ശാന്തമ്പാറ (ഇടുക്കി): ചിന്നക്കനാലിന് സമീപം ബധിരനും മൂകനുമായ യുവാവിനെ കാട്ടാനകള്‍ ചവിട്ടിക്കൊന്നു. മുന്നൂറ്റിയൊന്ന് വനവാസിക്കുടിയിലെ എസ്. കൃഷ്ണന്‍ (40) ആണ് കൊമ്പനാനകളുടെ ആക്രമണത്തില്‍ മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആണ് സംഭവം. വീടിന് സമീപത്തെ കൃഷിയിടത്തില്‍ ഇഞ്ചി നടുകയായിരുന്നു കൃഷ്ണന്‍. മറ്റാരും ഒപ്പമുണ്ടായിരുന്നില്ല. നാട്ടുകാര്‍ ചക്കക്കൊമ്പന്‍ എന്നും അരിക്കൊമ്പന്‍ എന്നും വിളിക്കുന്ന ആക്രമണകാരികളായ രണ്ട് കാട്ടുകൊമ്പന്മാര്‍ ഈ സമയം പിന്നിലൂടെ എത്തി കൃഷ്ണനെ ആക്രമിക്കുകയായിരുന്നു. തലയ്‌ക്ക് ചവിട്ടും തുമ്പിക്കൈയ്‌ക്ക് അടിയും ഏറ്റ ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ആനകളുടെ ചിന്നംവിളി കേട്ട് കുടിയിലെ മറ്റുള്ളവര്‍ എത്തിയപ്പോഴാണ് കൃഷ്ണന്‍ ആക്രമിക്കപ്പെട്ടത് അറിഞ്ഞത്. കൊലപ്പെടുത്തിയശേഷം ആനകള്‍ മാറാതെ നിന്നതിനാല്‍ ആളുകള്‍ക്ക് യുവാവിന്റെ അടുത്തേക്ക് ചെല്ലാനായില്ല. അടുക്കാന്‍ ശ്രമിച്ചവരെ ആനകള്‍ പിന്തുടര്‍ന്ന് ഓടിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ നാലരയോടെയാണ് ആനകളെ സമീപത്തെ കാട്ടിലേക്ക് തുരത്തിയത്.
ബധിരനായതിനാല്‍ ആനകള്‍ എത്തുന്നത് അറിയാനോ നിലവിളിച്ച് ശബ്ദം വയ്‌ക്കുന്നതിനോ ഇയാള്‍ക്ക് ആയില്ല. അവിവാഹിതനാണ്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍. ശാന്തമ്പാറ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
2018 ശേഷം 29 പേരാണ് മൂന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മാത്രം നാല് പേര്‍ മരിച്ചു. മേഖലയില്‍ കാട്ടാന ആക്രമണം പതിവായിട്ടും വനംവകുപ്പ് സത്വര നടപടികള്‍ എടുക്കുന്നില്ലെന്ന ആരോപണം ശക്തം.
















