ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിന്റെ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക്് ഇന്ന് തുടക്കം. സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ പ്രീമിയര്‍ ലീഗ് ടീമായ ടോട്ടനം ഡച്ച് ടീമായ അയാക്‌സിനെ നേരിടും. രാത്രി 12.30നാണ് കിക്കോഫ്. നാളെ നടക്കുന്ന സെമിയില്‍ ലാലിഗ ചാമ്പ്യന്മാരായ ബാഴ്‌സലോണ പ്രീമിയര്‍ ലീഗ് ടീമായ ലിവര്‍പൂളുമായി മാറ്റുരയ്‌ക്കും.
അപ്രതീക്ഷിതമായാണ് ടോട്ടനം സെമിഫൈനലിലെത്തിയത്. എവേ ഗോളിന്റെ ആനുകൂല്യത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ചാണ് അവര്‍ അവസാന നാലിലൊന്നായത്.
സെമിയിലെത്തിയ നാലു ടീമുകളില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാത്ത ഏക ടീമാണ് ടോട്ടനം. ഇതാദ്യമായാണ് അവര്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലെത്തുന്നത്. പ്രീമിയര്‍ ലീഗില്‍ സ്വന്തം തട്ടകത്തിലെ പുതിയ സ്‌റ്റേഡിയത്തില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങിയാണ് ടോട്ടനം സെമിഫൈനലിനെത്തുന്നത്. കഴിഞ്ഞ ദിവസം വെസ്റ്റ ഹാമാണ് ടോട്ടനത്തെ അവരുടെ പുതിയ സ്‌റ്റേഡിയത്തില്‍ ആദ്യ തോല്‍വി സമ്മാനിച്ചത്.
സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോയുടെ യുവന്റസിനെ അട്ടിമറിച്ചാണ് ഡച്ച ടീമായ അയാക്‌സ് സെമിയിലെത്തിയത്. രണ്ട് പാദമായി നടന്ന ക്വാര്‍ട്ടറില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അയാക്‌സ് ജയിച്ചുകയറിയത്്.
പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മടക്കമില്ലാത്ത നാലു ഗോളിന് കീഴടക്കിയാണ് ബാഴ്‌സലോണ സെമിയിലെത്തിയത്. ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് പോര്‍ട്ടോയെ തകര്‍ത്തു.
സൂ്പ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി അടങ്ങുന്ന ബാഴ്‌സലോണയാണ് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധ്യതയുള്ള ടീമെന്ന് ടോട്ടനത്തിന്റെ കോച്ച് മൗറീസിയോ പൊച്ചേറ്റിനോ പറഞ്ഞു.
ഞങ്ങള്‍ സംശയത്തോടെയാണ് അയാക്‌സിനെ നോക്കിക്കാണുന്നത്. ശക്തമായ മുന്നൊരുക്കത്തോടെയാണ് അവര്‍ സെമിക്കെത്തുന്നത്. ഞങ്ങള്‍ക്ക് പരിശീലനത്തിന് വേണ്ടത്ര സമയം കിട്ടിയില്ല. അതിനാല്‍ സമ്മര്‍ദത്തിലാണെന്ന് പൊച്ചേറ്റിനോ പറഞ്ഞു.
ടോട്ടനവും അയാക്‌സും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനല്‍ മെയ് ഒമ്പതിന് നടക്കും. ലിവര്‍പൂള്‍- ബാഴ്‌സലോണ രണ്ടാം പാദം മെയ് എട്ടിനാണ് അരങ്ങേറുക. ഫൈനല്‍ ജൂണ്‍ രണ്ടിന് നടക്കും.
















