തെയ്യാരാധനയില്‍ വൈഷ്ണവദേവതകള്‍ അപൂര്‍വമാണ്. പാലോട്ടുകാവ്, അണ്ടലൂര്‍കാവ്, കാപ്പാട്ടുകാവ്, കീച്ചേരിക്കാവ്, മാവിലാക്കാവ്, മേച്ചേരിക്കാവ് തുടങ്ങിയ കുറച്ചു സ്ഥാനങ്ങളില്‍ മാത്രമാണ് വൈഷ്ണവദേവതകള്‍ തെയ്യങ്ങളായി കെട്ടിയാടുന്നത്. പാലോട്ടുദൈവം മഹാവിഷ്ണുവിന്റെ മത്സ്യാവതാരമാണെന്നാണ് സങ്കല്പം. മഹാവിഷ്ണു പള്ളികൊള്ളുന്ന പാലാഴി കടന്ന് എത്തിയതെന്ന അര്‍ഥത്തില്‍ പാലാഴിക്കോട്ട് ദൈവം ആണ് പാലോട്ടുദൈവം എന്ന തോറ്റത്തില്‍ നിന്ന് വ്യക്തമാകുന്നത്.
പാലാഴിയില്‍ പള്ളികൊള്ളുന്ന മഹാവിഷ്ണുവിന്റെ പൊന്‍കിരീടം പരമശിവന്റെ അറിവോടെ ഗംഗാദേവി ഇളക്കി. ആ കിരീടം പാലാഴിയിലൂടെ ഒഴുകി, നൂറ്റെട്ടാഴിയും കടന്ന് ഏഴിമുടി മന്നന് നഗരി( കോലത്തുനാട്) ലക്ഷ്യമാക്കി നീങ്ങുകയാണ്. കിരീടം അഴീക്കോട് കടപ്പുറത്ത് വന്നണഞ്ഞു. കടപ്പുറത്ത് മീന്‍ പിടിക്കാന്‍ ചെന്ന ഒരു തീയ്യന്റേയും തട്ടാന്റേയും വലയില്‍ കിരീടം തടഞ്ഞു. ഇരുവരും അതെടുത്ത് മുരിക്കഞ്ചേരി നായരുടെ സ്ഥലത്ത് കൊണ്ടുവച്ചു. ദിവ്യമായ പൊന്‍കിരീടം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. ജ്യോതിഷിയെ വരുത്തി പ്രശ്നം വച്ചു നോക്കിയപ്പോള്‍ മഹാവിഷ്ണുവിന്റെ സാന്നിധ്യമാണെന്ന് മനസ്സിലായി. കോലത്തിരി രാജാവിന്റെ അനുമതിയോടെയും സഹായത്തോടെയും മുരിക്കഞ്ചേരി നായരുടെ സ്ഥലത്ത് പാലോട്ടു ദൈവത്തിന് സ്ഥാനമുറപ്പിച്ചു.
മത്സ്യരൂപത്തില്‍ തന്നെയാണ് ദേവതാസാന്നിധ്യമുണ്ടായതെന്ന് ഒരു ഭിന്നപുരാവൃത്തം കൂടിയുണ്ട്. നമ്പ്യാര്‍, തീയ്യന്, കാതിയന്‍ എന്നിവര്‍ കടപ്പുറത്ത് മീന്‍ പിടിക്കാന്‍ പോയപ്പോള്‍ ഒരു വലിയ മത്സ്യം ചാടി കരയ്ക്കു വീണു. പിന്നെ മത്സ്യത്തെ കാണാനില്ല. ജ്യോതിഷിയെ വരുത്തി പ്രശ്നചിന്ത നടത്തിയപ്പോള്‍ അതു വിഷ്ണുചൈതന്യമാണെന്ന് വ്യക്തമായി. കോലത്തിരി രാജാവിനെ അറിയിച്ചപ്പോള്‍ ദേവതാസ്ഥാനത്തിനുള്ള സ്ഥലവും മറ്റും നിശ്ചയിച്ചു.
( നാളെ: കുരിക്കള്‍ തെയ്യം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: