കോഴിക്കോട്: ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ബിജെപിയെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. സംസ്ഥാന സർക്കാർ ഉണ്ടാക്കിവച്ച പ്രളയത്താൽ കഷ്ടതയനുഭവിക്കുന്ന ആളുകളുടെ ആവശ്യം പരിഗണിച്ച് നിയമ പ്രകാരമാണെങ്കിൽ മാത്രം വേണ്ടത് ചെയ്യുക എന്നാണ് താൻ പറഞ്ഞതെന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കി.
താൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത് വായിച്ചാൽ ആർക്കും അത് മനസ്സിലാകും. ഇംഗ്ലീഷ് അറിയാത്തൊരാൾക്ക് എങ്ങനെ പിഎച്ച്ഡി കിട്ടി എന്ന് മനസ്സിലാകുന്നില്ലെന്നും ശ്രിധരൻ പിള്ള പറഞ്ഞു. ദേശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരന്‍പിള്ളയുടെ ഇടപെടലിനെ തുടര്‍ന്നാണെന്നായിരുന്നു രേഖകള്‍ പുറത്തുവിട്ട് തോമസ് ഐസക് ആരോപിച്ചത്.
സിപിഎം മാനിയാക്കുകളെ പോലെ പെരുമാറുകയാണ്. മനുഷ്യൻ അധപതിച്ചാൽ മൃഗമാകുമെന്ന് അഴീക്കോട് പറഞ്ഞത് ഇപ്പോഴത്തെ ചില സിപിഎം നേതാക്കളെ കണ്ടാകും. 1972 ൽ ദേശീയ പാതയ്‌ക്ക് വേണ്ടി സ്ഥലം വിട്ട് നൽകിയവർക്ക് ഇതുവരെ പൂർണമായും പണം ലഭിച്ചില്ല. അന്ന് ഏറ്റെടുത്ത ഭൂമിയിൽ ഇപ്പോഴും പണി തുടങ്ങിയിട്ടില്ല. ഈ ആവശ്യവുമായാണ് തന്നെ കാണാൻ സംയുക്ത സമരസമിതിയുടെ ആളുകൾ എത്തിയത്. ആ കൂട്ടത്തിൽ അവിടുത്തെ സിപിഎമ്മിന്റെ പ്രാദേശിക നേതാവുമുണ്ടായിരുന്നു. ന്യായമായ ആവശ്യത്തിന് വരുന്നവരെ സഹായിക്കുമ്പോൾ താൻ രാഷ്‌ട്രീയം നോക്കാറില്ല.
ജനങ്ങളുടെ ആശങ്ക അറിയിക്കുകയാണ് താൻ ചെയ്തത്. സിപിഎം വട്ടപൂജ്യത്തിൽ എത്താൻ പോവുകയാണ്. തന്നെ വർഗ്ഗ ശത്രുവായി പ്രഖ്യാപിക്കണമെന്ന അഭിപ്രായം സിപിഎമ്മിന്റെ അപചയമാണ്. പൊതുശത്രുവായി പ്രഖ്യാപിക്കണമെന്നത് സ്റ്റാലിന്റെ നയമാണ്. രാഷ്‌ട്രീയത്തെ ജന സേവനമായി കാണാത്തതാണ് സിപിഎമ്മിന്റെ പ്രശ്നം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന രീതിയിലാണ് സിപിഎമ്മിന്റെ പ്രവർത്തിയെന്നും ശ്രീധരൻ പിള്ള കോഴിക്കോട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
















