പാലാ: പാലാ-തൊടുപുഴ പാതയിലെ മാനത്തൂരില്‍ ഞായറാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഞ്ചുപേരില്‍ നാലുപേരുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെ സംസ്കരിച്ചു. ഒരാളുടെ സംസ്കാരം ഇന്ന് നടക്കും. കടനാട് കിഴക്കേക്കര വിഷ്ണുരാജ് (അപ്പൂസ്-28), മലേപ്പറമ്പില്‍ ഉല്ലാസ് (38), ഇരുവേലിക്കുന്നേല്‍ പ്രമോദ് സോമന് (31) എന്നിവരുടെ മൃതദേഹങ്ങള്‍ വീട്ടുവളപ്പിലും അറയ്ക്കപ്പറമ്പില്‍ സുധി ജോര്‍ജ് (ജിത്തു 28)ന്റെ മൃതദേഹം മാനത്തൂര്‍ സെന്റ് മേരീസ് പള്ളിയിലും സംസ്കരിച്ചു. വെള്ളിലാപ്പള്ളി നടുവിലേക്കുറ്റ് ജോബിന്‍സ് ജോര്‍ജിന്റെ മൃതദേഹം ഇന്ന് 2.30ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ സംസ്കരിക്കും.
അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ 2.15 ഓടെയാണ് ജന്മനാടായ കടനാട്ടില്‍ എത്തിച്ചത്. മരണത്തിലും കൈവിടാത്ത സുഹൃത്തുക്കളും നാടിന്റെ പ്രിയപ്പെട്ടവരുമായ ഇവരെ അവസാനമായി ഒരു നോക്കുകൂടി കാണാന്‍ ഒരു നാടു മുഴുവന്‍ ഒഴുകിയെത്തി.
മൃതദേഹങ്ങള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ കടനാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ സ്ത്രീ പുരുഷ ഭേദമില്ലാതെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളും നാട്ടുകാരും തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്ത് നിലകൊണ്ടു. 2.15 ഓടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സുകള്‍ നിരയായി വന്നുനിന്നു. ആംബുലന്‍സുകളും അകമ്പടിയായി വന്ന പോലീസ് വാഹനങ്ങളും വളരെ ദൂരത്തു നിന്ന് കണ്ടപ്പോള്‍ തന്നെ സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ദുഃഖം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. നിയന്ത്രണംവിട്ട് കരഞ്ഞുകൊണ്ടാണ് ആംബുലന്‍സില്‍ നിന്ന് ഉറ്റവരുടെ മൃതദേഹങ്ങള്‍ ഓരോന്നും പുറത്തേക്കിറക്കിയത്. അര മണിക്കൂര്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ജോബിന്സിന്റേതൊഴികെ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ അവരവരുടെ വീടുകളിലേക്ക് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് എറ്റുവാങ്ങി കൊണ്ടുപോയി. ജോബിന്‍സിന്റെ മൃതദേഹം പാലായിലെ ഒരു സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി. പൊതുദര്‍ശനത്തിന് കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയ്സണ്‍ പുത്തന്‍കണ്ടവും ഭരണ സമിതിയംഗങ്ങളും നേതൃത്വം നല്കി.
കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായ പി.സി. തോമസ്, തോമസ് ചാഴിക്കാടന്, വി.എന്‍. വാസവന് എന്നിവരും ജോസ് കെ. മാണി എംപി, നഗരസഭാധ്യക്ഷ ബിജി ജോജോ, കൗണ്‍സിലര്‍മാര്‍, ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ ബിനു പുളിക്കക്കണ്ടം, സോമശേഖരന്‍ തച്ചേട്ട്, റബ്ബര്‍ ബോര്‍ഡ് അംഗം കെ.എം. സന്തോഷ് കുമാര്‍, മാണി സി. കാപ്പന്, ഫിലിപ്പ് കുഴികുളം, വിജയകുമാര്‍, ആര്. കണ്ണന്, ഷാജി വെള്ളാപ്പാട്, ബെന്നി മൈലാടൂര്‍, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍, ആര്.ടി. മധുസൂദനന്, എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: