പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവ് മലബാറിലെ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് ആവേശക്കടലാകും. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവരുടെ ഹൃദയം തൊട്ടാകും മോദി ജനസാഗരത്തിന് മുന്നിലെത്തുക. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതിനകം തന്നെ ബഹുദൂരം മുന്നിലെത്തിയ എന്‍ഡിഎ പ്രവര്‍ത്തകരുടെ പോരാട്ടവീര്യം വര്‍ദ്ധിപ്പിക്കുന്നതായിരിക്കും മോദിയുടെ വരവ്.
പ്രത്യേക രാഷ്ട്രീയ, സാമൂഹ്യ പശ്ചാത്തലത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ്-ഇടതുപക്ഷ അവിശുദ്ധ സഖ്യം കേരളത്തില്‍ വളരെ പ്രകടമായ സാഹചര്യവും ഹിന്ദുവിശ്വാസികള്‍ ഇടതുഭരണത്തിന് കീഴില്‍ ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം. ഇതിനെതിരെയുള്ള ശക്തമായ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. ദേശീയതയുടെ ശക്തമായ കാഹളമോതി, വിശ്വാസികള്‍ക്കൊപ്പം നിന്ന്, അത് ബിജെപി മാനിഫെസ്റ്റോയില്‍ തന്നെ വ്യക്തമാക്കിയാണ് നരേന്ദ്രമോദി കോഴിക്കോട്ടെത്തുന്നത്. അഞ്ച് വര്‍ഷത്തെ ഭരണനേട്ടമെന്ന പൊന്‍തിളക്കം മാത്രമല്ല, നരേന്ദ്രമോദിയെന്ന ഭരണകര്‍ത്താവിനുള്ളത്. മറിച്ച് രാജ്യത്തിന്റെ ഓരോ പൗരന്റെയും അഭിമാനം കാത്ത്, പാക്കിസ്ഥാനെതിരെ ശക്തമായ മറുപടി നല്കി, അന്തര്‍ദ്ദേശീയ ബഹുമതിയും പിന്തുണയും നേടി രാജ്യത്തിന്റെ കാവില്‍ക്കാരന്‍ എന്ന നിലയിലാണ് മോദി ജനസമക്ഷമെത്തുന്നത്. ആ വരവ് തീര്‍ച്ചയായും കോഴിക്കോട് ആഘോഷപ്പൂരമാകുമെന്നുറപ്പ്.
2016 സെപ്തംബറിലെ മോദിയുടെ വരവും ഒരഴകായിരുന്നു, നിറഞ്ഞ ആവേശവും. അതിന്റെ പതിന്മടങ്ങ് ഉത്സാഹമായിരിക്കും ഇത്തവണ. കോഴിക്കോട് കടപ്പുറം തിങ്ങിനിറഞ്ഞ അന്നത്തെ മഹാസമ്മേളനത്തില്‍ മോദി ഊന്നിപ്പറഞ്ഞ ഒരു കാര്യമുണ്ട്- ‘ഉറിയിലെ അക്രമത്തിന് പാക്കിസ്ഥാന് മറുപടി നല്കിയിരിക്കും. ഭീകരാക്രമണത്തിന് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ല. ഭീകരാക്രമണം തുടച്ച് നീക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധം.’ രാജ്യത്തിന് നല്കിയ ആ വാക്ക് അക്ഷരാര്‍ത്ഥത്തില്‍ നരേന്ദ്രമോദി പാലിച്ചു. പാക്കിസ്ഥാന്റെ അതിര്‍ത്തി കടന്ന് ആക്രമണം നടത്തി അഭിമാനം വാനോളം ഉയര്‍ത്തി. ഈ പശ്ചാത്തലത്തില്‍ ഇന്ന് നടക്കുന്ന മഹാസമ്മേളനം ഐതിഹാസികമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ ഇരട്ടത്താപ്പ് തുറന്ന് കാട്ടാനുള്ള വേദി കൂടിയാകും മോദിയുടെ മഹാസമ്മേളനം. വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍, വാസ്തവത്തില്‍ അമേത്തിയില്‍ പരാജയഭീതി കണ്ട് സുരക്ഷിതമാളത്തിലേക്ക് മാറിയിരിക്കുകയാണ്. ഏത് സാധാരണ കോണ്ഗ്രസുകാരന് നിന്നാലും ജയിക്കുന്ന മണ്ഡലമാണ് വയനാട്. അത്തരമൊരു സുരക്ഷിതകേന്ദ്രത്തില്‍ നിന്നാണ് രാഹുല്‍ ജനകീയതയെക്കുറിച്ച് സംസാരിക്കുന്നത്. മോദിയെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭീകരതയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ല രാഹുല്‍. കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്നതിനെ പറ്റിയും രാഹുലിന് മിണ്ടാട്ടമില്ല. കേരളത്തിലെ മുഖ്യശത്രു സിപിഎം ആണെന്ന് പറയാനുള്ള ആര്‍ജ്ജവവും കോണ്‍ഗ്രസ് അദ്ധ്യക്ഷനില്ല. അതേസമയം കോണ്‍ഗ്രസിന്റെ കേരള നേതാക്കള്‍ പറയുന്നത് സിപിഎം മുഖ്യശത്രുവാണെന്നാണ്.
ശബരിമല, കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ തിളയ്ക്കുന്ന വികാരമാണിപ്പോള്‍. അയ്യപ്പഭക്തരെ നിരന്തരം അപമാനിച്ചും കടന്നുകയറ്റം നടത്തിയും തകര്‍ക്കാനുള്ള ശ്രമമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത്. വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിനും. വിശ്വാസികള്‍ക്കൊപ്പം നിന്ന് അവരുടെ അവകാശത്തിനായി പോരാടുകയാണ് ബിജെപിയും ഹൈന്ദവസംഘടനകളും.
കേരളത്തിലെ ജനത തിരിച്ചറിഞ്ഞ വസ്തുതയാണിത്. പ്രമുഖ സമുദായസംഘടനകളെല്ലാം വിശ്വാസംരക്ഷണ പോരാട്ടകര്‍ക്കൊപ്പമാണ്. തെരഞ്ഞെടുപ്പില്‍ ഇത് എന്‍ഡിഎക്ക് ഗുണം ചെയ്യുമെന്ന് തിരിച്ചറിഞ്ഞതോടെ ഇടതു സര്‍ക്കാര്‍ മറ്റൊരു കുതന്ത്രം പയറ്റുകയാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നു. നിരന്തരം കേസില്‍പ്പെടുത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് ശ്രമിക്കുന്നത്. കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ്ബാബു, പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്, ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന് എന്നിവര്‍ ഈ കുതന്ത്രത്തിന്റെ ഇരകളാണ്. അഡ്വ. പ്രകാശ്ബാബുവിനെ റിമാന്റില്‍ തളച്ചിടാന്‍ ഇടത് ഭരണകൂട കുതന്ത്രത്തിനായി. കോഴിക്കോട്ട് നരേന്ദ്രമോദി മഹാസമ്മേളനത്തില്‍ അലയടിക്കുമ്പോള്‍ അത് അഡ്വ. പ്രകാശ്ബാബു, വടകര വി.കെ. സജീവന്, കാസര്‍കോട് രവീശ തന്ത്രി കുണ്ടാര്‍, കണ്ണൂര്‍ സി.കെ. പത്മനാഭന്, വയനാട് തുഷാര്‍ വെള്ളാപ്പള്ളി, പൊന്നാനി പ്രൊഫ. വി.ടി. രമ, മലപ്പുറം വി. ഉണ്ണികൃഷ്ണന്, പാലക്കാട് സി. കൃഷ്ണകുമാര്‍ എന്നിവരുടെ ജനസ്വാധീനം ഉറപ്പിക്കാന്‍ കൂടിയാകും.
വ്യക്തിപ്രഭാവത്തില്‍ മാത്രമല്ല, ഈ തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുക. വികസനം, സ്ഥിരത എന്നീ മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ചാകും. രാജ്യമൊട്ടാകെ വികസനം സാധ്യമാക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിനായിട്ടുണ്ട്. തീര്‍ച്ചയായും കോഴിക്കോടിനുമുണ്ട് വികസനത്തിന്റെ പട്ടിക നിരത്താന്‍. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്, മെഡിക്കല്‍ കോളജ് ആശുപത്രി, കരിപ്പൂര്‍ വിമാനത്താവളം, ദേശീയപാതകള്‍, പാലങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം കോഴിക്കോടിന് അഭൂതപൂര്‍വ്വമായ വികസനമാണുണ്ടായിട്ടുള്ളത്.
കോഴിക്കോടന്‍ മണ്ണില്‍ നരേന്ദ്രമോദി, ഒരിക്കല്‍ കൂടി വരുമ്പോള്‍ തീര്‍ച്ചയായും അത് മറ്റൊരു ചരിത്രമാകും. കടപ്പുറത്തേക്ക് ജനങ്ങള്‍ സാഗരമായെത്തുക, ഭാരതത്തിന്റെ വികസനം ത്വരിതപ്പെടുത്തി സുസ്ഥിരതയും അഭിമാനവും സംരക്ഷിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ തുടരാന്‍ കാഹളം മുഴക്കി തന്നെയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: