ലണ്ടന്‍: ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടണ്‍ ഖേദം പ്രകടിപ്പിച്ചു. ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് പ്രധാനമന്ത്രി തെരേസ മേ ഖേദ പ്രകടനം നടത്തിയത്. നൂറ് വര്‍ഷം മുന്‍പ് 1919 ഏപ്രില്‍ പതിമൂന്നിന് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പഞ്ചാബിലെ അമൃത്‌സറിലുള്ള ജാലിയന്‍വാലാ ബാഗില്‍ തടിച്ചുകൂടിയ നിരായുധരായആയിരങ്ങളെയാണ് ബ്രിട്ടീഷ് സൈന്യം വെടിവച്ചുകൊന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീരോചിത ഇതിഹാസമാണ് ഈ സംഭവം. ബ്രിട്ടന്റെ ചരിത്രത്തിലെ തീരാ കളങ്കമായ സംഭവത്തില്‍ ഇന്ത്യയോട് മാപ്പ് ചോദിക്കണമെന്ന ആവശ്യം ബ്രിട്ടനില്‍ ഏറെക്കാലമായി വളരെ ശക്തമാണ്.
വ്യക്തമായി, നിരുപാധികം ഇന്ത്യയോടു മാപ്പു ചോദിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ലേബര്‍ പാര്‍ട്ടിയുടെ ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി എംപിമാര്‍ ബ്രീട്ടിഷ് സര്‍ക്കാരിന് നിവേദനവും നല്‍കിയിട്ടുണ്ട്.
പാര്‍ലമെന്റില്‍ മറുപടി പറയുമ്പോഴാണ് പ്രധാനമന്ത്രി തെരേസ മേ ഖേദപ്രകടനം നടത്തിയത്. അന്ന് സംഭവിച്ചതില്‍ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി പറഞ്ഞത്. ബ്രിട്ടനും ഇന്ത്യയും തമ്മില്‍ സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും സമൃദ്ധിയുടെയും സുരക്ഷയുടെയും ബന്ധമാണിന്നുള്ളത്. ബ്രിട്ടനിലുള്ള ഇന്ത്യന്‍ വംശജര്‍ രാജ്യത്തിന് നല്‍കുന്ന സംഭാവന വളരെ വലുതാണ്, മേ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയോട് മാപ്പു ചോദിക്കണം എന്ന ആവശ്യം പരിഗണിക്കുന്നതായും മേ പറഞ്ഞു. നിരവധി പേര്‍ ക്ഷമാപണം ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യത്തെ കുറിച്ച് ഗൗരവമായി ആലോചിക്കാം എന്ന് ഉറപ്പ് തരുന്നു, മേ പറഞ്ഞു.
ജാലിയന്‍വാലാ ബാഗില്‍ ബ്രിട്ടന്‍ നടത്തിയ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം ആചരിക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തിലുള്ള ബ്രിട്ടന്റെ നടപടിക്ക് ഏറെ പ്രാധാന്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: