മലപ്പുറം: പൊന്നാനിയിലെ മത്സരം ശരിക്കും എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീറിനെ തോല്‍പ്പിക്കാന്‍ മുസ്ലിം ലീഗിലെ പ്രബല വിഭാഗത്തിന്റെ ഒത്താശയോടെ സിപിഎം രംഗത്തിറക്കിയിരിക്കുന്നത് വിവാദ വ്യവസായി കൂടിയായ എംഎല്‍എ പി.വി. അന്‍വറിനെയാണ്. സിറ്റിംഗ് എംപി കൂടിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ മണ്ഡലത്തില്‍ അപ്രസക്തനായി മാറിയിരിക്കുന്നു. ബിജെപിയുടെ മാതൃശക്തിയായ വി.ടി. രമക്ക് മണ്ഡലത്തില്‍ ലഭിക്കുന്ന സ്വീകാര്യത ഇരുമുന്നണികളെയും അസ്വസ്ഥമാക്കുന്നുണ്ട്.
ധാരാളം ശിഷ്യഗണങ്ങളുള്ള വി.ടി. രമയെന്ന അദ്ധ്യാപികയെ പൊന്നാനിയിലെ ജനങ്ങള്‍ ഇതിനോടകം നെഞ്ചേറ്റി കഴിഞ്ഞു. സൗമ്യയായ അദ്ധ്യാപിക കുട്ടികളോട് ഇടപെടുന്ന അതേ രീതിയിലാണ് ടീച്ചറുടെ പ്രചാരണം മുന്നേറുന്നത്. കേരള ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതിയുടെ സംസ്ഥാന അദ്ധ്യക്ഷയായിരിക്കെ നടത്തിയ സ്ത്രീസ്വാഭിമാന്‍ യാത്രയും ശബരിമല ആചാരലംഘനത്തോടനുബന്ധിച്ച് നടത്തിയ വനിതാ പ്രതിഷേധവും സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ നിരാഹാരസമരവും വി.ടി. രമയുടെ ജനകീയത വര്‍ധിപ്പിച്ചു. ആചാരസംരക്ഷണത്തിനായി പോരാടിയ ധീരവനിതയ്ക്കൊപ്പം വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എപ്പോഴും സ്ത്രീകളുടെ വലിയനിര തന്നെയുണ്ട്.
എംപിയുടെ ജനവിരുദ്ധത ചര്‍ച്ചയാകുന്നു
പത്ത് വര്‍ഷമായി പൊന്നാനി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത് മുസ്ലിംലീഗിലെ ഇ.ടി. മുഹമ്മദ് ബഷീറാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ചെങ്കിലും പൊന്നാനിക്കാര്‍ക്ക് ഇതിന്റെ ഗുണഫലങ്ങള്‍ പൂര്‍ണ്ണമായും ലഭിച്ചില്ല. എംപിയുടെ അമിതമായ ബിജെപി വിരോധമാണ് ഇതിന് കാരണം.
മുസ്ലിംലീഗിനുള്ളില്‍ തീവ്രനിലപാടുകാരില്‍ പ്രധാനിയാണ് ഇ.ടി. മുഹമ്മദ് ബഷീര്‍. ഒരു വിഭാഗത്തിന്റെ മാത്രം എംപിയായി തുടരുന്ന ബഷീറിനെതിരെ മണ്ഡലത്തില്‍ ഇത്തവണ വലിയ എതിര്‍പ്പാണ് ഉടലെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ ഒരു വലിയ വിഭാഗം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. പ്രചാരണം ചൂടുപിടിച്ചപ്പോഴും ഇതിന് അയവു വന്നിട്ടില്ല. പരാജയം ഭയന്നാണ് എസ്ഡിപിഐയുമായി രഹസ്യചര്‍ച്ച നടത്താന്‍ മുസ്ലിം ലീഗ് നിര്‍ബന്ധിതരായത്.
പണമെറിഞ്ഞ് പി.വി.അന്‍വര്‍
സിപിഎം രംഗത്തിറക്കിയിരിക്കുന്ന നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ മണ്ഡലത്തില്‍ പണം വാരിയെറിയുകയാണ്. കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള പ്രചാരണ ആര്‍ഭാടമാണ് പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നടത്തുന്നത്. മുന്‍ കോണ്‍ഗ്രസുകാരനായ അന്‍വറിനൊപ്പം കോണ്‍ഗ്രസിലെ വിമതവിഭാഗവും രംഗത്തുണ്ട്. മുസ്ലിം ലീഗിലെ പ്രബലവിഭാഗവും രഹസ്യമായി അന്‍വറിനെ സഹായിക്കുന്നു. എല്‍ഡിഎഫ്-എന്‍ഡിഎ പോരിനാണ് നിലവില്‍ പൊന്നാനി സാക്ഷ്യം വഹിക്കുന്നത്.
എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ തീവ്രമുസ്ലിം സംഘടനകളെയും കൂടെ നിര്‍ത്താന്‍ സിപിഎമ്മിന് ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. മതന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലത്തില്‍ മുസ്ലിം ലീഗിനെ വെല്ലുന്ന വര്‍ഗീയധ്രുവീകരണമാണ് ഇടതുമുന്നണി സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: