മംഗലാപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യാന്‍ ഓസ്‌ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് മംഗലാപുരം സ്വദേശി. 41 കാരനായ സുദീന്ദ്ര ഹെബ്ബാറാണ് വോട്ട് ചെയ്യാന്‍ ജോലി ഉപേക്ഷിച്ചെത്തിയത്. സിഡ്‌നി വിമാനത്താവളത്തിലെ സ്‌ക്രീനിങ് ഉദ്യോഗസ്ഥനായ സുദീന്ദ്രയ്‌ക്ക് ഏപ്രില്‍ അഞ്ച് മുതല്‍ 12 വരെയാണ് അവധി ലഭിച്ചത്.
ഈസ്റ്റര്‍, റംസാന്‍ ഉത്സവക്കാലമായതിനാല്‍ ജോലിത്തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. ഈ സമയത്ത് അവധി നീട്ടി നല്‍കാന്‍ കമ്പനി തയാറായില്ല. എന്നാല്‍ വോട്ടു ചെയ്യണമെന്ന അതിയായ ആഗ്രഹമുള്ളതിനാല്‍ ജോലി വേണ്ടെന്നു വയ്‌ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സിഡ്‌നിയില്‍ ഓരോ തവണ ഇന്ത്യക്കാരനാണെന്ന് പറയുമ്പോഴും ഇന്ത്യയുടെ വളര്‍ച്ചയേക്കുറിച്ചാണ് മറ്റുള്ളവര്‍ക്ക് പറയാനുള്ളത്. ഇതിന്റെ പൂര്‍ണ അവകാശം പ്രധാനമന്ത്രിക്കാണ്. മാതൃരാജ്യത്തിന് വേണ്ടി അതിര്‍ത്തിയില്‍ പോയി യുദ്ധം ചെയ്യാന്‍ കഴിയില്ലായിരിക്കാം. എന്നാല്‍, രാജ്യത്തിനു വേണ്ടി ഒരു പൗരന്‍ എന്ന നിലയില്‍ ഏറ്റവും കുറഞ്ഞ പക്ഷം ഒരു വോട്ടെങ്കിലും ചെയ്യേണ്ട ഉത്തരവാദിത്വം തനിക്കുണ്ട്.
ഓസ്‌ട്രേലിയന്‍ യുവതി ഭാര്യയായതുകൊണ്ട് സ്ഥിരമായി അവിടെ താമസിക്കാനുള്ള വിസയുണ്ട്. ജോലിയില്‍ മികച്ച പ്രവൃത്തി പരിയമുള്ളതിനാല്‍ മറ്റൊരു ജോലി നേടുക പ്രയാസമല്ല. അതിനാലാണ് ബിജെപിക്ക് വോട്ട് ചെയ്യാന്‍ ജോലി ഉപേക്ഷിക്കാന്‍ തയാറായതെന്നും സുദീന്ദ്ര പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 23 മൂന്ന് വരെ ഇന്ത്യയില്‍ തുടരാനാണ് സുദീന്ദ്രയുടെ തീരുമാനം.
















