മട്ടാഞ്ചേരി: ഗ്രാമപഞ്ചായത്തും നഗരസഭാവാര്ഡുമടങ്ങുന്ന തീരദേശ കൊച്ചിക്കും തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം പറയാനുണ്ട്. കടല്‍കയറ്റ ഭീഷണി നേരിടാനുള്ള ശ്രമങ്ങള്‍ നത്തുമ്പോള് തീരദേശത്തെ നശിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ അശാസ്ത്രീയമായ തീരസംരക്ഷണ പദ്ധതിയുടെ അഴിമതി കഥകള്‍ ജിയോ ട്യൂബിലൂടെ ജന സംസാരവിഷയമായി കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ നേട്ടത്തിനായി മൂന്നു വട്ടമാണ് ജിയോ ട്യൂബ് കടല്‍ഭിത്തിയുടെ നിര്‍മാണ ഉദ്ഘാടനം നടന്നത്. ഏട്ടര കോടി രൂപകരാര്‍ നല്കി മാസങ്ങളായിട്ടും ഒരു ട്യൂബുപോലും മണ്ണ് നിറയ്ക്കാനായില്ല. തൊഴിലില്‍ പരാജയപ്പെട്ട കരാറുകരനെ നീക്കം ചെയ്യാത്ത സര്‍ക്കാര്‍ നിലപാടില്‍ ജനങ്ങള്‍ സാമ്പത്തിക അഴിമതി ആരോപണമുയര്‍ത്തുന്നുണ്ട്. ജിയോ ട്യൂബ് തൊഴിലില്‍ പരിചയമില്ലാത്ത കരാറുകാരനെ ഏല്പിച്ചതിന് പിന്നില്‍ ഒത്തുക്കളിയുണ്ടെന്നാണ് ആരോപണം.
കരാറുകാരനെ മാറ്റണമെന്ന ജനകീയാവശ്യത്തിന് മുന്നില്‍ വഴങ്ങാത്ത സര്‍ക്കാരിന്റെ നടപടിയില്‍ ജനങ്ങള്‍ക്ക് മറുപടി നല്കാന് ഇടത്പക്ഷത്തിന് സാധിക്കുന്നില്ല. ഇടതു മുന്നണിയുടെ ജനവഞ്ചനയ്ക്കെതിരെ മുന്നിട്ടിറങ്ങിയ വലതു മുന്നണിക്ക് ദുരന്തക്കാലത്ത് തീരദേശ ജനതയോട് കാട്ടിയ അവഗണനയും തിരിച്ചടിയായി മാറുന്നു. കടല്‍ക്ഷോഭ പരിഹാരത്തിന് പുലിമുട്ടുകള്‍ സ്ഥാപികുമെന്ന മുന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്കിയ വാഗ്ദാനവും ജനങ്ങള്‍ സ്ഥാനാര്‍ത്ഥികളെ ഓര്‍മപ്പെടുത്തുന്നു. നിലവിലെ ജിയോ ട്യൂബ് മണ്ണ് നിറയ്ക്കല്‍ കടല്‍ തീരത്തെ ഇല്ലാതാക്കുമെന്നും വിദഗ്ധ തൊഴിലാളികളും യന്ത്രസാമഗ്രികളും കൊണ്ടുവന്ന് കടലില്‍ നിന്നുള്ള മണല്‍ സംഭരിച്ച് ട്യൂബ് നിറയ്ക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. വോട്ട് തേടിയെത്തുന്ന മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിഷയത്തില്‍ മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: