ഏപ്രില്‍ രണ്ടിന് എഐസിസി ആസ്ഥാനത്ത് രാഹുല്‍ഗാന്ധി പുറത്തിറക്കിയ കോണ്‍ഗ്രസ് പ്രകടന പത്രിക കണ്ട് ആശങ്കപ്പെട്ടവര്‍ നിരവധിയാണ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നുള്ള വലിയ മലക്കം മറിച്ചിലായിരുന്നു പത്രികയിലെ വാഗ്ദാനങ്ങളോരോന്നും. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്കിയ, ദേശസ്നേഹികള്‍ ജീവരക്തം നല്കി വളര്‍ത്തിയ, സ്വതന്ത്രഭാരതത്തില്‍ ആറുപതിറ്റാണ്ടിലേറെ രാജ്യഭരണം നിര്‍വഹിച്ച കോണ്‍ഗ്രസ്, രാജ്യസുരക്ഷയെ ഇത്തരത്തില്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞു കളയുമെന്ന് കോണ്‍ഗ്രസുകാര്‍പോലും കരുതിയിട്ടുണ്ടാവില്ല. അത്രയ്ക്ക് രാജ്യവിരുദ്ധവും ഭീകരതയ്ക്ക് വളംവെയ്ക്കുന്നതുമായിരുന്നു പ്രകടനപത്രിക. കോ ണ്‍ഗ്രസിന് ഇതെന്തുപറ്റിയെന്ന് ആശങ്കപ്പെട്ടര് നിരവധിയാണ്. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണങ്ങള്‍ ചെന്നെത്തിയത് സന്ദീപ്സിങ് എന്ന രാഹുല്‍ഗാന്ധിയുടെ പുതിയ രാഷ്ട്രീയ ഉപദേശകനിലേക്കാണ്. കമ്യൂണിസ്റ്റ് മാര്‍ക്സിസിറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) യുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് (ഐസ) ദേശീയ നേതാവായിരുന്ന, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് ചെയര്‍മാനായിരുന്ന അതേ സന്ദീപ് സിങ് തന്നെ. അലഹബാദ് സര്‍വ്വകലാശാലയിലും പിന്നീട് ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും വിഘടനവാദ ആശയങ്ങള്‍ക്ക് കുടപിടിക്കുകയും ചെയ്ത ദുരൂഹതകളേറെയുള്ള വ്യക്തിയാണ് സന്ദീപ്സിങ്. ഏതാണ്ട് 2017 മുതലാണ് ഇദ്ദേഹം രാഹുല്‍ഗാന്ധിയുടെ ഒപ്പം കൂടിയതെന്നാണ് ദല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെ ജീവനക്കാര്‍ സമ്മതിക്കുന്നത്. എന്തായാലും രണ്ടുമൂന്നു വര്‍ഷങ്ങളായി രാഹുല്ഗാന്ധിക്കൊപ്പമുള്ളവര് മുഴുവനും ഇടത് ആഭിമുഖ്യമുള്ളവരാണെന്ന് കോണ്‍ഗ്രസ് നേതൃത്വവും സമ്മതിക്കുന്നു. കുറച്ചു നാളുകളായി രാഹുല്‍ ഇടപെട്ട രാഷ്ട്രീയവിഷയങ്ങളും സ്വീകരിച്ച നിലപാടുകളും നോക്കിയാല്‍ ഈ ഇടതുസ്വാധീനം വ്യക്തം.
ഉത്തര്‍പ്രദേശിലെ പ്രാതാഗഡ് കാരനാണ് സന്ദീപ് സിങ്. അലഹബാദ് സര്‍വ്വകലാശാലയിലെ ബിരുദ പഠനകാലത്താണ് തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ സജീവ പ്രവര്‍ത്തകനാകുന്നത്. ബിരുദാനന്തര ബിരുദപഠനം ജെഎന്‍യുവില്‍ ആയതോടെ ഐസയുടെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ഒന്നാം യുപിഎഭരണകാലത്ത് മന്‍മോഹന്‍സിങ് സര്‍ക്കാരിനെതിരെ ജെഎന്‍യു കേന്ദ്രീകരിച്ച് ദല്‍ഹിയില്‍ നടന്ന സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ച സന്ദീപ്സിങ് പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം എങ്ങനെ രാഹുല്‍ ടീമില്‍ കടന്നുകയറി എന്നറിയണമെങ്കില്‍ രാഹുല്‍ഗാന്ധിയും സീതാറാം യെച്ചൂരിയും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി പരിശോധിക്കേണ്ടിവരും. രാഹുല്‍ഗാന്ധിയുടെ ഇടതാഭിമുഖ്യത്തിന് തുടക്കമിട്ടവരില്‍ പ്രമുഖര്‍ രാഹുലിന്റെ ഉപദേശകനായ തിരുവനന്തപുരം സ്വദേശി മോഹന്‍ ഗോപാല്‍, സിവില്‍ സര്‍വ്വീസ് പശ്ചാത്തലമുള്ള രാജീവ് തുടങ്ങിയവരാണ്. മോദിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ സമരവേദിയില്‍, താങ്കളേക്കാള്‍ വലിയ കമ്യൂണിസ്റ്റുകാരനാണ് ഞാന്‍ എന്ന് രാഹുല്‍ഗാന്ധി സീതാറാം യെച്ചൂരിയോട് പറഞ്ഞതായി ചില കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തുന്നുണ്ട്. രാഹുല്‍ഗാന്ധിയെ ഉപയോഗിച്ച് ഇടതുപക്ഷരാഷ്ട്രീയം കളിക്കാനുള്ള സാധ്യതകള്‍ യെച്ചൂരിയും തീവ്ര ഇടതുസംഘടനകളും സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഇത്തരത്തില്‍ ഇവരുടെ കയ്യിലെ ഉപകരണമായി മാറിയതില്‍ ആശങ്ക പ്രകടിപ്പിക്കുന്ന വലിയ വിഭാഗം കോണ്‍ഗ്രസ് നേതാക്കളുണ്ട്. എന്നാല്‍ നിലവിലെ ഉപദേശകരിലുള്ള രാഹുലിന്റെ ഗാഢമായ വിശ്വാസം കോണ്‍ഗ്രസ് നേതാക്കളുടെ ആശങ്കകള്‍ ശക്തമാക്കുന്നു. സന്ദീപ് സിങിന്റെ രാഹുല്‍ ബന്ധത്തിനെതിരെ എന്‍എസ്്യു ദേശീയ ജനറല്‍ സെക്രട്ടറി പാര്‍ട്ടിയോട് പരാതിപ്പെട്ടെങ്കിലും ആരും ഗൗനിച്ചില്ല. ജെഎന്‍യുവിലെ എന്എസ്യു സംഘടന മുഴുവന്‍ സന്ദീപ് സിങ് ഇല്ലാതാക്കിയെന്നായിരുന്നു പരാതി.
അമേഠിയില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് ആളെക്കിട്ടാതെ വിഷമിച്ച കോണ്‍ഗ്രസിന് പ്രവര്‍ത്തകരെ വിതരണം ചെയ്തത് ഇത്തവണ ഐസയാണ്. അലഹബാദ് സര്‍വ്വകലാശാലയിലെ ഐസ പ്രവര്‍ത്തകരാണ് രാഹുലിന്റെ അമേഠി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചത്. പ്രിയങ്ക ഗാന്ധിക്കൊപ്പം അമേഠി, റായ്ബറേലി പ്രവര്‍ത്തനങ്ങളെയും നിയന്ത്രിച്ചത് ഐസയാണ്. രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന നിരവധി പ്രഖ്യാപനങ്ങളുമായാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സൈനികാവകാശ നിയമമായ അഫ്സ്പ ഭേദഗതി ചെയ്യുമെന്നും ദേശീയ സുരക്ഷാ കൗണ്‍സിലിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും പാര്‍ലമെന്റ് സമിതികളുടെ കീഴിലാക്കുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നുണ്ട്.
രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 124 എ സെക്ഷന്‍ പൂര്‍ണ്ണമായും റദ്ദാക്കാനുള്ള പ്രകടനപത്രികയിലെ വാഗ്ദാനം ഭീകരരെയും രാജ്യദ്രോഹികളെയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്ന് വ്യക്തം. ഇതിന് പുറമേ കശ്മീര്‍ താഴ്വരയിലെ സായുധസൈനിക സാന്നിധ്യം കുറയ്ക്കുമെന്നും ക്രിമിനല്‍ പ്രൊസീജര്‍ കോഡിലെ ജാമ്യവ്യവസ്ഥകള്‍ ലളിതമാക്കി ഭേദഗതി ചെയ്യുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സിപിസി ഭേദഗതി ഭീകരകേസുകളിലെ പ്രതികള്‍ക്ക് വേഗത്തില്‍ പുറത്തിറങ്ങാനുള്ള വഴിതുറക്കലാണ്. വിചാരണ തടവുകാര്‍ക്ക് വേഗത്തില്‍ ജാമ്യം നല്‍കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം വിചാരണകള്‍ അനന്തമായി നീളുന്ന ഭീകരവാദ, മാവോയിസ്റ്റ് കേസുകളിലെ പ്രതികള്‍ക്ക് സഹായകരമാകും.
വിചാരണ കൂടാതെ പ്രതികളെ തടവില്‍ പാര്‍പ്പിക്കാനുള്ള നിയമവ്യവസ്ഥകളും റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നുണ്ട്. ഐസ അടക്കമുള്ള വിഘടനവാദ വിദ്യാര്‍ത്ഥി സംഘടനകളുടേയും മാവോയിസ്റ്റ് സംഘടനകളുടേയും അതേനിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അതിന് പിന്നില്‍ സന്ദീപ് സിങും കൂട്ടരുമാണ്. രാഹുല്‍ഗാന്ധിയുടെ കമ്യൂണിസ്റ്റ് ബന്ധങ്ങള്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കുമെന്ന ആശങ്കയിലാണ് മറ്റു ദേശീയനേതാക്കള്‍. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് വഴിവെയ്ക്കുന്ന പ്രധാനവിഷയം ഇതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: