ഡോ.സുബ്രഹ്മണ്യന് സ്വാമി യുദ്ധത്തിനിറങ്ങിയാല്‍ അങ്ങിനെയാണ്. ഉറപ്പുള്ള വിഷയങ്ങളില്‍ വീഴ്ചയില്ലാത്ത രേഖകള്‍ നിരത്തി അദ്ദേഹം നടത്തുന്ന നിയമ പോരാട്ടങ്ങളിലും എടുക്കുന്ന നിലപാടുകളിലും പൊതുസമൂഹം സത്യം കണ്ടെത്തുന്നു. പൗരത്വം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സോണിയാഗാന്ധിയോടും മക്കളോടും ഡോ. സ്വാമി ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം ഉയര്‍ത്തിക്കൊണ്ടുവന്ന് പുതിയ മൗലിക ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. അതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളന്, കള്ളന് എന്നു വിളിച്ചു പുതിയ കുരുക്കില്‍ ചെന്നുപെട്ടത്. യഥാര്‍ഥ കള്ളന് നിന്റെ അച്ഛന് തന്നെയാണെന്നു മോദി തിരിച്ചടിച്ചപ്പോള്‍ രാഹുലിനും കോണ്‍ഗ്രസ്സിലെ എറാന്‍മൂളികള്‍ക്കും കൊണ്ടു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 9 നിഷ്കര്‍ഷിക്കുന്നത് ഇവിടെ ഇരട്ട പൗരത്വം അനുവദിക്കുന്നില്ലെന്നാണ്, മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടുള്ളവര്‍ക്ക് ഭാരതത്തില്‍ പൗരത്വം അനുവദിച്ചിട്ടില്ല. രാഹുലും പ്രിയങ്കയും ജനിക്കുമ്പോള്‍ അമ്മ സോണിയ ഇറ്റാലിയന്‍ പൗരത്വം അഭിമാനപൂര്‍വ്വം കൊണ്ടുനടക്കുകയായിരുന്നു. ഇറ്റാലിയന്‍ നിയമം അനുസരിച്ച് അമ്മയ്ക്ക് ഇറ്റാലിയന്‍ പൗരത്വം ഉണ്ടെങ്കില്‍ മക്കളെവിടെ ജനിച്ചാലും അവര്‍ക്ക് ഇറ്റാലിയന്‍ പൗരത്വം ലഭിക്കും. ആ സൗകര്യം ഉപയോഗിച്ചു സോണിയ, പ്രിയങ്കയുടെയും രാഹുലിന്റെയും ജനനസമയങ്ങളില് ഇറ്റാലിയന്‍ പൗരത്വത്തിന് അപേക്ഷിക്കുകയും അതു ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നത് പൊതുസമൂഹം അറിഞ്ഞതാണ്. അതിനെ നിഷേധിച്ചുകൊണ്ടുള്ള ഫലപ്രദമായ ഒരു കുറിപ്പു പോലും സോണിയയും മക്കളും ഇറക്കിയിട്ടുമില്ല. അവര്‍ക്കെല്ലാം ഇറ്റാലിയന്‍ പാസ്പോര്‍ട്ടു ലഭിച്ചിട്ടുണ്ടെന്ന വസ്തുതയും വിശ്വസനീയമായി നിലനില്ക്കുന്നു. അതേസമയത്തുതന്നെ സ്വാഭാവിക താല്പര്യങ്ങള് കാരണം ഇറ്റാലിയന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കാത്തതുകൊണ്ട് ആ വിഷയങ്ങളില്‍ കോടതിയെ സമീപിക്കുന്നതിന് പരിമിതികള്‍ നിലനില്ക്കുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് 2017ല്‍ രാഹുലുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് പരത്വത്തിന്റെ രേഖകള്‍ ഇംഗ്ലണ്ടില്‍ നിന്നു ഡോ. സുബ്രഹ്മണ്യന് സ്വാമിക്കു ലഭിക്കുന്നത്. 2004ല്‍ ബ്രിട്ടനില്‍ ബാക്കോപ്പ് എന്ന പേരില്‍ ഒരു കമ്പനി സ്ഥാപിക്കാന്‍ വേണ്ടി സമര്‍പ്പിച്ച രേഖകളില്‍ താനൊരു ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ ഗാന്ധി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് സ്പഷ്ടമാക്കുന്ന ആധികാരിക തെളിവുകള്‍ ഡോ. സ്വാമി കണ്ടെത്തി. മാത്രമല്ല കമ്പനിക്കുവേണ്ടി 65 ശതമാനം വരെ ഓഹരികള്‍ കൈവശം വച്ചിരിക്കുകയും കമ്പനിയുടെ സെക്രട്രറിയായും ഡയറക്ടറായും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന രാഹുല്‍ തുടര്‍വര്‍ഷങ്ങളില്‍ സമര്‍പ്പിച്ചിട്ടുള്ള ആ രാജ്യത്തെ നിയമപ്രകാരമുള്ള റിട്ടേണുകളിലും 2009ല്‍ കമ്പനി ഇല്ലാതാക്കുന്നതിനു സമര്‍പ്പിച്ച അപേക്ഷയിലും താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് എഴുതി ഒപ്പിട്ടു നല്കിയിട്ടുണ്ടെന്നതിനുള്ള രേഖാമൂലമുള്ള തെളിവുകളും സ്വാമിയുടെ ആവനാഴിയിലെത്തിക്കഴിഞ്ഞു. രാഹുലിന്റെ ഉറക്കം കെടുത്തുന്ന വെല്ലുവിളികള്‍ ഉയരുകയും ചെയ്തു.
രാഹുല്‍ ബ്രിട്ടീഷ് പൗരത്വം അവകാശപ്പെട്ടതായി അങ്ങനെ സംശയാതീതമായി വെളിപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഭാരത പൗരത്വം സംശയത്തിന്റെ കരിനിഴലിലായി. വിചിത്രമാണ് ഇക്കാര്യത്തില്‍ രാഹുല്‍ പക്ഷം ഉയര്‍ത്തുന്ന പ്രതിരോധങ്ങള്‍! പ്രിയങ്ക പറഞ്ഞത് രാഹുല്‍ ഇവിടെയാണ് ജനിച്ചതെന്ന് ആര്‍ക്കാണറിയാന്‍ പാടില്ലാത്തതെന്നാണ്. അക്കാര്യത്തില്‍ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. അറിയേണ്ടത് ഇത്രമാത്രം; രാഹുല്‍ ബ്രിട്ടീഷ് അധികാരികളുടെ മുമ്പില്‍ അവകാശപ്പെട്ട ബ്രിട്ടീഷ് പൗരത്വം അദ്ദേഹത്തിനുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ ഇന്ത്യന്‍ ഭരണഘടനപ്രകാരം ഈ രാജ്യത്തെ പൗരത്വം രാഹുലിന് നിഷേധിക്കേണ്ടതല്ലേ? രാഹുലിന്റെ ഉപജാപകവൃന്ദവും സാമാന്യബുദ്ധിക്ക് നിരക്കാത്ത, ബലമില്ലാത്ത പ്രതിരോധവുമായി എത്തിയിട്ടുണ്ട്. എന്താ ഇപ്പോള്‍ ഈ പരാതിയെന്നതാണ്, അവരുടെ ചോദ്യം. അതായത് പരാതി ഉയര്‍ത്തുന്ന സമയമാണവര്‍ ചോദ്യം ചെയ്യുന്നത്. അതാണ് ഏറ്റവും വിചിത്രം! ക്രിമിനല്‍ പ്രൊസീജിയര്‍ കോഡോ ഇന്ത്യന്‍ പീനല്‍ കോഡോ ക്രിമിനല്‍ കുറ്റങ്ങളില്‍ സമയം നിഷ്കര്‍ഷിച്ചിട്ടില്ല. 2017ലാണ് ഡോ. സ്വാമിക്ക് തെളിവുകള്‍ ലഭിച്ചത്. കാലം കടന്നാലും കുറ്റം തെളിയണം, സത്യം ജയിക്കണം.
രാഹുലും ഒപ്പം കൂടിയവരും ഒരിക്കലും മറക്കരുത്, ജനാധിപത്യഭാരതം നിങ്ങളുടെ കള്ളങ്ങള്‍ കണ്ടെത്താന്‍ നിഴല്‍ പോലെ പിന്നാലെയുണ്ട്. കള്ളന്മാരെയും അധോലോക നായകന്മാരെയും പോലെ രണ്ട് പേരുകള്‍ (രാഹുല്‍ ഗാന്ധിയെന്നും റൗള്‍ വിന്‍സിയെന്നും, അതില്‍ തന്നെ ഗാന്ധിയെന്ന ഭാഗവും മറ്റാരുടെയോ!); മൂന്നു പാസ്പോര്ട്ടുകള്; പൗരത്വവും മൂന്ന്; വിദ്യാഭ്യാസ യോഗ്യതകളാണെങ്കില്‍ അവിശ്വസനീയവും! എത്രയും വേഗം പുതിയ ഒളിയിടങ്ങള്‍ തേടുക.
ഭാരതജനത വിടാന്‍ ഭാവമില്ല. മുന്നില്‍ നിന്ന് നയിക്കാന്‍ രാജീവ് ഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ഡോ. സുബ്രഹ്മണ്യന് സ്വാമിയാണുള്ളത്. സോണിയക്കും കുടുംബത്തിനും പിടിക്കപ്പെടാനുള്ള സാദ്ധ്യത പഴുതടച്ചതാക്കുകയും ചെയ്യുന്നു. ഒന്നിച്ചുനടന്ന കാലത്ത്, പലതും തന്റെ മനസ്സിന് ഭാരമായി മാറിയെന്നതിനും വീണ്ടും ഒരവസരം ലഭിച്ചാല്‍ തിരുത്തലിന് ശ്രമം തുടങ്ങുമെന്നതിനും മതിയായ സൂചനകള്‍ രാജീവ് ഡോ. സുബ്രഹ്മണ്യന് സ്വാമിയോട് പങ്കുവച്ചിട്ടുണ്ടാകാമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ കേള്‍ക്കുന്നത് ശരിയാണെന്ന് തോന്നിക്കും തരത്തിലാണ് ഡോ. സ്വാമി നീതിക്കും ധര്‍മ്മത്തിനും വേണ്ടിയുള്ള പോരാട്ടം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: