തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് വരുമാനം ഇടിഞ്ഞിട്ടും ലക്ഷങ്ങള്‍ മുടക്കി പ്രസിഡന്റിനും അംഗങ്ങള്‍ക്കും ആഢംബര ഔദ്യോഗിക വസതി പണിയാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതിനായി കഴിഞ്ഞ 30ന് ബോര്‍ഡ് ആസ്ഥാനത്ത് തറക്കല്ലിടല്‍ ചടങ്ങും നടത്തി. പ്രസിഡന്റ് പദ്മകുമാര്‍ തന്നെയാണ് തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചത്.
സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വരുന്ന ഒരു വര്‍ഷത്തേക്ക് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന അക്കൗണ്ട്സ് ഓഫീസറുടെ റിപ്പോര്‍ട്ട് അവഗണിച്ചാണ് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനം.
അതേസമയം നേരത്തെയെടുത്ത തീരുമാനമാണിതെന്നും അതിഥി മന്ദിരമില്ലാത്തതിന്റെ അസൗകര്യം ഓംബുഡ്‌സ്മാന്‍ അടക്കം ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് നിര്‍മ്മാണമെന്നുമാണ് ബോര്‍ഡ് അംഗം കെ.പി ശങ്കരദാസിന്റെ പ്രതികരണം. മന്ദിരങ്ങളുടെ നിര്‍മാണം ഉടനടി പൂര്‍ത്തിയാക്കാനാണ് ബോര്‍ഡ് തീരുമാനം.
2018-19ല്‍ ബോര്‍ഡിന് കീഴിലെ വിവിധ ഡിവിഷനുകളിലായി 67,28,42,852 കോടി രൂപ മരാമത്ത് ജോലികള്‍ക്കായി ചെലവിട്ടിരുന്നു. ശബരിമല വിവാദങ്ങളെത്തുടര്‍ന്ന് വരുമാനം കുത്തനെ ഇടിഞ്ഞ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണ് ഇപ്പോള്‍ ഉള്ളത്. ദൈനംദിനം ചെലവുകള്‍ക്ക് പണം തികയാത്ത സ്ഥിതി വന്നേക്കാമെന്നതു പരിഗണിച്ച് ചെലവ് കുറയ്‌ക്കണമെന്ന് അക്കൗണ്ട്സ് ഓഫീസര്‍ ജനുവരി 30ന് നല്‍കിയ നിര്‍ദ്ദേശവും ബോര്‍ഡിന് മുന്നിലുള്ളപ്പോഴാണ് ഈ തീരുമാനം.
















