തിരുവനന്തപുരം: യുകെയിലെ പ്രമുഖ സ്ഥാപനങ്ങളായ കിങ്സ് കോളജ് ലണ്ടന്‍, ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വെ എന്നിവയുമായി വിദ്യാഭ്യാസ-ഗവേഷണ പരിപാടികള്‍ക്കായി അമൃത വിശ്വ വിദ്യാപീഠം ധാരണാപത്രം ഒപ്പുവച്ചു. മണ്ണിടിച്ചില്‍ മുന്നറിയിപ്പ് നില്‍കുന്നതിനുള്ള സംവിധാനം, വിവിധ അപകടകരമായ സാഹചര്യങ്ങള്‍, ഭൂമി നേരിടുന്ന വെല്ലുവിളികള്‍, ദുരന്ത ബാധിത സമൂഹത്തെ പൂര്‍വസ്ഥിതിയില്‍ എത്തിക്കുക തുടങ്ങിയ കാര്യങ്ങളില്‍ നടത്തിവരുന്ന ഗവേഷണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ധാരണാപത്രം.
രണ്ട് സര്‍വകലാശാലകളിലും നിലവിലുള്ള ഏത് അക്കാദമിക് വിഭാഗത്തിലെയും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും എക്സ്ചേഞ്ച് പദ്ധതിയില്‍ പങ്കെടുക്കുന്നതിനും പഠിക്കുന്ന കോഴ്സിന്റെ ഒരുഭാഗം വിദേശ യൂണിവേഴ്സിറ്റിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ട്വിന്നിങ് അറേഞ്ച്മെന്റുകള്‍ക്കും സാധ്യതകള്‍ തുറന്നു കൊടുക്കുന്നതാണ് പുതിയ ധാരണാപത്രം. ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വെയുമായുള്ള ധാരണാപത്രം അനുസരിച്ച് എര്‍ത്ത് സയന്‍സ്, മിനറല്‍ പ്രോസ്പെക്ടിങ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നിവയില്‍ പുതിയ കാര്യങ്ങള്‍ വികസിപ്പിക്കാനാകും. ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വെയുമായി ധാരണാപത്രം ഒപ്പുവയ്‌ക്കുന്ന ഇന്ത്യയിലെ ആദ്യ സര്‍വകലാശാലയാണ് അമൃത.
അമൃതയിലെ ഗവേഷണ പഠനങ്ങളുടെ ഗുണമേന്മയും അക്കാദമിക് രംഗവും മികവുറ്റതാക്കുന്നതിന് ഈ പുതിയ അന്താരാഷ്‌ട്ര പങ്കാളിത്തങ്ങള്‍ വഴിതുറക്കുമെന്ന് അമൃത വിശ്വവിദ്യാപീഠത്തിലെ ഇന്റര്‍നാഷണല്‍ പ്രോഗ്രാംസ് ഡീന്‍ ഡോ. മനീഷ വി. രമേഷ് പറഞ്ഞു. യുകെയിലെ പ്രമുഖ സ്ഥാപനങ്ങളുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞുവെന്നത് വിശ്വവിദ്യാപീഠത്തിന് അഭിമാന മുഹൂര്‍ത്തമാണെന്ന് അമൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. വെങ്കട് രംഗന്‍ പറഞ്ഞു.
















