തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി തീരദേശത്ത് ഭീതി പരത്തി കടലാക്രമണം ശക്തമാകുന്നു. പത്തോളം വീടുകള്‍ ഇതിനോടകം തകര്‍ന്നു. അഞ്ഞൂറോളം വീടുകള്‍ അപകട ഭീഷണിയില്‍ നില്‍ക്കുന്നു. ബുധനാഴ്ച വൈകിട്ടോടെ ഉണ്ടായ കടലാക്രമണത്തില്‍ വലിയതുറ, ചെറിയതുറ, കുഴിവിളാകം ഭാഗങ്ങളിലായാണ് പത്തോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നത്. ഇതിന് പുറമേ പൂന്തുറ മുതല്‍ വേളി വരെയുള്ള ഭാഗങ്ങളിലും കടലാക്രമണം ശക്തമായി തുടരുകയാണ്. നേരത്തെയുണ്ടായ കടലാക്രമണത്തില്‍ ഈ ഭാഗത്തെ മൂന്നാംനിര, നാലാംനിര വീടുകള്‍ തകര്‍ന്നിരുന്നു. അതും കഴിഞ്ഞാണ് ഇപ്പോള്‍ കടല്‍ അടിച്ച് കയറി അഞ്ചാം നിര, ആറാം നിര വീടുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്.
കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് കടലാക്രണം ഉണ്ടാകുമെന്ന് തീരവാസികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര രൂക്ഷത അവര്‍ പ്രതീക്ഷിച്ചില്ല. തീരത്തേക്ക് തിരമാലകള്‍ ആഞ്ഞടിക്കുന്നത് തീരവാസികളില്‍ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ബുധനാഴ്ച തന്നെ നാട്ടുകാര്‍ കടലാക്രമണത്തില്‍നിന്നും താല്‍ക്കാലിക രക്ഷനേടാനായി ചാക്കില്‍ മണലുകള്‍ നിറച്ച് ചെറിയ രീതിയില്‍ പ്രതിരോധം തീര്‍ത്തിരുന്നുവെങ്കിലും തിരമാലകള്‍ ഇതിനെയെല്ലാം തകര്‍ത്താണ് വീടുകളിലേക്ക് അടിച്ചു കയറുന്നത്.
വലിയതുറ കടല്‍പ്പാലത്തിന് സമീപം തുറമുഖ വകുപ്പിന്റെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ ഫീല്‍ഡ് റിസര്‍ച്ച് കെട്ടിടം ബുധനാഴ്ചത്തെ കടലാക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു വീണിരുന്നു. ഇതോടൊപ്പം ചരിത്രസ്മാരകമായ വലിയതുറ കടല്‍പ്പാലവും ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. രാത്രികാലങ്ങളിലെ തിരമാലകളുടെ ശക്തി കൂടുതല്‍ നാശം വരുത്തിയേക്കാമെന്ന അവസ്ഥയാണ്. അതിനാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ അധികൃതര്‍ തയാറായിട്ടുണ്ട്. വലിയതുറ ബഡ്‌സ് സ്‌കൂളിലും യുപി സ്‌കൂളിലുമാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്.
















