ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രക്രിയയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തുടര്‍ച്ചയായി നടത്തുന്ന ശ്രമങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ വീണ്ടും തിരിച്ചടി. അമ്പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ പുനപ്പരിശോധനാ ഹര്‍ജി പരിഗണിച്ച് ഉടന്‍ കോടതി തള്ളുകയായിരുന്നു. മുന്‍ ഉത്തരവ് പുനപ്പരിശോധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വെറും ഒന്നര മിനിറ്റിലാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം കോടതി തള്ളിയത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രീയ പ്രചാരണത്തിനെത്തുന്ന പോലെ സുപ്രീംകോടതിയില്‍ നാടകീയത സൃഷ്ടിച്ചു ഹാജരായിരുന്നു. എന്നാല്‍, പുനപ്പരിശോധനാ ഹര്‍ജി പരിഗണനാര്‍ഹമല്ലെന്ന് കോടതി വ്യക്തമാക്കിയതോടെ പ്രതിപക്ഷ നേതാക്കളുടെ രാഷ്ട്രീയ പ്രചാരണ നീക്കം പൊളിഞ്ഞു.
ഇതോടെ വിവിപാറ്റുകള്‍ 25 ശതമാനമോ 33 ശതമാനമോ എങ്കിലും എണ്ണണമെന്ന പുതിയ ആവശ്യം കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഭാഷകന് മനു അഭിഷേക് സിങ്വി മുന്നോട്ടു വെച്ചു. എന്നാല്‍, ഇത്തരം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ കോടതി തയാറായില്ല.
അമ്പതു ശതമാനം വിവിപാറ്റുകള്‍ എണ്ണണം എന്ന ആവശ്യവുമായി 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈയാവശ്യം തള്ളിക്കളഞ്ഞ കോടതി ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ചുവീതം വിവിപാറ്റുകള്‍ എണ്ണിയാല്‍ മതിയെന്ന ഉത്തരവാണിട്ടത്. ഇതിനെതിരായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: