കഴിഞ്ഞ കുറെ നാളുകളായി ഞങ്ങളെ പരിചയം ഉണ്ടായതുകൊണ്ടു മാത്രമാണ് രാജി മനസ്സ് തുറന്നത്. നാട്ടുകാരുമായോ വനപാലകരുമായോ ഇവര്‍ ഒന്നും സംസാരിക്കാറില്ല. പത്തനംതിട്ട ജില്ലയില്‍ ശബരിമല റൂട്ടില്‍ പമ്പയ്ക്കു സമീപം കൊടുംവനത്തില്‍ താമസിക്കുന്ന ഭാസ്കരന്റെയും സഹോദരിമാരുടെയും കുടുംബം കഴിയുന്നത് ശരിക്കും ചെങ്കുത്തായ പ്രദേശത്ത് പ്ലാസ്റ്റിക് ഷീറ്റും കമ്പുകളും കൊണ്ട് നിര്‍മ്മിച്ച ഒറ്റമറയ്ക്കുള്ളില്. ഇതിലും ഭേദമാണ് നമ്മള് കുട്ടിക്കാലത്ത് നിര്‍മ്മിച്ച കളിവീടുകള്‍.
ഓരോ വീടിനു സമീപവും ഒരാള്‍ക്ക് കഷ്ടിച്ച് ഇരിക്കാന്‍ മാത്രം കഴിയുന്ന മറ്റൊരു ചെറിയ ഷെഡ്ഡും കാണാന്‍ ഇടയായി. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഓള് ‘വെളിയില്‍’ ആകുമ്പോള്‍ താമസിക്കുന്ന ‘വീട്’ എന്ന് ഉത്തരം. ഇത്തരത്തില്‍ നൂറില്‍ പരം വീട്ടുകാരാണ് മൂഴിയാര്‍, ളാഹ, ആങ്ങാമൂഴി, അട്ടത്തോട്, ചാലക്കയം തുടങ്ങിയ വനപ്രദേശങ്ങളില്‍ ദുസ്സഹ ജീവിതം നയിക്കുന്നത്.
പിണങ്ങിയാല്‍ മറ്റൊരിടത്തേക്ക്
പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിലായതിനാല്‍ അയല്‍വീട്ടുകാരുമായി അല്‍പ്പം പിണക്കം ഉണ്ടായാല്‍ മറ്റൊരിടത്തേക്ക് ഉടന്‍ താമസം മാറും. യാതൊരു വിഷമവും അവര്‍ക്ക് ഇക്കാര്യത്തിലുണ്ടാകാറില്ല. കമ്പുകള്‍കൊണ്ടും കാട്ടുവള്ളികള്കൊണ്ടും പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടും നിര്‍മ്മിച്ചവയാണ് ഭൂരിഭാഗം ഷെഡ്ഡുകളും. ആരുടെയും ശ്രദ്ധയോ സംരക്ഷണമോ സുരക്ഷിതത്വമോ ഇല്ലാതെ വര്‍ഷങ്ങളായി. ഇവിടങ്ങളില്‍ കഴിഞ്ഞുകൂടുന്നു. ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞ മറ്റൊരു കാഴ്ച, വനപാലകര്‍ എത്തിച്ച പയറും പഞ്ചസാരയും ഉപ്പും ഉള്‍പ്പെടെയുള്ള ഭക്ഷ്യക്കിറ്റുകള്‍ വെറും നിലത്ത് വാരിവലിച്ചിട്ടിരിക്കുന്നതാണ്. അതൊന്നു സൂക്ഷിച്ചുവെയ്ക്കാന്‍ പോലും സൗകര്യമില്ലാത്ത അതിദയനീയമായ അവസ്ഥ.
”വലിയ കാറ്റ് വരുമ്പോഴും പെരുമഴയത്തും ഉരുള്‍ പൊട്ടലില്‍ പെടുമ്പോഴും ഞങ്ങള്‍ കുട്ടികളെയുംകൊണ്ട് വലിയ മരത്തിന്റെ മൂട്ടില് അഭയം തേടും.” അട്ടത്തോടിലെ ശോഭയുടെ ഈ വാക്കുകള്‍ മനുഷ്യത്വമുള്ളവര്‍ക്ക് കേട്ടുനില്ക്കാന് കഴിയില്ല. കാട്ടുമൃഗങ്ങള്‍ പോലും ഇതിലും സുരക്ഷിതമായി വനങ്ങളില്‍ കഴിഞ്ഞുകൂടുമ്പോള്‍ ഒരു കൂട്ടം മനുഷ്യക്കോലങ്ങള്‍ വര്‍ഷങ്ങളായി ആരുടേയും ശ്രദ്ധയില്ലാതെ വനങ്ങളില്‍! പ്രതികൂല കാലാവസ്ഥ വന്നാല്‍ ഒരു നിമിഷംകൊണ്ട് എല്ലാം തകരുന്ന അവസ്ഥ. മനുഷ്യ ജീവന് യാതൊരു വിലയുമില്ലാതെ കൊടും വനത്തില്‍ കഴിഞ്ഞുകൂടുന്നവര്‍. ഇതു കാണുവാന്‍ അധികൃതര്‍ ഇല്ലെന്നുള്ളത് സാംസ്കാരിക കേരളത്തിന് അപമാനം തന്നെ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭവന പദ്ധതികള്‍ നാടൊട്ടാകെ നടപ്പാക്കാന്‍ അനുവദിക്കുന്ന കോടികള്‍ എവിടെ പോകുന്നു?
സംരക്ഷകര്‍ വേട്ടപ്പട്ടികള്‍
ഓരോ കുടുംബങ്ങളുടെയും സംരക്ഷകരായിട്ടുള്ളത് മൂന്നും നാലും വേട്ടപ്പട്ടികളാണ്. കാട്ടാനയുടെയും മറ്റ് വന്യജീവികളുടെയും ആക്രമണത്തില്‍ നിന്നും അവരെ രക്ഷിക്കുന്നത് ഈ പട്ടികളാണ്. വന്യജീവികളുടെ വരവ് കുരച്ചും ബഹളം ഉണ്ടാക്കിയും ഈ പട്ടികള്‍ വീട്ടുകാരെ അറിയിക്കും. അങ്ങനെ അവര്‍ രക്ഷതേടും. മറ്റാരും ഇവരെ സംരക്ഷിക്കാന്‍ ഇല്ല. കോടിക്കണക്കിനു രൂപ ഇവരുടെ ഉന്നമനത്തിനു വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കാറുണ്ടെങ്കിലും അതിന്റെയൊരംശം പോലും സമയാസമയങ്ങളില്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് സംശയമാണ്.
രാഷ്ട്രീയനേതൃത്വവും, വിവിധ ഡിപ്പാര്‍ട്ടുമെന്റിലുള്ള ഭരണകര്‍ത്താക്കളും നിരന്തരം യാത്ര ചെയ്യുന്ന കാനന പാതയുടെ ഇരുവശങ്ങളിലും കാണാം ഇത്തരം ഷെഡ്ഡുകള്‍. പക്ഷേ ആരും കണ്ടതായിട്ടുപോലും ഭാവിക്കാറില്ല. ഹതഭാഗ്യരായ ഈ മനുഷ്യജന്മങ്ങള് ആകെ കാണുന്നത് പൊതുതെരഞ്ഞെടുപ്പു കാലത്തെ രാഷ്ട്രീയക്കാരേയും ഭരണകര്‍ത്താക്കളെയുമാണ്.
”എന്റെ പതിനൊന്നാമത്തെ വയസ്സുമുതല്‍ ഞാന്‍ കേള്‍ക്കുകയാണ് വീടുതരാം എന്ന പല്ലവി. എല്ലാ ‘ഓട്ടു കാലത്തും’ അവര്‍ വാഗ്ദാനങ്ങളുമായി വരും. വീടുതരാം, തുണി തരാം, കാശുതരാം, മരുന്ന് തരാം എന്നിങ്ങനെ പറഞ്ഞുകൊണ്ട്. ഓട്ടുകഴിഞ്ഞാല് പിന്നെ അടുത്ത ഓട്ടിനേ ഇവരെ കാണാറുള്ളൂ.” ആരെങ്കിലും നിങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയാന്‍ വരാറുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് രജനി തന്റെ വളര്‍ത്തു പട്ടിയായ ടൈഗറിനെ തലോടിക്കൊണ്ട് ഇങ്ങനെ പറഞ്ഞത്. അധികാരികളുടെ ഭാഗത്തുനിന്ന് ആകെ വരുന്നത് ട്രൈബല്‍ സ്റ്റോറിലെ അരിയും സാധനങ്ങളുമായി എത്തുന്ന വനപാലകര്‍ മാത്രമാണ്.
കഴിഞ്ഞ ഒരു വര്‍ഷമായി പത്തനംതിട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘സ്നേഹപ്പച്ച’ എന്ന കൂട്ടായ്മ, അരിയും മറ്റ് പലവ്യഞ്ജനങ്ങളും ഭക്ഷണ സാധനങ്ങളുമായി എല്ലാ മാസവും ഇവരുടെ അടുക്കല്‍ എത്താറുണ്ട്.പത്തനംതിട്ട സ്വദേശിനിയായ രേഖ എസ്.നായര്‍ നേതൃത്വം കൊടുക്കുന്ന ഒരു ഫേസ്ബുക്ക് കൂട്ടായ്മയാണ് ഇത്. ഇതിലെ ഒരംഗവും സുഹൃത്തുമായ ശിലാ സന്തോഷ് വിവരിച്ച കഥകള്‍ കേട്ടാണ് കഴിഞ്ഞ ദിവസം ഈ ലേഖകനും ഇവരോടൊപ്പം കൂടിയത്.
ഞങ്ങള്‍ സന്ദര്‍ശിച്ച ഓരോ വീടും (ഷെഡ്ഡുകളും ) ദുരിതകഥകളുടെ മാത്രം സാക്ഷ്യപത്രമാണ്.നിലയ്ക്കല്‍ പെട്രോള്‍ പമ്പിന് എതിര്‍വശത്തെ താഴ്ചയില്‍ താമസിക്കുന്ന ലേഖയുടെ ഒക്കത്തിരിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ശരീരം മുഴുവന്‍ ചെരങ്ങും ചൊറിയുമായി വീര്ത്തുകെട്ടിയിരിക്കുന്നത് കണ്ടപ്പോള്‍ ആശുപത്രിയില്‍ പോയില്ലേ എന്ന ചോദ്യത്തിന് അമ്മൂമ്മയുടെ മറുപടി ഇങ്ങനെ: ”അറുന്നൂറ് രൂപ കൊടുത്ത് ഓട്ടോ പിടിച്ചുവേണം സീതത്തോട് ആയുര്‍വേദ ആശൂത്രിയില് പോകാന്‍. കായില്ലാത്തോണ്ട് പോയില്ല.” ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റുമായി ഇവരുടെ രോഗവിവരങ്ങള്‍ പങ്കുവച്ചപ്പോള്‍ അവര്‍ക്കായി സ്ഥിരം ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്ന് മറുപടിയും. അങ്ങനെയൊരു ക്യാമ്പിനെകുറിച്ച് അറിയുക പോലുമില്ലെന്ന് ആദിവാസികളും.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ രജനി തനിക്ക് നേരിട്ട ഒരു പ്രശ്നം ഞങ്ങളുമായി പങ്കുവെയ്ക്കുകയുണ്ടായി. ”കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി വൃക്കരോഗവും മറ്റുമായി ബന്ധപ്പെട്ട് ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും, തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. യാത്ര ചെയ്യുവാന്‍ തീരെ വയ്യാത്ത അവസ്ഥയില്‍ ചികിത്സയ്ക്കായി കൂടുതല്‍ സമയവും പോയിരുന്നത് പ്രൈവറ്റ് വാഹനത്തില്‍ ആയിരുന്നു. ചികിത്സയിനത്തില്‍ ഇതിനകം ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം രൂപയുടെ ബാധ്യതയുമുണ്ട്. ഒരു വര്ഷംമുന്പേ ഇവര്‍ ട്രൈബല്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫീസര്‍ക്ക് ചികിത്സാ രേഖകളും മറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഫണ്ട് തീര്‍ന്നു, ഇനി അടുത്ത വര്‍ഷമാകട്ടെ എന്നായിരുന്നു അവരുടെ മറുപടി.”
രജനിക്ക് ലഭിച്ചത് പതിനാലായിരം രൂപ മാത്രമാണെന്ന് രജനി പറയുന്നു. ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി കോടിക്കണക്കിന് രൂപ ചികിത്സാ ധനസഹായമായി മാറ്റിവെയ്ക്കുമ്പോഴും ഒരു രൂപയുടെപോലും സഹായമോ ചികിത്സകളോ ആരോഗ്യ ബോധവത്കരണമോ അവിടങ്ങളില്‍ നടക്കുന്നില്ലെന്ന് ഏതൊരു മനുഷ്യനും ബോധ്യപ്പെടും.
ഭൂരിഭാഗം പേര്‍ക്കും സ്വന്തമായി വസ്തുവോ വീടോ ഇല്ല. എന്നാല്‍ റേഷന്‍കാര്‍ഡുകള്‍ ഓരോ വീട്ടിലുമുണ്ട്. വീട്ടു മേല്‍വിലാസമോ വീട്ടുനമ്പറോ ആരോഗ്യ കാര്‍ഡുകളോ ഒന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ട്രൈബല്‍ ഓഫീസില്‍ നിന്ന് വിതരണം ചെയ്ത ഈ രേഖയാണ് അവരുടെ കൈയില്‍ ആകെയുള്ളത്. ഇത് ഉപയോഗിച്ച് ഭക്ഷ്യ ധാന്യങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും.
സ്ഥിരമായ വരുമാന മാര്‍ഗങ്ങളൊന്നും അവര്‍ക്കില്ല. നാട്ടുകാര്‍ പുറംപണിക്കൊന്നും അവരെ വിളിക്കാറുമില്ല, അവരൊട്ട് പോകാറുമില്ല. ”വേട്ട നായ്ക്കളുടെ സഹായത്തോടെ ഉള്‍വനങ്ങളില്‍ പോയി തേനും കുന്തിരിക്കവും ഇഞ്ചയും മറ്റ് സുഗന്ധ ദ്രവ്യങ്ങളും ഔഷധച്ചെടികളും കൊണ്ടുവന്ന് പുറത്ത് വില്‍ക്കും. എന്നാല്‍ കൂടുതല്‍ പേരും ഞങ്ങള്‍ക്ക് യഥാര്‍ത്ഥ വില തരാറില്ല. പറഞ്ഞു പറഞ്ഞ് വില കുറപ്പിക്കും. വല്ലപ്പോഴും കിട്ടുന്ന അരിയും പയറുമല്ലാതെ മറ്റ് സഹായങ്ങളോ സാമ്പത്തിക സഹായങ്ങളോ ഗേര്മെന്റിന്റെ ഭാഗത്തൂന്നു കിട്ടാറില്ല.” ഗോമതിയുടെ വാക്കുകളില്‍ അവഗണനയുടെ ചിത്രം തെളിയുന്നു.
വിദ്യാഭ്യാസം അഭ്യാസം മാത്രം
നാലും അഞ്ചും വയസ്സ് തോന്നിക്കുന്ന കുറെ കുഞ്ഞുങ്ങള്‍ നല്ല ഒരു വസ്ത്രം പോലുമില്ലാതെ ഓരോ വീട്ടിലും കഴിയുന്നു. വെള്ളം കണ്ടിട്ടു തന്നെ ദിവസങ്ങളായി. നീട്ടിയ ബിസ്കറ്റ് കവറുകളും മിഠായികളും കണ്ടപ്പോള്‍ അവരുടെ മുഖത്ത് കാണാന്‍ കഴിഞ്ഞ സന്തോഷം ഒരിക്കലും മറക്കാന്‍ കഴിയില്ല. (മുതിര്‍ന്നവര്‍ ഞങ്ങളെ കാണുന്നത് അല്‍പ്പം നീരസത്തോടെയാണ്. ഞങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാണെന്നോ, ഇത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നോ ഒക്കെയാണ് അവരുടെ മനോഭാവം).ഓരോ കുട്ടിയോടും ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നു ചോദിച്ചാല്‍ എല്ലാവര്ക്കും ഒരേ മറുപടി- ‘മൂന്നാം ക്ലാസില്‍.’ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അരവിന്ദിന് കൊടുത്ത മിഠായികള്‍ എത്രയുണ്ടെന്ന് ചോദിച്ചപ്പോള്‍ അറിയാന്‍ കഴിയാത്ത സ്ഥിതി.
ഇവരെല്ലാം പഠിക്കാന്‍ പോകുന്നത് അട്ടത്തോട് ട്രൈബല്‍ സ്കൂളിലാണ്. എന്നാല്‍ ഒരാള്‍ക്കുപോലും അക്ഷരങ്ങളോ അക്കങ്ങളോ പറയാന്‍ അറിയില്ല. ”സ്കൂള്‍ തുറക്കുമ്പോള്‍ ആകെ കിട്ടുന്നത് മൂന്ന് പുസ്തകങ്ങള്‍ മാത്രം. പിന്നെ വര്‍ഷം ഇരുനൂറ്റമ്പത് രൂപ സ്റ്റൈപ്പെന്‍ഡ് ആണെന്നും പറഞ്ഞ് തരും.” വീട്ടമ്മയായ റാണി പറയുന്നു. മുതിര്‍ന്നവരില്‍ നാലാം ക്ലാസ്സുവരെ പഠിച്ച രജനിക്ക് മാത്രമാണ് വായിക്കാനറിയാവുന്നത്. സ്കൂളില്‍ പോകുന്ന കാര്യം ചോദിച്ചപ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സച്ചിന് നല്കിയ മറുപടി ഇതായിരുന്നു: ”രാവിലെ വാന്‍ വരും, സ്കൂളിലെത്തിയാല്‍ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും കയിക്കാന്‍ കിട്ടും. അത് കഴിഞ്ഞ് വാനില്‍ തിരിച്ച് കൊണ്ടുവിടും. ബുക്കില്‍ ഒന്നും എയുതി തരാറില്ല.” ഇത്രയും പറഞ്ഞ് അകത്തുപോയി കീറിപ്പറിഞ്ഞ ഒരു പുസ്തകവുമായി അവന് തിരികെയെത്തി.
ആചാരങ്ങളും ചടങ്ങുകളും
മിക്ക വീടുകളിലും കണ്ട മറ്റൊരു കാഴ്ചയാണ് കൈക്കുഞ്ഞുങ്ങളുമായി നില്ക്കുന്ന പന്ത്രണ്ടോ പതിമൂന്നോ മാത്രം പ്രായം വരുന്ന അമ്മമാര്‍. വിവാഹം എന്ന ചടങ്ങൊന്നും അവിടെയില്ല. അതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഭാസ്കരന് നല്കിയ മറുപടി ഇങ്ങനെ: ”അങ്ങനെ പ്രത്യേകിച്ച് ചടങ്ങൊന്നുമില്ല, കൈപിടിച്ച് അടുത്ത ഷെഡ്ഡിലേക്ക് കൊണ്ടുപോകുന്നു, അത്രതന്നെ.” ദാമ്പത്യ ജീവിതത്തില്‍ അങ്ങനെ സ്ഥിരമായി ഒരാളില്ല. പ്രായം തികയാത്ത അമ്മമാരും അച്ഛനില്ലാത്ത കുട്ടികളും ഇവിടങ്ങളില്‍ ധാരാളമാണ്.
ഒരാള്‍ മരണപ്പെട്ടാല്‍ എന്തുചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഇവിടെ എവിടെയെങ്കിലും കുഴിച്ചിടും എന്നു മറുപടി. വനപാലകരുടെ ഭാഗത്തുനിന്നും ആരെങ്കിലും വന്നെങ്കിലായി. ഇതുപോലെ ഈ വനത്തില്‍ എത്ര കുടുംബങ്ങള്‍ ഉണ്ടെന്നുള്ള വ്യക്തമായ കണക്കുകള്‍ പോലും അധികൃതര്‍ക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: