അസാമാന്യ പ്രതിഭകളുടെ നാടാണ് ഭാരതം. ഇത് കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരും അനുഭവിച്ചറിഞ്ഞവരും എതിരഭിപ്രായം പറയാന്‍ ഇടയില്ല. അഥവാ അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ ഓര്‍ത്തോളൂ ഒരജണ്ട അതിനു പിന്നിലുണ്ടാവും. അത് പക്ഷേ, എളുപ്പം തിരിച്ചറിയാനാവില്ല.എന്നാല്‍ ഒരിക്കല്‍ അത് വെളിയില്‍ വരും.അവര്‍ അപഹാസ്യരാവുകയും ചെയ്യും. കുറച്ചു കാലത്തേക്ക് ഇതൊക്കെ ഒതുക്കി വെക്കാന്‍ കഴിയുമെങ്കിലും കാലാകാലം അതിനു സാധിക്കില്ല.
ഇതേപോലെയാണ് ജനകോടികള്‍ സ്നേഹിച്ചാരാധിക്കുന്ന മോദിയും. അദ്ദേഹത്തിന്റെ കഴിവിനെ കുറച്ചു കാണിക്കാനും ആ വ്യക്തിത്വത്തിലേക്ക് ചെളി വാരിയെറിയാനും ഒരു പക്ഷേ, കഴിഞ്ഞേക്കാം. കാരണം അസാധാരണ വ്യക്തിപ്രഭാവമുള്ള തികഞ്ഞ സാധാരണക്കാരനാണദ്ദേഹം.ഒരു സാധാരണ വ്യക്തിയുടെ ആശയാഭിലാഷങ്ങളും പ്രതീക്ഷയും പ്രത്യാശയും ആത്മാര്‍ഥതയും അദ്ദേഹത്തിനറിയാം. ഏത് അവസ്ഥകളെയും അതിജീവിക്കാനുള്ള ആദര്‍ശാത്മക അവബോധം അദ്ദേഹത്തില്‍ നിറഞ്ഞു നില്ക്കുന്നു.
ചെറുപ്പംമുതലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ക്രമപ്രവൃദ്ധമായ അനുശാസനത്തിലൂടെ വളര്‍ന്നു വന്നയാളാണ് നരേന്ദ്ര ദാമോദര്‍ ദാസ് മോദി.അസാധ്യമെന്ന വാക്ക് തന്റെ നിഘണ്ടുവിലില്ലെന്ന് ഒരു നേതാവ് പറഞ്ഞെങ്കില്‍ ജീവിതത്തില്‍ അത് അനുഭവിച്ചു കാണിച്ചുതരുന്നു മോദി .വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കാത്തതിനാല്‍ രാജ്യത്തെ അങ്ങേയറ്റം കഷ്ടപ്പെട്ട് കണ്ണീര്‍വാര്‍ത്തു കഴിയുന്നവരുടെ വിഷമങ്ങള്‍ അദ്ദേഹത്തിന് മനസ്സിലാവുന്നു. ചായ് വാലയില്‍ നിന്ന് സമാജസേവയിലേക്കുള്ള മോദിയുടെ പ്രയാണം ഒരിക്കലും എളുപ്പമായിരുന്നില്ല. കഠിന കണ്ടകാകീര്ണമാര്ഗത്തിലൂടെ അനവരതം അനുസ്യൂതം അത് തുടര്‍ന്നു. ഇന്നും അതിന് മാറ്റം വന്നിട്ടില്ല.
ഇന്ത്യയെ കണ്ടെത്താന്‍ ഇന്ത്യയെ അറിയണം എന്ന ആവേശത്തോടെയാണ് അദ്ദേഹം രാജ്യത്തെ ഓരോ മുക്കും മൂലയും സഞ്ചരിച്ചത്.പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷം ഏതെങ്കിലും പ്രശസ്തന്‍ രചിച്ച ഗ്രന്ഥത്തിലൂടെയല്ല മോദി ഇന്ത്യയെ അറിഞ്ഞതെന്ന് ചുരുക്കം. അതിനാല്‍ തന്നെ അനുഭവതീക്ഷ്ണമായ സംഭവഗതികളിലൂടെ പരുവപ്പെട്ടു വന്ന വ്യക്തിത്വമാണ് മോദിയുടേത്.ഏത് ആരോപണത്തിന്റെ കുന്തമുനയേറ്റിട്ടും ഇത്തിരി ചോര പൊടിയാതിരിക്കുന്നതും അതിനാല്‍ തന്നെ.
പ്രധാനമന്ത്രിപദത്തിലേറി അഞ്ചു വര്‍ഷം കഴിയുമ്പോള്‍ അഭിമാനാര്‍ഹമായ നേട്ടങ്ങളുടെ ഹിമാലയ ഗരിമയാണ് അദ്ദേഹത്തിനുള്ളത്. എല്ലാതരത്തിലും തലത്തിലും താഴേക്കു പതിച്ചു കൊണ്ടിരുന്ന ഒരു രാജ്യത്തെ ഗോവര്‍ധന മുയര്‍ത്തിയ കൃഷ്ണനെ പോലെ മോദി ഉയര്‍ത്തിക്കൊണ്ടുവന്നു.
എല്ലാം തനിക്കും തന്റെ കുടുംബത്തിനുമെന്ന സ്വാര്ഥതാല്പര്യത്തിന്റെ ഉമ്മറക്കോലായയില്‍ മോദിയെ നമുക്കു കാണാനാവില്ല. എല്ലാം സമൂഹത്തിന്, സമാജത്തിന് എന്ന നിശ്ചയദാര്‍ഢ്യവുമായാണ് മോദി മുന്നേറുന്നത്. തല്പരകക്ഷികള്ക്കൊക്കെ പ്രശ്നവും അതു തന്നെ. ജവാനെയും കിസാനെയും ഒരേ ചരടില്‍ കോര്‍ത്തുകൊണ്ടുള്ള മാലയാണ് മോദി ഭാരതാംബയ്ക്ക് ചാര്‍ത്തിയിരിക്കുന്നത്.
ദീര്‍ഘവീക്ഷണമുള്ള ഒട്ടുവളരെ നേതാക്കള്‍ നമുക്കുണ്ടായിരുന്നു എന്നത് വസ്തുതയാണ്. പക്ഷേ, നരേന്ദ്ര മോദിയുടേതു പോലെയുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലും ഇടപഴകലും ഉണ്ടായിരുന്നില്ല.ചില വിഭാഗങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും അവരുടെ പ്രവര്‍ത്തനം മൂലം മുന്നേറ്റമുണ്ടായിട്ടുണ്ടാവാം. എന്നാല്‍ ഭാരതത്തിന്റെ ഒരു സമഗ്രചിത്രം അവര്‍ക്കു മുന്നിലുണ്ടായിരുന്നില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ സൂചനയാണല്ലോ പത്തറുപതു കൊല്ലം രാജ്യം ഭരിച്ച കക്ഷിയുടെ നേതാവ് ഉത്തരേന്ത്യയെന്നും ദക്ഷിണേന്ത്യയെന്നും വേര്‍തിരിച്ചു കൊണ്ട് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗവും സ്ഥാനാര്‍ഥിത്വവും.
രാഷ്ട്രത്തിന്റെ ചിതിയും ചിത്തവും അസ്മിതയും പുസ്തകങ്ങളില്‍ നിന്ന് കിട്ടിക്കൊള്ളണമെന്നില്ല. അത് അറിയാനും സ്വാംശീകരിക്കാനുമുള്ള മനസ്സുണ്ടാവണം. താനും തന്റെ കുടുംബവും ഒത്താശക്കാരുമെന്ന മൂന്നാംകിട രാഷ്ട്രീയത്തില്‍ നിന്ന് രാഷ്ട്രവും ഞാനും എന്ന കാഴ്ചപ്പാടിലേക്ക് ഉയരണം. അങ്ങനെ ഉയരണമെങ്കില്‍ വേരുകള്‍ ശക്തമായിരിക്കണം.ഇന്ത്യത്വം ഉണ്ടായിരിക്കണം.രാഷ്ട്രത്തിന്റെ അഭിമാനമായ മാനബിന്ദുക്കളെന്തെന്നറിയണം.അതില്‍ അഭിമാനിക്കാനാവണം. ഓരോ ഇന്ത്യക്കാരനും എന്റെ സഹോദരീ സഹോദരന്മാരാണെന്ന പ്രതിജ്ഞ ഉരുവിട്ടു പഠിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. ഒരു സഹോദരന്റെയൊ സഹോദരിയുടെയൊ കണ്ണീരൊപ്പാന്‍ കഴിയണം. ആ കണ്ണീരില്‍ വിങ്ങുന്ന വേദനകളറിയണം.അതറിയുന്ന ഒരു ഭരണാധികാരിയാണ് നരേന്ദ്ര മോദി.
അതുകൊണ്ടാണ് ഇന്ത്യയിലെ ജനകോടികളുടെ ഹൃദയത്തില്‍ അദ്ദേഹം സ്ഥാനം പിടിച്ചത്. ഭാരതാംബയെക്കുറിച്ചുള്ള അഭിമാനത്തില്‍ നിന്നാണ് പെണ്‍കുട്ടികളുടെ മുന്നേറ്റത്തിനായി ‘സുകന്യ സമൃദ്ധി യോജന’ പോലുള്ള പദ്ധതികള്‍ അദ്ദേഹം വിഭാവന ചെയ്തത്, നടപ്പാക്കിയത്. എല്ലാവരുംനടന്ന വഴിയിലൂടെയല്ല മോദി നടക്കുന്നത്.
പുതിയ വഴികളിലെ വിസ്മയക്കാഴ്ചകള്‍ അദ്ദേഹം നമുക്കു കാട്ടിത്തരികയാണ്. അത് ആസ്വദിക്കാനും അനുഭവിക്കാനും നമ്മെ കൈ പിടിച്ചു നടത്തുകയാണ്. അതിന്റെ നേരറിവുകള്‍ അനുഭവിച്ചതിന്റെ ആഹ്ളാദത്താലാണ് ലോകനേതാക്കള്‍ മോദിയെ സഹര്‍ഷം സ്വാഗതം ചെയ്യുന്നത്.ആ വിസ്മയ വ്യക്തിത്വത്തെ നെഞ്ചേറ്റുന്നത്. ഭാരതത്തിന്റെ ഗരിമ വാനോളം ഉയര്‍ത്തിയ ഈ നേതാവിന് പകരം വെക്കാന്‍ ആരാണുള്ളത്.അതിനാലല്ലേ പ്രതിപക്ഷമെന്ന പേരില്‍ ചിലര്‍ അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കുന്നത്. ജനകോടികള്‍ അദ്ദേഹത്തിനായി ജീവിതം മാറ്റി വെച്ചിരിക്കുമ്പോള്‍ ഇവരുടെ പ്രവര്‍ത്തനങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയാവും എന്നതിന് സംശയമെന്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: