ഭീകരവാദം അതിന്റെ ഏറ്റവും ഭീതിജനകമായ മുഖവുമായി ശ്രീലങ്കയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്ത്തന്നെ നടുങ്ങിയ കേരളം ഈയിടെ കേള്‍ക്കുന്ന വാര്‍ത്തകള്‍ അതിന്റെ ആഴം ഏറെക്കൂട്ടുന്ന തരത്തിലാണ്. കേരളത്തില്‍ പൊട്ടാനിരുന്നതാണ് ലങ്കയില്‍ പോയി പൊട്ടിയതെന്നു വേണമെങ്കില്‍ പറയാം. ഇവിടത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ചാവേര്‍ ആക്രമണത്തിനുള്ള സജ്ജീകരണങ്ങള്‍ മിക്കവാറും പൂര്ത്തിയായിരുന്നതായാണ് സൂചന. അതിനു നിയോഗിക്കപ്പെട്ടിരുന്ന റിയാസ് അബൂബക്കര്‍ എന്ന ഐഎസ് ഏജന്റില്‍ നിന്നു കിട്ടിയ വിവരങ്ങളായതിനാല്‍ അവ ആധികാരകമാവാതെ തരമില്ല. കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണവും കരുതലും അത്ര ശക്തമായതുകൊണ്ടു മാത്രമാണ് പദ്ധതി നടപ്പാക്കാന്‍ ഭീകരര്‍ക്കു പഴുതുകിട്ടാതെ പോയത്. അതുകൊണ്ടു കേരളം പതിവുപോലെ ഇന്നും തുടരുന്നു.
കേരളത്തില്‍ കാണാമറയത്തു ഭീകരന്മാര് സുരക്ഷിതതമായി വിലസുന്നതായാണ് എന്‍ഐഎ നല്കുന്ന വിവരം. ഏതുസമയത്തും പ്രവര്ത്തനസജ്ജമാകാവുന്ന സ്ലീപ്പിങ് സെല്ലുകളും അവര്‍ക്കുള്ള ഒളിത്താവളങ്ങളും ഇവിടെയുണ്ട്. പക്ഷേ, ഈ പുകിലൊന്നും ഇവിടത്തെ ഭരണകര്‍ത്താക്കള്‍ എന്നു പറയുന്ന മന്ത്രിമാര്‍ അറിയാതിരിക്കുകയോ അറിഞ്ഞിട്ടും ഗൗരവത്തിലെടുക്കാതിരിക്കുകയോ ചെയ്തു എന്നതാണ് സമൂഹത്തെ നടുക്കുന്ന മറ്റൊരു കാര്യം. കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തി വിദേശപര്യടനത്തിനു പോകുന്നൊരു മുഖ്യമന്ത്രിയാണു നമുക്കുള്ളത്. പത്തു ദിവസത്തെ യൂറോപ്യന്‍ പര്യടത്തിനായി പിണറായി വിജയനും പരിവാരങ്ങളും ഉടന്‍ വിമാനം കയറും. റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയുടെ കഥ കേട്ടിട്ടുണ്ട്. ഇവിടെ സമൂഹത്തിന്റെ മനസ്സാണു കത്തുന്നത്. മുഖ്യന്റെ പോക്ക് വീണവായിക്കാനാണോ അവധിയാഘോഷത്തിനാണോ എന്നറിയില്ല.
ഭീകരസംഘടനകളുടെ കൈ കേരളത്തിലേയ്ക്കു നീളുന്നതായി വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവരം കിട്ടിയിട്ടും ഉറക്കം നടിച്ച സര്‍ക്കാരിന് ഇപ്പോഴും അവരെക്കുറിച്ചു മിണ്ടാനോ ആ വസ്തുത അംഗീകരിക്കാനോ മടിയാണ്. അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി. വോട്ടു കിട്ടുമെങ്കില്‍ അവര്‍ എന്തും ചെയ്തുകൊള്ളട്ടെ എന്ന നിലപാടിലാണവര്‍. ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) എന്ന അന്താരാഷ്ട്ര ഇസ്ലാം ഭീകരസംഘടനയിലേയ്ക്ക് ആളെക്കൂട്ടുന്ന റിക്രൂട്ടിങ് മേഖലയായി കേരളം മാറുന്നതായ വാര്‍ത്തയും പുതിയതല്ല. ഇപ്പോള്‍ ഐഎസിന്റെ പരിശീലനകേന്ദ്രവും ഗൂഢാലോചനാ കേന്ദ്രവുമായി ഈ നാടു മാറിയിരിക്കുന്നു എന്നാണ് അവസാനത്തെ വിവരം. കേരളത്തില്‍ ചിതറിക്കിടക്കുന്ന ഭീകര സംഘടനാ ഗ്രൂപ്പുകളെ പാക്കിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന നിലവരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍.
പ്രളയജലത്തില്‍ കിടന്നു കേരള ജനത കൈകാലിട്ടടിച്ചപ്പോള്‍ ഇതേ സര്‍ക്കാര്‍ കാണിച്ച നിസ്സംഗത നാടു കണ്ടതാണ്. സര്‍ക്കാര്‍ സ്വയം സൃഷ്ടിച്ച പ്രളയത്തില്‍ നിന്നു നാടിനെ രക്ഷിക്കാന്‍ മല്‍സ്യബന്ധന സമൂഹവും സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകളും സ്വയമേവ മുന്നോട്ടുവരേണ്ടിവന്നു. കിട്ടിയ അവസരം സൈന്യത്തേയും കേന്ദ്രത്തേയും പഴി പറയാന്‍ ഉപയോഗിക്കുന്നതിനും ദുരന്തത്തിന്റെ പേരില്‍ പണം വിലപേശി വാങ്ങാനും ഉപയോഗപ്പെടുത്തിയ ഭരണ സംവിധാനത്തില്‍ നിന്ന് ഉത്തരവാദപ്പെട്ട സമീപനം ആരും പ്രതീക്ഷിക്കുന്നില്ല. ദുരന്തം മുന്നില്‍ക്കണ്ട് പത്തുലക്ഷത്തിലേറെപ്പേരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ച് മരണസംഖ്യ കുറച്ച ഒറീസ്സയിലെ ഭരണാധികാരികളുടെ നടപടി കാണുമ്പോള്‍, താരതമ്യം ചെയ്തുപോയാല്‍ ആരേയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വിധിച്ചതല്ലേ നമുക്ക് അനുഭവിക്കാന്‍ യോഗമുള്ളു.
പക്ഷേ, ഈ പോക്ക് അപകടമാണ്. ഭീകരതയ്ക്കു മുന്നില്‍ നിസ്സംഗത ആയുധമാവില്ല. തുറന്ന കണ്ണുകളും കാതുകളുമായി കേരളത്തെ നിരീക്ഷിക്കുന്ന ദേശീയ സുരക്ഷാ ഏജന്‍സിയുമായി സഹകരിക്കാനുള്ള സന്മനസ്സെങ്കിലും കേരളം ഭരിക്കുന്നവരില്‍ നിന്ന് ഉണ്ടായേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: