസിഡന്റ് ഷീജ കാരങ്ങോട്, വൈസ് പ്രസിഡന്റ് കെ.കെ. ബാലന്‍ എന്നിവരടക്കമുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
നാട്ടുകാരുടെ നേതൃത്വത്തിലുള്ള ചെങ്ങോട്ടുമല സംരക്ഷണ സമിതിയാണ് സമരത്തിന് തുടക്കമിട്ടത്. സിപിഎം, കോണ്‍ഗ്രസ് എന്നിവയുടെ പ്രാദേശിക ഘടകങ്ങള്‍ സമരത്തിന് പിന്തുണയുമായി രംഗത്തുവന്നെങ്കിലും ജില്ലാ നേതാക്കള്‍ രംഗത്തില്ല. സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന സിപിഎം നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ രഗിന്‍ലാല്‍ ഡെല്‍റ്റ കമ്പനിയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റിയ വിവരം പുറത്തായതോടെ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വെളിച്ചത്തായി. സിപിഎമ്മിന്റെ ഏരിയ, ജില്ലാ കമ്മിറ്റികള്‍ സമരത്തില്‍ നിന്ന് വിട്ടുനിന്നതും വിവാദമായി. സ്ഥലം എംഎല്‍എ പുരുഷന്‍ കടലുണ്ടി ആദ്യഘട്ടങ്ങളില്‍ സ്ഥലം സന്ദര്‍ശിക്കുക പോലും ചെയ്തില്ല.
ബിജെപിയും യുവമോര്‍ച്ചയും സമരരംഗത്ത് ഉറച്ചു നിന്നത് സിപിഎമ്മിനെ വെട്ടിലാക്കി. സിപിഎം അണികള്‍ നാട്ടുകാര്‍ക്കൊപ്പം സംയുക്ത സമര സമിതിയുടെ കീഴില്‍ രംഗത്തിറങ്ങിയതോടെയാണ് സിപിഎം നേതൃത്വവും സമര രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരായത്. പ്രാദേശിക ജനവികാരം തിരിച്ചറിയണമെന്നും ഡെല്‍റ്റ ഗ്രൂപ്പിന് ലൈസന്‍സ് നല്‍കുകയാണെങ്കില്‍ രാജിവയ്‌ക്കേണ്ടിവരുമെന്നും നിലപാടെടുത്തതോടെയാണ് സിപിഎം നേതൃത്വം വിഷയത്തിലിടപെട്ടത്. തുടര്‍ന്നാണ് സംയുക്ത സമരസമിതിയുമായി ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ സമര രംഗത്തിറങ്ങിയിരിക്കുന്നത്.
17ന് ജില്ലാ ഏകജാലക ബോര്‍ഡ് യോഗം ചേരണമെന്ന അറിയിപ്പ് കൈപ്പറ്റാതിരിക്കാനാണ് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നത്. അറിയിപ്പ് സ്പീഡ് പോസ്റ്റ് മുഖേന അയച്ചതോടെ സ്ഥലത്തെ തപാല്‍ ഓഫീസും സമര സമിതിയുടെ നേതൃത്വത്തില്‍ ഉപരോധിക്കുകയാണ്. 17ന് ഏകജാലക ബോര്‍ഡ് യോഗം ചേരുകയാണെങ്കില്‍ ഡിആന്‍ഡ്ഒ ലൈസന്‍സ് നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടാകുമെന്നതിനാല്‍ അതൊഴിവാക്കാനാണ് ഉപരോധസമരം തുടരുന്നത്.
















