കോഴിക്കോട്: റിട്ട. കേണല്‍ പി.എന്‍. ആയില്യത്ത് (ആയില്യത്ത് പ്രഭാകരന് നമ്പ്യാര്‍ – 85) അന്തരിച്ചു. കണ്ണൂര്‍ ചാലയിലെ ആയില്യത്ത് കുടുംബാംഗമാണ്. അവിവാഹിതനാണ്. അഖില ഭാരതീയ പൂര്‍വ സൈനിക് സേവാപരിഷത്ത് സംസ്ഥാന മുഖ്യരക്ഷാധികാരിയും ഭാരതീയവിദ്യാനികേതന്‍ സിബിഎസ്ഇ വിഭാഗം സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമാണ്.
കോഴിക്കോട് ഫാറൂഖ് കോളേജില്‍ അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം 1962ലെ ഇന്ത്യ-ചൈനീസ് യുദ്ധകാലത്ത് ജോലി രാജിവച്ച് ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു. ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം യൂണിറ്റ് കമാന്‍ഡറായും ഇന്‍സ്ട്രക്ടറായും സേവനമനുഷ്ഠിച്ചു. 1987ല്‍ കേണലായി വിരമിച്ചു.
സൈന്യത്തില്‍ നിന്ന് വിരമിച്ചശേഷം കോഴിക്കോട് ബിലാത്തികുളത്തെ ‘മീനാക്ഷി’യില്‍ താമസിച്ച് വിമുക്തഭടന്മാരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ഇന്ത്യന്‍ എക്സ് സര്‍വീസ് ലീഗ് കേരള ഘടകത്തിന്റെ സ്ഥാപകാംഗമായിരുന്നു. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയ സമിതിയുടെ സ്ഥാപക അധ്യക്ഷ സ്ഥാനം വഹിച്ച അദ്ദേഹം ദീര്‍ഘകാലം ആ ചുമതലയില്‍ തുടര്‍ന്നു. നിലവില്‍ രക്ഷാധികാരിയാണ്.
പൂര്‍വസൈനിക് സേവാപരിഷത്ത് കോഴിക്കോട് ജില്ലാ രക്ഷാധികാരിയുമായിരുന്നു. കേസരി വാരികയില്‍ പ്രതിരോധസംബന്ധമായ ലേഖനങ്ങള്‍ എഴുതിയിരുന്ന അദ്ദേഹം കോഴിക്കോട്ടെ സാമൂഹ്യസാംസ്കാരികസേവന രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. ബിലാത്തികുളം റസിഡന്റ്സ് അസോസിയേഷന്റെ അദ്ധ്യക്ഷനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന് എ. ശ്രീധരന് നമ്പ്യാര്‍, എ. ജാനകിഅമ്മ എന്നിവരാണ് സഹോദരങ്ങള്‍. സഹോദരമക്കള്‍: പ്രേമ, വിജയ, ശോഭ, ബീന, പുഷ്പ. മരുമക്കളുടെ ഭര്ത്താക്കന്മാര്: അഡ്വ.പി.കെ.ആര്. മേനോന്, സുരേഷ് മക്കന്ചേരി (യുഎസ്എ), രാധാകൃഷ്ണന്‍നായര്‍ (യുഎസ്എ), പരേതനായ വിനോദ്കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: