ഉമ്മന്‍ചാണ്ടി തനിക്ക് പിതൃസമാനനാണെന്ന പ്രസ്താവനയുടെ പേരില്‍ ചരിത്രപ്രസിദ്ധരായവര്‍ രണ്ടുപേരാണ്. ഒരാള്‍ സോളാര്‍ ഫെയിം സരിത എസ്. നായരാണ്. രണ്ടാമത്തെയാള്‍ സരിതയുടെ ഗോഡ്ഫാദറെന്ന് തല്‍പ്പരകക്ഷികള്‍ വിശേഷിപ്പിക്കാറുള്ള പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാറും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഐറ്റം ഡാന്‍സര്‍മാരെ ഇറക്കി അന്തരീക്ഷം ഉണ്ടാക്കുന്നത് സിപിഎമ്മിന്റെ ഒരു പതിവ് ഹോബിയാണ്.
വി.എസ്. അച്യുതാനന്ദനെ പാര്‍ട്ടി ഫിഡല്‍കാസ്‌ട്രോയായി ഔദ്യോഗികമായി പ്രഖ്യാപിക്കുംവരെ അദ്ദേഹമായിരുന്നു നീട്ടിയും കുറുക്കിയും പാര്‍ട്ടിവേദികളെ ഹരം കൊള്ളിച്ച് ഐറ്റംഡാന്‍സറായി വിലസിയിരുന്നത്. ഇക്കുറി താരപ്രചാരകരുടെ പട്ടികയില്‍ കാസ്‌ട്രോയില്ല. പകരം കീഴൂട്ട് ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്‌കുമാറുമാണ് താരങ്ങള്‍.
ഇടയ്‌ക്ക് വെള്ളി വീഴുന്ന ഒച്ചയില്‍ അശ്ലീലം പറഞ്ഞ് സഖാക്കളെ കോള്‍മയിരണിയിക്കുകയാണ് രണ്ട് പേരുടെയും ജോലി. അത്തരം പ്രസംഗത്തിനിടയിലാണ് കഴിഞ്ഞ ദിവസം ഗണേശന്‍ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ:കെ.വി. സാബുവിനെ വട്ടം പിടിച്ചത്. സാബുവിന് ഇനിഷ്യലില്ലെന്നാണ് ഗണേശന്‍ കണ്ടുപിടിച്ചത്. സാബുവര്‍ഗീസ് എന്ന പേരില്‍ നിന്ന് വര്‍ഗീസ് വെട്ടിമാറ്റിയാണ് പോലും സാബു വോട്ട് ചോദിക്കുന്നത്. നാല് വോട്ട് കിട്ടാന്‍ അച്ഛന്റെ പേര് വെട്ടിമാറ്റിയ ആളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്നും ബാലകൃഷ്ണപിള്ളയുടെ മകന് ആക്ഷേപമുണ്ട്. പ്രസംഗത്തിനിടയില്‍ എനിക്ക് ഇനിഷ്യലുണ്ട്, അത് കെ.ബി. എന്നാണെന്ന് ആവര്‍ത്തിച്ച് നെഞ്ചത്തടിച്ച് ഊറ്റം കൊള്ളുന്നുണ്ടായിരുന്നു സിനിമാനടന്‍.
അഡ്വ: കെ.വി. സാബു നാല് പതിറ്റാണ്ടായി രാഷ്‌ട്രീയത്തിലും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലും സജീവമായി നിലയുറപ്പിച്ച ആളാണ്. തൃപ്പൂണിത്തുറ കാറ്റാടിയില്‍ വര്‍ഗീസ് സാബു എന്ന കെ.വി. സാബുവിന് അന്നും ഇന്നും ഒരു പാര്‍ട്ടിയും ഒരു മുന്നണിയുമാണ്. കറുപ്പുടുക്കാനും ശരണംവിളിക്കാനും അവകാശം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ കറുത്ത ഗൗണ്‍ അണിഞ്ഞതിന്റെ, പശ്ചിമഘട്ടസംരക്ഷണത്തിന് ഇടുക്കിയില്‍ തെരഞ്ഞെടുപ്പില്‍ പോരാടിയതിന്റെ കരുത്തുണ്ട് സാബുവിന് തുണയായി.
അത് തരാതരം പോലെ പിതൃസമാനരെ മാറ്റിയെടുക്കുന്ന കെ.ബി. ഇനിഷ്യലാണെന്ന് അഹങ്കരിക്കുന്ന ഗണേശ് കുമാറിന് മനസ്സിലാകില്ല. ഭാര്യയുടെ തല്ലുകൊണ്ട് മുഖം മുഴുവന്‍ നീരുകയറി മാധ്യമങ്ങളില്‍ അലമുറയിട്ട കാലത്ത് ബാലകൃഷ്ണപിള്ള തന്നെ അത് പറഞ്ഞിട്ടുണ്ട്, അവന് അച്ഛനെക്കാള്‍ വലിയ അച്ഛന്മാരുണ്ടല്ലോ, ഉമ്മന്‍ചാണ്ടി പിതൃസമാനനാണെന്നല്ലേ അവന്‍ പറയുന്നത്’ എന്ന്.
അന്ന് ഉമ്മന്‍ചാണ്ടിയുടെ ഐറ്റം ഡാന്‍സറായിരിക്കെ വി.എസ്. അച്യുതാനന്ദനെ കാമഭ്രാന്തന്‍ എന്ന് വിളിച്ചു. ഇന്ന് പിണറായിയുടെ ഐറ്റം ഡാന്‍സറായിരിക്കെ തിരിച്ചും വിളിക്കുന്നു. എന്താണല്ലേ പാരമ്പര്യ മഹിമ!
















