വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഫീല്‍ഡിങ്ങ് തടസ്സപ്പെടുത്തിയതിന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനായി ദല്‍ഹി ക്യാപിറ്റല്‍സിന്റെ അമിത് മിശ്ര. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ മത്സരത്തിലാണ് മിശ്രയെ പുറത്താക്കിയത്.
ആവേശകരമായ മത്സരത്തിന്റെ അവസാന ഓവറിലാണ് സംഭവം. അവസാന മൂന്നു പന്തില്‍ ദല്‍ഹിക്ക് ജയിക്കാന്‍ രണ്ട് റണ്‍സ് വേണം. ഖലീല്‍ അഹമ്മദ് എറിഞ്ഞ നാലാം പന്ത് കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മിശ്ര റണ്‍സിനായി ഓടി. പക്ഷെ റണ്‍സ് ഓടിയെടുക്കാനാകില്ലെന്ന് മനസിലാക്കിയ മിശ്ര ഇടയ്‌ക്ക് വച്ച് തിരിച്ചോടി. പന്ത്് പിടിച്ചെടുത്ത അഹമ്മദ് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ സ്റ്റമ്പ് ലക്ഷ്യമാക്കി എറിഞ്ഞു. ത്രോ മിശ്രയുടെ വലതു കൈയിലാണ് കൊണ്ടത്.
തുടര്‍ന്ന് ഹൈദരാബാദ് താരങ്ങള്‍ അപ്പീല്‍ ചെയ്തു. വീഡിയോ ക്ലിപ്പിങ്ങ് പരിശോധിച്ച അമ്പയര്‍ മിശ്രയെ പുറത്താക്കി.
മിശ്ര പുറത്തായെങ്കിലും ഹൈദരാബാദിന് ദല്‍ഹിയുടെ വിജയം തടയാനായില്ല. അവസാന ഓവറിലെ അഞ്ചാം പന്ത് അതിര്‍ത്തികടത്തി കീമോ പോള്‍ ദല്‍ഹിക്ക് വിജയം സമ്മാനിച്ചു.
ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഫീല്‍ഡിങ്ങില്‍ തടസ്സമുണ്ടാക്കിയതിന് പുറത്താക്കപ്പെട്ട ആദ്യ ബാറ്റ്‌സ്മാന്‍ യൂസഫ് പഠാനാണ്. 2013ല്‍ പൂനെ വോറിയേഴ്‌സിനെതിരായ മത്സരത്തിലാണ് പഠാന്‍ ഇത്തരത്തില്‍ പുറത്തായത്.
















