ലോകം മുന്നോട്ടു നീങ്ങുമ്പോള്‍ പിന്നോട്ടു നടക്കുന്ന ശൈലി ആവര്‍ത്തിക്കുകയാണ് ഇന്ത്യയിലെ പ്രതിപക്ഷം. ലോകത്തിനു മാതൃകയായി ഇന്ത്യ നടപ്പാക്കിയ ഇലക്ട്രോണിക് വോട്ടെടുപ്പു യന്ത്രത്തിനെതിരായ പ്രചാരണം മാധ്യമങ്ങളുടെ സഹായത്തോടെ പൊടിതട്ടിയെടുക്കാന്‍ ഇത്തവണത്തെ വോട്ടെടുപ്പുദിവസവും ശ്രമം നടന്നു. മുന്‍പു പലതവണ ഉയര്‍ന്ന ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ലെന്നു പരീക്ഷിച്ചു തെളിയിച്ച് കാണിച്ച തെരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണങ്ങള്‍ക്കു ചെവികൊടുക്കാതെ കിട്ടിയ അവസരം കേന്ദ്രസര്‍ക്കാരിനെതിരെ ഉപയോഗിക്കാനുള്ള ശ്രമത്തിലായിരുന്നു കോണ്‍ഗ്രസ്സും ഇടതുപക്ഷവും.
വോട്ടെടുപ്പു യന്ത്രങ്ങളിലെ കൃത്രിമം വഴി തെരഞ്ഞെടുപ്പ് അപ്പാടെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും ശ്രമിക്കുന്നു എന്ന ധാരണയും ആശങ്കയും സംസ്ഥാനത്താകെ പടര്‍ത്താനായിരുന്നു നീക്കം. തങ്ങള്‍ കണക്കുകൂട്ടിയ വഴിക്കല്ല കാര്യങ്ങളുടെ പോക്ക് എന്ന് അറിയുമ്പോഴുണ്ടാകുന്ന അങ്കലാപ്പില്‍നിന്ന് ഉടലെടുത്തതാണ് ഇത്തരം കുളം കലക്കലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കു മനസ്സിലാക്കാന്‍ അധികസമയം വേണ്ട. അഥവാ തോറ്റാല്‍ അതിനു കാരണം കണ്ടെത്താന്‍ മുന്‍കൂട്ടിയുള്ളൊരു ഏറായി കണക്കാക്കാവുന്നതേയുള്ളു ഇത്തരം ആരോപണങ്ങളെ. തങ്ങള്‍ ജയിച്ചാല്‍ എല്ലാം ഭദ്രമെന്നും തങ്ങള്‍ തോറ്റാല്‍ അട്ടിമറിയെന്നും പറയുന്ന ഇത്തരക്കാരെ മുന്‍പ്, ഇത്തരം അപാകത തെളിയിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് വെല്ലുവിളിച്ചതാണ്. അന്നു മുങ്ങി രക്ഷപ്പെട്ടവരാണ് ഇന്നു തലപൊക്കിയിരിക്കുന്നത്.
ആയിരക്കണക്കിനു വോട്ടെടുപ്പു യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനിടെ രണ്ടെണ്ണത്തില്‍ പാകപ്പിഴ കണ്ടു എന്ന വാര്‍ത്തയുടെ പേരിലായിരുന്നു ഈ കോലാഹലങ്ങള്‍. തെരഞ്ഞെടുപ്പു പ്രക്രിയയാകെ തകിടം മറിക്കുന്നു എന്ന മട്ടിലായിരുന്നു ചില പ്രമുഖ മാധ്യമങ്ങളുടെ പ്രചാരണം. ഏതു ചിഹ്നത്തില്‍ അമര്‍ത്തിയാലും താമരയ്ക്ക് വോട്ടുവീഴുന്നു എന്ന പ്രചാരണം വന്നതോടെ തോന്നിയപോലെ പാടിനടക്കാന്‍ അണികള്‍ രംഗത്തുവരുകയും ചെയ്തു. ചേര്‍ത്തലയിലും കോവളത്തെ ചൊവ്വരയിലും മാത്രമാണ് ചിഹ്നം മാറി വോട്ടുവീഴുന്നതായി പരാതിയുണ്ടായത്. പിഴവു പരിഹരിക്കുകയും യന്ത്രം മാറ്റുകയും ചെയ്തിരുന്നു. മറ്റു പലസ്ഥലങ്ങളിലും ഉണ്ടായത് യന്ത്രത്തകരാര്‍ മാത്രമായിരുന്നു. ഇതുമൂലം വോട്ടെടുപ്പു വൈകുന്നതായി മാത്രമേ പരാതിയുണ്ടായിരുന്നുള്ളു.
ചിലയിടങ്ങളില്‍ വോട്ടെടുപ്പു തുടങ്ങാന്‍ തന്നെ വൈകി. ഇത്തരം സംഭവങ്ങള്‍ സ്വാഭാവികവും സാധാരണ സംഭവിക്കുന്നതുമാണെന്നും അതിനപ്പുറമൊന്നും ഉണ്ടായിട്ടില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം. യന്ത്രസംവിധാനങ്ങളില്‍ തകരാര്‍ സ്വാഭാവികമാണ്. അതിനു പരിഹാരവുമുണ്ട്. പക്ഷേ, എല്ലായിടത്തേയും പ്രശ്നങ്ങള്‍ക്കു കൃത്രിമത്വത്തിന്റെ ഛായ നല്കി പരിഭ്രാന്തി സൃഷ്ടിക്കാന്‍ നേതാക്കളടക്കം രംഗത്തിറങ്ങി. അമിത്ഷായുടെ തട്ടിപ്പുയന്ത്രം കേരളത്തിലുമെത്തി എന്നാണ് ഒരു ഇടതുനേതാവ് പറഞ്ഞത്.
അടിസ്ഥാനരഹിതമായി പരാതിപറയുന്നവരുടെ പേരില്‍ നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പു നല്‍കുകയും ഒരാളുടെ പേരില്‍ കേസെടുക്കുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ തണുത്തത്. ശക്തമായ നിലപാടെടുക്കുകയും അത് ഉറച്ചുതന്നെ പറയുകയും ചെയ്ത തിരുവനന്തപുരം കലക്ടര്‍ കെ.വി. വാസുകിയുടെ നടപടിയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ വ്യക്തമായ വിശദീകരണവും വ്യാജ പ്രചാരണത്തിനു കടിഞ്ഞാണിട്ടു.
കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്നവര്‍ എന്ന നാടന്‍ ചൊല്ല് ഇത്തരം നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും നന്നായി ചേരും. വീണ്ടുവിചാരമില്ലാതെ പ്രശ്നങ്ങളിലേക്ക് എടുത്തു ചാടുന്നവരെയാണല്ലോ ആ ചൊല്ലു സൂചിപ്പിക്കുന്നത്. അത്തരം എടുത്തുചാട്ടത്തിന്റെ ഫലമാണ് കേരള സമൂഹം അടുത്തകാലത്ത് അനുഭവിച്ചു വരുന്നത്. അതിന്റെ ശക്തി ഏതറ്റം വരെ ചെല്ലുമെന്ന് അറിയാനിരിക്കുന്നതേയുള്ളു. പക്ഷേ, ഇക്കൂട്ടര്‍ അതു മുന്‍കൂട്ടി കണ്ട ലക്ഷണമുണ്ട്. അതായിരിക്കാം ഈ അങ്കലാപ്പിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: