കാസര്‍കോട്: പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ പുതിയ പരാതി. ഇടത് അനുകൂലികളല്ലാത്ത പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ഇടതനുകൂലികളായ പോലീസിലെ ഉന്നതര്‍ മുക്കി. വിവാദമായതോടെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ച് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. കാസര്‍കോട്ടു നിന്നാണ് പരാതി ഉയര്‍ന്നത്. ഇതിനു പിന്നില്‍ പോലീസ് അസോസിയേഷനാണെന്നാണ് സൂചന. ജില്ലയിലാകെ 1500ഓളം പോലീസുകാരുടെ വോട്ടുകള്‍ മറിച്ചെന്നാണ് ആരോപണം.
ബേക്കല്‍ സ്റ്റേഷനിലെ യുഡിഎഫ് അനുകൂലികളായ 36 പോലീസുകാരുടെ വോട്ടവകാശമാണ് നിഷേധിച്ചത്. ഏപ്രില്‍ 12നാണ് ബേക്കല്‍ സ്റ്റേഷനിലെ 46 പോലീസുകാര്‍ പോസ്റ്റല്‍ ബാലറ്റിനായി സ്റ്റേഷന് റൈറ്റര്‍ക്ക് അപേക്ഷ നല്‍കിയത്. ഇതില്‍ എട്ടു പേര്‍ക്ക് മാത്രമേ ബാലറ്റ് ലഭിച്ചുട്ടുള്ളൂ. മറ്റുള്ളവരുടെ പോസ്റ്റല്‍ വോട്ടുകള്‍ പൂഴ്ത്തി. ഒരാഴ്ച മുമ്പ് ജില്ലാ കളക്ടറുടെ ഔദ്യോഗിക ഇ മെയിലിലേക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
ഇന്ന് വീണ്ടും കളക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കുമെന്ന് വോട്ടവകാശം നിഷേധിക്കപ്പെട്ട പോലീസുകാര്‍ വ്യക്തമാക്കി. കാസര്‍കോട് കണ്ട്രോള് റൂമില്‍ മൂന്ന് എഎസ്ഐമാര്‍ക്ക് വോട്ടവകാശം നിഷേധിച്ചു. മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, ആദൂര്‍, കാസര്‍കോട്, മേല്‍പ്പറമ്പ്, തളങ്കര കോസ്റ്റല്‍, ബേക്കല്‍, അമ്പലത്തറ, ഹൊസ്ദുര്‍ഗ്, രാജപുരം, നീലേശ്വരം, വെള്ളരിക്കുണ്ട്, ചീമേനി, ചന്തേര സ്റ്റേഷനുകളിലും കാസര്‍കോട് എആര്‍ ക്യാമ്പിലും നിരവധി പോലീസുകാര്‍ക്ക് വോട്ടവകാശം നിഷേധിച്ചുവെന്നും പരാതിയുണ്ട്. പോലീസ് അസോസിയേഷന് നേതാവാണ് എആര്‍ ക്യാമ്പില്‍ വോട്ട് മറിക്കാന്‍ കൂട്ടുനിന്നതെന്നാണ് സൂചന.
ആര്‍ഡി നഗര്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ഏപ്രില്‍ 27ന് എആര്‍ ക്യാമ്പിലെത്തിച്ച പോസ്റ്റല്‍ വോട്ട് കവറുകള്‍ മേല്‍വിലാസക്കാര്‍ സ്ഥലത്തില്ലാതിരുന്നിട്ടും ഡ്യൂട്ടി ഓഫീസറുടെ സീല്‍ പതിച്ച് കള്ളയൊപ്പിട്ട് പോസ്റ്റല്‍ കവറുകള്‍ കൈപ്പറ്റിയതായി വകുപ്പുതല അന്വേഷണത്തില്‍ വ്യക്തമായി. എല്‍ഡിഎഫ് അനുകൂലികളായവരുടെ വോട്ടുകള്‍ രേഖപ്പെടുത്തിയ കവര്‍ ഒട്ടിക്കാതെ നല്‍കണമെന്ന് എആര്‍ ക്യാമ്പ് റൈറ്റര്‍ നിര്‍ദേശിച്ചതായി പോലീസുകാര്‍ പറയുന്നു.
പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ വന്‍ അട്ടിമറികള്‍ നടന്നത് ജന്മഭൂമിയാണ് ആദ്യം പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് ഇത് വന്‍ വിവാദമാകുകയും അന്വേഷണം നടക്കുകയുമാണ്. അതിനു പിന്നാലെയാണ് പോസ്റ്റല്‍ ബാലറ്റുകള്‍ മുക്കിയ വിവരം പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: