പത്തനംതിട്ട: എന്‍ഡിഎയുടെ ശക്തി ഒന്നുകൂടി വര്‍ധിപ്പിച്ച് കേരള ജനപക്ഷം (സെക്കുലര്‍) മുന്നണിയില്‍ പങ്കാളിയായി. ഇന്നലെ പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ ബിജെപി ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍, സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എന്നിവരോടൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് പി.സി. ജോര്‍ജ് എംഎല്‍എ തീരുമാനം പ്രഖ്യാപിച്ചത്.
ജനപക്ഷം എന്ന രാഷ്‌ട്രീയ പ്രസ്ഥാനം മുന്നോട്ടുവച്ചിട്ടുള്ള വിശ്വാസ സംരക്ഷണം എന്ന മുദ്രാവാക്യം എന്‍ഡിഎ പ്രകടനപത്രികയില്‍ ശരിവയ്‌ക്കുന്നതാണ് തീരുമാനത്തിന് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. മലയോര കര്‍ഷകരെ പ്രതിസന്ധിയിലാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. റബ്ബര്‍ കര്‍ഷകറുടെ ആവശ്യം പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ റബ്ബര്‍ ആക്ടിന്റെ കരട് രേഖയില്‍ റബ്ബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിച്ചു.
റബ്ബറിന് 200 രൂപ തറവില നിശ്ചയിക്കണമെന്ന ജനപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ന്യൂനപക്ഷവിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്നും ചര്‍ച്ച് ആക്ട് നടപ്പാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത് തോല്‍പ്പിക്കുന്നതിന് എല്ലാ സഹായവും ഉണ്ടാകുമെന്നും എന്‍ഡിഎ കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കിയതായും പി.സി. ജോര്‍ജ് പറഞ്ഞു.
















