കോട്ടയം: ദേശീയപാത വികസനത്തില്‍ കേരളത്തിന് ഇത്തവണയും വിനയായത് ഭൂമി ഏറ്റെടുക്കുന്നതിലെ വീഴ്ചകളും തര്‍ക്കങ്ങളും. പാത വികസനത്തിന് ആവശ്യമായ ഭൂമി മുഴുവന്‍ സമയബന്ധിതമായി ഏറ്റെടുത്ത് കൈമാറാന്‍ സര്‍ക്കാരിനായില്ല.
സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായ ഭാഗങ്ങളിലെ പാത വികസനത്തിന് യാതൊരു തടസ്സവുമില്ല. അതേസമയം തര്‍ക്കങ്ങളില്‍പ്പെട്ട് കുടുങ്ങിക്കിടക്കുന്നതും നിയമക്കുരുക്കില്‍പ്പെട്ടതുമായ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പാതയുടെ വികസനമാണ് താമസിക്കുന്നത്. തര്‍ക്കങ്ങളില്ലാതെ സ്ഥലം ഏറ്റെടുത്ത് നല്കിയിരുന്നുവെങ്കില് എന്‍എച്ച് -66 ഉള്‍പ്പെടെയുള്ള പാതയുടെ വികസനം ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുമായിരുന്നു.
പന്ത്രണ്ട് വര്‍ഷമായി കേരളത്തിലെ റോഡ് വികസനം തടസ്സപ്പെട്ട് കിടക്കുകയാണ്. ഇത് പൂര്‍ത്തിയാക്കാന്‍ സ്ഥലം ഏറ്റെടുത്ത് നല്കിയാല് 30,000 കോടി രൂപ കേരളത്തിന് അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെട്ട കാസര്‍കോഡ് ജില്ലയിലെ തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം ഭാഗത്തിന്റെ വികസനത്തിന് മാത്രം 1600 കോടി രൂപ ലഭിക്കുമെന്നാണ് പ്രാഥമിക വിവരം.
എന്‍.എച്ച് 66 വികസനത്തിനായി എത്ര ഏക്കര്‍ സ്ഥലം വേണ്ടിവരുമെന്നും നഷ്ടപരിഹാരമായി നല്‍കേണ്ടി വരുന്ന തുകയുടെ കണക്കുകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് ദേശീയ പാത അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.
കേന്ദ്ര നിയമമനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമിക്ക് വില കണക്കാക്കുന്നതിന് സംസ്ഥാന സര്‍ക്കാരാണ് മാനദണ്ഡം നിശ്ചയിക്കേ
ണ്ടത്. അടിസ്ഥാനവിലയും അതിന്റെ ഇരട്ടിയോളവും വിലയായി നിശ്ചയിക്കാമെന്നാണ് കേന്ദ്ര നിയമം. രജിസ്ട്രേഷന് രേഖകള്‍ അടിസ്ഥാനപ്പെടുത്തിയാണ് അടിസ്ഥാനവില നിശ്ചയിക്കേണ്ടത്. എന്നാല്‍ മാര്‍ക്കറ്റ് വില കുത്തനെ ഉയര്‍ത്തി ഭൂ ഉടമകള്‍ വിലപേശിയപ്പോള്‍ തര്‍ക്കങ്ങളിലേക്കും നിയമ നടപടികളിലേക്കും പോയി.
ഈ സാഹചര്യത്തില്‍ ഭൂമിയുടെ മാര്‍ക്കറ്റ് വിലയുമായി ബന്ധപ്പെട്ട പരിഹാരം ഉണ്ടാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കത്ത് എഴുതിയിരുന്നു. ഒരു കിലോമീറ്ററിന് ഭൂമി വില മാത്രം ഏഴു കോടി രൂപയോളമാകും.
നിര്‍മാണ ചെലവ് 45 കോടിയും. ഇത് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്നതിനാല്‍ തുക കുറയ്ക്കാന്‍ നടപടി ഉണ്ടാകണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് സൗഹാര്‍ദ്ദപരമായി പരിഹാരം കാണാതെ വന്നപ്പോള്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായ ഭാഗങ്ങളിലെ വികസനം തുടങ്ങാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
കേരളത്തില്‍ 25 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ നാല് വര്‍ഷം
രാജ്യത്ത് ഒരു ദിവസം ശരാശരി 30 കിലോമീറ്റര്‍ റോഡാണ് പുതിയതായി നിര്‍മിക്കുന്നത്. എന്നാല്‍ കേരളത്തില്‍ 25 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ എടുക്കുന്നത് നാല് വര്‍ഷമാണ്. കേരളത്തില്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത് 223 കിലോമീറ്റര്‍ റോഡ് മാത്രമാണ്. മുമ്പ് തയാറാക്കിയ 5,000 കോടിയുടെ പദ്ധതി പകുതിയും കടലാസില്‍ മാത്രമാണ്. അതേസമയം തമിഴ്നാട്ടില്‍ നിര്‍മിക്കുന്നതാകട്ടെ 3661 കിലോമീറ്റര്‍ റോഡും. കര്‍ണ്ണാടകയില്‍ 3,000 കിലോമീറ്ററും ആന്ധ്രയില്‍ 1243 കിലോമീറ്റര്‍ റോഡുമാണ് നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: