തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ടുകള്‍ ഇടത് അനുകൂല അസോസിയേഷനുകള്‍ ഭീഷണിപ്പെടുത്തി കൂട്ടത്തോടെ അട്ടിമറിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ ശുപാര്‍ശ. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് കൈമാറി.
ഇടത്-വലത് അനുകൂല അസോസിയേഷനുകള്‍ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടത്തിയെന്ന സംസ്ഥാന ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ജില്ലകളിലും അന്വേഷണം വേണമെന്നത് അടക്കമുള്ള ശുപാര്‍ശ ഡിജിപി നല്‍കിയത്. ഇത് അസോസിയേഷന് നേതാക്കളെ രക്ഷപ്പെടുത്താനുള്ള പുകമറയാണെന്നും ആരോപണം. ഇന്നലെ വൈകുന്നേരമാണ് റിപ്പോര്‍ട്ട് കൈമാറിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് എല്ലാ പോലീസ് ജില്ലകളിലും അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കണമെന്ന് സന്ദേശമയച്ച ശ്രീപദ്മനാഭ സ്വാമിക്ഷേത്തിലെ സുരക്ഷാ ബറ്റാലിയനിലെ ഉദ്യോഗസ്ഥനെയും 58 ബാലറ്റുകള്‍ വീട്ടിലെത്തിയ സംഭവത്തില്‍ വട്ടപ്പാറ സ്വദേശിയായ പോലീസുകാരനെയും സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശയും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്. റിപ്പോര്‍ട്ട് കിട്ടിയെന്നും നിയമപരമായി പരിശോധിച്ച് നടപടികളെക്കുറിച്ച് നാളെ വ്യക്തമാക്കുമെന്നും ടീക്കാറാം മീണ പറഞ്ഞു.
അതേസമയം ഒരാളുടെ പേരോ സംഘടനയുടെ പേരോ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ 58 ബാലറ്റുകള്‍ ഒരാളുടെ വീട്ടില്‍ എത്തിയതില്‍ അസ്വാഭാവികതയും ഇടപെടലും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പില്‍ എത്തിയ സന്ദേശത്തില്‍ അസോസിയേഷന് പറഞ്ഞിട്ടാണെന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. എന്നാല്‍ സൗഹൃദത്തിന്റെ പേരിലാണ് മെസേജ് ഇട്ടതെന്നും 58 പേരും തന്റെ മേല്‍ വിലാസത്തില്‍ അയച്ചതെന്നുമാണ് ഇരുവരും മൊഴി നല്‍കിയത്. ഇത് അസോസിയേഷന് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണെന്നും ആരോപണം ഉയരുന്നുണ്ട്.
ഇന്റലിജന്‍സ് മേധാവിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസിലെ പോസ്റ്റല്‍ വോട്ട് റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബാലറ്റ് റദ്ദ് ചെയ്ത് ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി പോലീസുകാര്‍ക്ക് നേരിട്ടു വോട്ട് ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കണമെന്നും ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു.
പോലീസിലും മറ്റ് സര്‍വീസ് യൂണിയനുകളിലും പോസ്റ്റല്‍ ബാലറ്റുകള്‍ ഇടത്-വലത് യൂണിയനുകള്‍ പിടിച്ചെടുക്കുന്ന വിവരം ആദ്യം പുറത്ത് കൊണ്ടുവന്നത് ജന്മഭൂമിയാണ്. ഇത് സംബന്ധിച്ച് മാര്‍ച്ച് 14നും 23തീയതികളില്‍ വാര്‍ത്ത നല്കി. ഇതിന് പിന്നാലെ പ്രതിപക്ഷനേതാവും ക്രമക്കേട് സംബന്ധിച്ച് മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി. അതില്‍ നടന്ന അന്വേഷണത്തില്‍ ക്രമക്കേടുകള്‍ നടന്നില്ല എന്നാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ഏപ്രില്‍ 30 ന് പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കണമെന്ന ശബ്ദ സന്ദേശവും 58 ബാലറ്റുകള്‍ അസോസിയേഷന് അനുഭാവിയുടെ വീട്ടിലെത്തിയതും പുറത്ത് വന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി തലയൂരിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: