തൃശൂര്‍: ചട്ടലംഘനം നടത്തിയെന്നാരോപിച്ചു തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നോട്ടീസിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിശദീകരണം നല്കി. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് വിശദീകരണം. പ്രസംഗത്തിന്റെ കോപ്പി നല്കിയാല് വിശദമായ മറുപടി നല്‍കാമെന്നും കമ്മീഷനെ അറിയിച്ചു.
തൃശൂര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗം ചട്ടലംഘനമല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സ്ഥാനാര്‍ഥി സുരേഷ് ഗോപിയും എന്‍ഡിഎയും. ഇത് വ്യക്തമാക്കുന്ന വിശദീകരണമാണ് സുരേഷ് ഗോപി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത് .
ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ലെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. പ്രചാരണത്തിനായി മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ല. പ്രസംഗത്തില്‍ സമുദായ മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന പരാമര്‍ശമില്ല.
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന് വ്യക്തമാക്കുന്ന പ്രസംഗത്തിന്റെ സിഡി നല്കിയാല് വിശദമായ മറുപടി നല്‍കാമെന്നും സുരേഷ് ഗോപി വരണാധികാരിയായ ജില്ലാകളക്ടര്‍ക്ക് നല്കിയ വിശദീകരണത്തില്‍ പറയുന്നു.
ശബരിമല വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ച ഭരണകൂടത്തിന് ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്ന പ്രസംഗമാണ് ചട്ടലംഘനമായി ചൂണ്ടിക്കാട്ടി വിശദീകരണം ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: