കഷ്ടം ഭവാനെയൊരു പാണ്ഡ്യന് ഭജിച്ചളവ-
ഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ
നക്രേണ കാല്ക്കഥ കടിപ്പിച്ചതെന്തിനിതു-
മോര്‍ക്കാവതല്ല ഹരി നാരായണായ നമഃ
പണ്ട് പാണ്ഡ്യദേശത്ത് ഇന്ദ്രദ്യുമ്നന് എന്നൊരു രാജാവുണ്ടായിരുന്നു. ഉറച്ച ഭക്തിയോടെ ഭഗവാനെ ധ്യാനിച്ചുകൊണ്ടിരിക്കുമ്പോഴാണ് അഗസ്ത്യ മഹര്‍ഷിയുടെ വരവ്. തീവ്രധ്യാനത്തിന്റെ സുഷുപ്തിയില്‍ അഗസ്ത്യന്റെ സാന്നിദ്ധ്യം ഇന്ദ്രദ്യുമ്നന് അറിഞ്ഞില്ല. തന്നെ ആദരിക്കാതെ ഉന്മത്തനായിരുന്നതിന്റെ പേരില്‍ മദയാനയായിപ്പോകട്ടെ എന്ന് ശാപവും നല്കി. അങ്ങനെ ആനയായി മാറിയ ഇന്ദ്രദ്യുമ്നന്, പിടിയാനകളോടൊത്ത് പാല്ക്കടലിലെത്തി. ത്രികൂടപര്വ്വതത്തിനടുത്തുള്ള മാനസസരസ്സില്‍ വെള്ളം കുടിക്കാനും കുളിക്കാനുമായി ഇറങ്ങി.
അവിടെ ഒരു മുതല ഇന്ദ്രദ്യുമ്നന്റെ കാലില്‍ പിടികൂടി. ദേവലന്‍ എന്ന മഹര്‍ഷിയുടെ ശാപത്താല്‍ മുതലയായിത്തീര്‍ന്ന ഹൂഹു എന്ന ഗന്ധര്‍വ്വനായിരുന്നു അത്. എത്ര പ്രയാസപ്പെട്ട് വലിച്ചിട്ടും മുതലയ്ക്ക് ആനയെ കീഴടക്കാന്‍ കഴിയുന്നില്ല. നിരന്തരമായ ഈശ്വരദ്ധ്യാനംകൊണ്ട് ജ്ഞാനിയായിത്തീര്‍ന്ന ഇന്ദ്രദ്യുമ്നന്, തന്റെ തുമ്പിക്കൈകൊണ്ട് താമരപ്പൂ പറിച്ച്, സ്തുതികീര്‍ത്തനങ്ങളോടെ ഭഗവാന് അര്‍ച്ചന ചെയ്തുകൊണ്ടേയിരുന്നു. ആയിരം വര്‍ഷം ഇപ്രകാരം ഭഗവത്സേവ ചെയ്തു എന്നാണ് കഥ. അപ്പോഴേക്കും ഭഗവാന് ഗരുഡാരൂഢനായി ചക്രായുധം ധരിച്ച് പ്രത്യക്ഷപ്പെട്ടു. മുതലയുടെ തലയറുത്ത് ആനയെ മോചിപ്പിച്ചു; ഇന്ദ്രദ്യുമ്നന് മോക്ഷം നല്കി.
ഇന്ദ്രദ്യുമ്നനെ, മുതല വന്ന് കടിച്ചതിന്റെ പിന്നിലും ഒരു കഥയുണ്ട്. ദേവലന്‍ എന്ന മഹര്‍ഷി മാനസസരസ്സിന്റെ കരയില്‍ തപസ്സ് ചെയ്യുകയായിരുന്നു. ദീര്‍ഘകാലംകൊണ്ട് പുറ്റുവന്ന് മൂടി. അങ്ങനെയിരിക്കെ ഹൂഹു എന്ന ഗന്ധര്വ്വന് സുന്ദരിമാരോടൊപ്പം ജലക്രീഡയ്ക്കായി അവിടെ എത്തി. പുറ്റിന്റെ മുകളില്‍ കയറി വെള്ളത്തിലേക്ക് ചാടിയപ്പോള്‍ പുറ്റ് നനഞ്ഞ് അലിഞ്ഞുപോയി. മഹര്‍ഷിയുടെ തലയില്‍ ചവിട്ടിയപ്പോള്‍ ക്ഷുഭിതനായ അദ്ദേഹം ഗന്ധര്‍വ്വനെ ശപിച്ചു. ‘മുതലയായിപ്പോകട്ടെ’ എന്ന്. ആ മുതലയ്ക്ക് ഇപ്പോഴാണ്, ഇന്ദ്രദ്യുമ്നന് എന്ന ആനയെ കടിച്ചപ്പോഴാണ്, ശാപമോക്ഷം ലഭിച്ചത്.
നാനാവിധ ലീലകളിലൂടെയാണ് ഭഗവാന് ഭക്തര്‍ക്ക് മോക്ഷമാര്‍ഗ്ഗം തെളിച്ചുകൊടുക്കുന്നത് എന്ന് വ്യക്തമാക്കുന്നതിനാണ് കവി ഇത്തരം കഥകള്‍ സൂചിപ്പിക്കുന്നത്. ആ ഗജേന്ദ്രന് സദ്ഗതി ലഭിച്ചതു പോലെ എനിക്കും ആ മാര്‍ഗ്ഗം കാട്ടിത്തരണേ നാരായണ! എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: