പത്തു ചക്രം കൈയിലുണ്ടെങ്കില്‍ പത്താളെ കൊന്നാലും പ്രശ്നമില്ല എന്ന തരത്തിലേക്ക് കേരളം മാറിക്കഴിഞ്ഞു. അങ്ങനെ വിശകലനം ചെയ്യേണ്ട രീതിയിലേക്ക് സംഭവവികാസങ്ങള്‍ കറങ്ങിത്തിരിഞ്ഞുവരികയാണ്. ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ടൂറിസ്റ്റ് ബസ്സിലെ അക്രമവും തുടര്‍സംഭവങ്ങളുമാണ് പൊതുസമൂഹത്തില്‍ ഭീതി പടര്‍ത്തിയിരിക്കുന്നത്. യാത്രക്കാരെ പല തരത്തില്‍ ചൂഷണം ചെയ്ത് കീശ വീര്‍പ്പിക്കുന്ന ഇത്തരം സ്വകാര്യമുതലാളിമാര്‍ മാഫിയാ സംസ്കാരത്തിലേക്ക് കടന്നിട്ട് കാലം കുറെയായി. തങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സാണ് ബസ് പെര്‍മിറ്റ് എന്ന തരത്തിലേക്ക് കാര്യങ്ങള്‍ വഴിതെറ്റിപ്പോവുകയാണ്.
ബെംഗളൂരുവിലേക്ക് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പല സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരും ബസ് സര്‍വീസ് നടത്തുന്നുണ്ട്. അന്യായമായ ചാര്‍ജു നല്കി യാത്രക്കാര്‍ അതില്‍ കയറുന്നതിനാല്‍ ഒരിക്കലും മുതലാളിമാര്‍ക്ക് നഷ്ടമുണ്ടാവുന്നില്ല. പലപ്പോഴും ചരക്കുനീക്കത്തിനുള്ള ലൈസന്‍സ് സമ്പാദിച്ചശേഷം അത് യാത്രക്കാരെ കൊണ്ടുപോകാനാണ് ഉപയോഗിക്കുന്നത്. അതിനൊപ്പം ചരക്കുനീക്കവും നടക്കും. യാത്രക്കാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇവര്‍ വന്‍ പരാജയമാണെന്ന് പരക്കെ ആരോപണമുണ്ട്. എന്നാല്‍ അതൊക്കെ ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നത്.
കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് പോയ ബസ് ഇടയ്ക്ക് തകരാറിലായി യാത്രക്കാരെ പെരുവഴിയില്‍ നിര്‍ത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ചെറുപ്പക്കാരെ തൊഴിലാളികളും ഗുണ്ടകളും അടിച്ചു പതംവരുത്തുകയാണുണ്ടായത്. ഇത്തരം സംഭവങ്ങളോ ഇതിനോട് സമാനമായവയോ ഉണ്ടാകുമ്പോള്‍ ആരും പരാതിപ്പെടാറില്ല. എത്തേണ്ടയിടത്ത് വല്ലവിധേനയും വന്നശേഷം ശേഷിച്ചതൊക്കെ മറക്കുന്ന സ്വഭാവമുള്ളതിനാലാണിത്. ചിലപ്പോള്‍ പരാതിപ്പെട്ടാല്‍ ഫലമുണ്ടാവില്ല എന്നു മാത്രമല്ല ഒരായിരം നൂലാമാലകളില്‍ കുടുങ്ങുകയും ചെയ്യും. കാരണം, വമ്പന്‍ സ്രാവുകളാണ് ഇത്തരം വ്യവസായങ്ങള്‍ക്ക് പിന്നിലുള്ളത്. എങ്ങനെയും പ്രശ്നങ്ങളില്‍ നിന്ന് അവര്‍ ഊരിപ്പോരും.
ഉന്നതോദ്യോഗസ്ഥരും മറ്റും ചേര്‍ന്ന ബിനാമികളും ഇത്തരം ബസ് വ്യവസായത്തിന് പിന്നിലുണ്ട്. അതിനാല്‍ ഏതു നിയമവും അവര്‍ വ്യാഖ്യാനിക്കുന്നതുപോലെയേ പ്രാബല്യത്തിലാവൂ. പരാതി കൊടുത്തവന് പ്രതിയാകുമെന്ന് പേടിച്ച് പരാതിക്കാര്‍ പിന്മാറും. ഇത്തരം മാഫിയകള്‍ക്ക് തഴച്ചുവളരാന്‍ കഴിയുന്നത് അതുകൊണ്ടാണ്. ബസ് വ്യവസായം അനുദിനം നഷ്ടത്തിലാണെന്ന് പറഞ്ഞ് ഇളവുകള്‍ നേടുന്നവര്‍ നിത്യേന പുതിയ ബസുകളുമായി രംഗത്തിറങ്ങുന്നതിന്റെ പിന്നാമ്പുറ രഹസ്യം ആര്‍ക്കാണറിയാത്തത്.
എന്തു ചെയ്താലും പ്രതികരിക്കാത്ത ഒരു സമൂഹവും അവരെ തിരിഞ്ഞുനോക്കാത്ത ഭരണകൂടവുമാവുമ്പോള്‍ ഇതുപോലുള്ള സംഭവവികാസങ്ങള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. പണം വാങ്ങി സേവനം ചെയ്യുമ്പോള്‍ അതിനനുസരിച്ചുള്ള പെരുമാറ്റ രീതികള്‍ കര്‍ക്കശമാക്കണം. പെര്‍മിറ്റ് കൊടുക്കുമ്പോള്‍ തന്നെ നിബന്ധനകള്‍ വ്യക്തമാക്കിക്കൊടുക്കണം. എന്തൊക്കെയാണ് അവയെന്ന് യാത്രക്കാര്‍ക്ക് കാണാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിക്കണം. പരാതി സംബന്ധിച്ച് എവിടെയറിയിക്കണം, എന്ത് ചെയ്യണം എന്നതിനെക്കുറിച്ചും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവണം ഒരു വ്യവസായം എങ്ങനെയെങ്കിലും വളര്‍ന്നുകൊള്ളട്ടെയെന്ന നിസ്സംഗതയും ഉന്നതങ്ങളിലുള്ളവരുടെ സ്വാധീനവുമാണ് സര്‍വത്ര പ്രതിസന്ധിയുണ്ടാക്കുന്നത്. അത് എന്നെന്നേക്കുമായി അവസാനിപ്പിക്കണം. ‘സുരേഷ് കല്ലട’ ബസ് തൊഴിലാളികള്‍ക്കും മാനേജ്മെന്റിനുമെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണം. ഇത് ഈ മേഖലയിലുള്ളവര്‍ക്ക് പാഠമാകണം. പോലീസിന്റെ നിരുത്തരവാദിത്തവും ഈ സംഭവത്തിലെ മറ്റൊരുവശമാണ്. അതിനും നടപടിയുണ്ടാവണം. മാഫിയാക്കൂട്ടങ്ങള്‍ക്ക് സൈ്വരവിഹാരം നടത്താനുള്ള ഒരു മേഖലയായി ടൂറിസ്റ്റ് ബസ് വ്യവസായത്തെ വിട്ടുകൊടുക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: