കൊല്ലം: വിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ മഹാസമാധി ദിനം ഇന്ന് പന്മന ആശ്രമത്തില്‍ നടക്കും. രാവിലെ 10.30ന് മഹാസമാധി സമ്മേളനം കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. സ്വാമി പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍ അധ്യക്ഷനാകും. എ.ആര്‍. ഗിരീഷ്‌കുമാര്‍, സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി, സ്വാമി ബോധിതീര്‍ത്ഥ (ശിവഗിരി മഠം), സ്വാമി കല്യാഞ്ജി (ചിന്മയാമിഷന്‍ – കൊല്ലം), സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠ (ശ്രീ ശാന്താനന്ദമഠം, ഋഷിജ്ഞാന സാധനാലയം, പത്തനംതിട്ട), സ്വാമി ഗൗഡപാദാനന്ദപുരി (മഠാധിപതി, യോഗ വേദാന്ത ആശ്രമം, തിരുവനന്തപുരം), പന്മന മഞ്‌ജേഷ് എന്നിവര്‍ സംസാരിക്കും.
ചടങ്ങുകളോട് അനുബന്ധിച്ച് വലിയ തിരക്കാണ് ആശ്രമത്തില്‍ അനുഭവപ്പെടുന്നത്. രാവിലെ അഞ്ചിന് വിദ്യാധിരാജ സമാരാധന. 7.30ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദരുടെ കാര്‍മികത്വത്തില്‍ ഭദ്രദീപ പ്രകാശനം. 7.45ന് ഗീതാര്‍ച്ചന, 8.30ന് സോപാനസംഗീതം, ഒമ്പതിന് ആചാര്യസപര്യ, വൈകിട്ട് മൂന്നിന് മഹാസമാധി ദിവ്യ ജ്യോതിരാനയനം, നാലിന് പ്രഭാഷണം, ഏഴിന് മേജര്‍സെറ്റ് കഥകളി എന്നിവയുണ്ടാകും.
















