ബെംഗളൂരു: ബെംഗളുരൂ മെട്രോയില്‍ പരിഭ്രാന്തി പരത്തിയ അറബ് വേഷധാരി പിടിയില്‍. രാജസ്ഥാനില്‍ നിന്നുള്ള സാജിദ് ഖാനാണ് (38) പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ബെംഗളൂരുവിലെ മജസ്റ്റിക് മെട്രോ സ്റ്റേഷനിലെ മെറ്റല്‍ ഡിറ്റക്ടര്‍ സാജിദ് ഖാന്‍ കടന്നതോടെ ബീപ് ശബ്ദം ഉണ്ടാക്കുകയായിരുന്നു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. യാത്രക്കാര്‍ക്കിടയില്‍ ഇത് ഏറെ പരിഭ്രാന്തി പരത്തിയിരുന്നു.
രാജ്യം ഭീകരാക്രമണങ്ങളുടെ ഭീഷണി നേരിടുന്നതിനാല്‍ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരും അതീവ ജാഗരൂകരായി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി സാജിദ് ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ ഇയാളെ ചോദ്യം ചെയ്തതോടെയാണ് യഥാര്‍ത്ഥ സ്ഥി പുറത്തുവരുന്നത്. സാജിദ് ജീവിതത്തില്‍ ആദ്യമായാണ് ഒരു മെട്രോ സ്റ്റേഷന്‍ കാണുന്നത്. മജസ്റ്റിക് മെട്രോ സ്‌റ്റേഷന്റെ കിഴക്കേ കവാടത്തിലൂടെ അകത്തുകടന്ന ഖാന്‍ മെറ്റല്‍ ഡിറ്റക്ടറില്‍ കയറിയതും ഉച്ചത്തില്‍ ബീപ് ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. അരയിലെ മന്ത്രത്തകിടായിരുന്നു ബീപ് ശബ്ദത്തിനു കാരണം. ഇതുമനസ്സിലാകാതെ പേടിച്ചരണ്ട സാജിദ് ഖാന്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്റെ സത്യവസ്ഥ മനസിലായതോടെ ഇയാളെ പൊലീസ് വെറുതെ വിട്ടു. എന്നാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്ത് സമൂഹത്തില്‍ ഭീതി സൃഷ്ടിച്ചവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
















