ലണ്ടന്‍: ചോരാത്ത കൈകളാല്‍ ഗോള്‍കീപ്പര്‍ കെപ്പ അറിസാബലാഗ ചെല്‍സിയെ യൂറോപ്പ ലീഗിന്റെ ഫൈനലിലേക്ക് ഉയര്‍ത്തിവിട്ടു. നാടകീയമായ ഷൂട്ടൗട്ടില്‍ ജര്‍മന്‍ ടീമായ എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിന്റെ രണ്ട് ഷോട്ടുകള്‍ രക്ഷപ്പെടുത്തിയാണ് കെപ്പ ചെല്‍സിക്ക് ഫൈനല്‍ സമ്മാനിച്ചത്. രണ്ടാം പാദ സെമിഫൈനല്‍ മത്സരവും സമനിലയായതോടെയാണ് (1-1) ടൈബ്രേക്കറില്‍ വിജയികളെ നിശ്ചയിച്ചത്.
മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ചെല്‍സി വിജയം നേടിയത്. ആദ്യ പാദ സെമിയും സമനിലയില്‍ (1-1) പിരിഞ്ഞിരുന്നു.
ഷൂട്ടൗട്ടില്‍ ചെല്‍സിതാരം സീസര്‍ അസ്പിലിക്യൂറ്റയുടെ ഷോട്ട് ഫ്രാങ്ക്ഫര്‍ട്ട് ഗോളി കെവിന്‍ ട്രാപ്പ് രക്ഷപ്പെടുത്തി. തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് താരങ്ങളായ മാര്‍ട്ടിന്റെയും ഗോണ്‍കാലോവയുടെയും കിക്കുകള്‍ രക്ഷപ്പെടുത്തി കെപ ചെല്‍സിക്ക് മുന്‍ തൂക്കം നല്‍കി. നിര്‍ണായകമായ സ്‌പോട്കിക്ക് ഫ്രാങ്ക്ഫര്‍ട്ടിന്റെ വലയിലേക്ക് അടിച്ചുകയറ്റി ഏദന്‍ ഹസാര്‍ഡ് ചെല്‍സിയെ ഫൈനലിലേക്ക് പറത്തിവിട്ടു.
കെപ്പയ്‌ക്ക് ഈ വിജയം മധുരമേറിയതായി. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ലീഗ് കപ്പ് ഫൈനലിന്റെ ഷൂട്ടൗട്ടില്‍ കെപ്പയെ മാറ്റാന്‍ കോച്ച്് ശ്രമിച്ചു. പക്ഷെ കെപ്പ മാറാന്‍ തയ്യാറായില്ല. ഷൂട്ടൗട്ടില്‍ സിറ്റി വിജയിക്കുകയും ചെയ്തു. ഇതിന് കെപ്പ ഏറെ പഴികേട്ടിരുന്നു.
പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സി ഈ മാസം 29 ന് ബാക്കുവില്‍ നടക്കുന്ന ഫൈനലില്‍ മറ്റൊരു പ്രീമിയര്‍ ലീഗ് ടീമായ ആഴ്‌സണലിനെ നേരിടും. സ്പാനിഷ് ടീമായ വലന്‍സിയയെ തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ ഫൈനലിലെത്തിയത്.
ഇത് ആറാം തവണയാണ് ചെല്‍സി യൂറോപ്പ ലീഗിന്റെ ഫൈനലിലെത്തുന്നത്. 2013 ലാണ് അവസാനമായി അവര്‍ ഫൈനല്‍ കളിച്ചത്. അന്ന് കിരീടവും സ്വന്തമാക്കി.
തുടക്കത്തില്‍ തകര്‍ത്തുകളിച്ച ചെല്‍സി പതിനൊന്നാം മിനിറ്റില്‍ പെനാല്‍റ്റി ലഭിക്കേണ്ടതായിരുന്നു. ബോക്‌സിന് അകത്ത് വച്ച് ചെല്‍സിയുടെ ലോഫ്റ്റ്‌സ് ചീക്കിനെ ഫ്രാങ്ക്ഫര്‍ട്ടിന്റെ ഡാനി ഡി കോസ്റ്റ ഫൗള്‍ ചെയ്തു. ചെല്‍സി താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും റഫറി ഇത് പരിഗണിച്ചില്ല. 28-ാം മിനിറ്റില്‍ ലോഫ്റ്റ്‌സ് ചീക്ക് ചെല്‍സിയെ മുന്നിലെത്തിച്ചു.
ഏദന്‍ ഹസാര്‍ഡ് നല്‍കിയ പാസ് ലോഫ്റ്റ്‌സ് ഗോളാക്കുകയായിരുന്നു. പക്ഷെ രണ്ടാം പകുതിയില്‍ ഫ്രാങ്ക്ഫര്‍ട്ട് ഗോള്‍ മടക്കി. ജോവിക്കാണ് ഗോള്‍ അടിച്ചത്. പിന്നീട് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. എക്‌സ്ട്രാ ടൈമിലും സമനിലപാലിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ വിജയികളെ നിശ്ചയിച്ചത്.
















