കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും
ഉടുക്കാന്‍ വെള്ളപ്പുടവ
കുളിക്കാന്‍ പനിനീര്‍ ചോല..
കൂന്തല്‍ മിനുക്കാന്‍ ഞാറ്റുവേല….
കൂന്തല്‍ മിനുക്കാന്‍ ഞാറ്റുവേല….
പാടി നിര്‍ത്തിയപ്പോള്‍ ബി. വസന്ത എന്ന പാട്ടുകാരിയുടെ ശബ്ദത്തിന് ഇപ്പോഴും പത്തരമാറ്റ് തിളക്കം. എഴുപത്തിമൂന്നാം വയസ്സിലും ആ ശബ്ദത്തിന് ഒരിടര്‍ച്ചയും സംഭവിച്ചിട്ടില്ല. ഒരുകാലത്ത് മലയാളികളുടെ പ്രിയങ്കരിയായ പാട്ടുകാരിയായിരുന്നു വസന്താമ്മ. മലയാളത്തില്‍ നൂറ്റിയറുപതോളം ഗാനങ്ങള്‍ ശ്രോതാക്കള്‍ക്ക് പകര്‍ന്നു നല്‍കിയ മെലഡികളുടെ രാജകുമാരി. എന്നാല്‍ കേരളത്തില്‍ വസന്താമ്മയെ വേണ്ടപോലെ പരിഗണിച്ചില്ല. അതിന്റെ പരിഭവമോ പരാതിയോ പേറാതെ ഒരു കൊച്ചുകുഞ്ഞിന്റെ ഉത്സാഹത്തിലാണ് ഈ പാട്ടുകാരി. പ്രായം തളര്‍ത്താത്ത മനസ്സുമായി സംഗീതത്തെ സിരകളില്‍ നിറച്ച് സന്തോഷത്തോടെ ഭര്‍ത്താവ് സുധാകറിനോടൊപ്പം ചെന്നൈയിലാണ് വസന്ത.
തുടക്കം മൂന്നാം വയസ്സില്‍
മൂന്നാം വയസ്സില്‍ വിജയവാഡ ഓള്‍ ഇന്ത്യാ റേഡിയോയില്‍ ചില്‍ഡ്രന്‍സ് പ്രോഗ്രാമിലാണ് ആദ്യമായി പാടിയത്. സംഗീതത്തില്‍ തന്റെ ഗുരുവും അച്ഛനുമായ രവീന്ദ്രനാഥ് പാടിയ പാട്ടാണ് അന്ന് പാടാന്‍ തിരഞ്ഞെടുത്തത്. അച്ഛന്റെ പ്രാര്‍ത്ഥനയും അനുഗ്രഹവും പിന്തുണയുമാണ് തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണമെന്ന് പറയുമ്പോള്‍ ഉള്ളിലെ സ്‌നേഹം കണ്ണീര്‍ കണമായി. പതിമൂന്നാം വയസ്സില്‍ അമ്മ മരിച്ചപ്പോള്‍ അച്ഛനായിരുന്നു തനിക്കെല്ലാം. ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ശബ്ദത്തിന് ഇടര്‍ച്ചയും ഗൗരവവും.
പാട്ടുകാരിയെന്ന മേല്‍വിലാസം
അമ്മയുടെ മരണം മാനസികമായി തളര്‍ത്തിയെങ്കിലും ആ പതിമൂന്നുകാരി പിടിച്ചുനിന്നു. തനിക്ക് കരുത്തും കാവലുമായി നിന്ന അച്ഛന്റെയൊപ്പം അഞ്ച് സഹോദരങ്ങളുടെ അമ്മയുടെ സ്ഥാനം വസന്ത ഏറ്റെടുത്തു. പിന്നീട് സഹോദരങ്ങളായ കല്യാണിയുടേയും രാമചന്ദ്ര മൂര്‍ത്തിയുടേയും രാധയുടേയും രാജലക്ഷ്മിയുടേയും സാവിത്രിയുടേയും സ്വന്തം ചേച്ചിയമ്മയായി. എന്നാല്‍ സംഗീതത്തിലും പഠനത്തിലും കുറവു വരുത്തിയില്ല. രാഘവാചാരിയില്‍ നിന്ന് ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. ഒപ്പം ബോട്ടണിയില്‍ ബിരുദവും നേടി. ഇതിനോടൊപ്പം പതിനേഴാം വയസ്സില്‍ കന്നഡ സിനിമയുടെ പിന്നണിയില്‍ പാടിയ വസന്ത, പാട്ടുകാരി എന്ന മേല്‍വിലാസം നേടിയെടുത്തു. മറക്കാന്‍ ശ്രമിച്ചിരുന്ന വേദനകളെ അവിചാരിതമായി കൂട്ടുപിടിച്ച്, ജീവിതത്തില്‍ തനിക്കുണ്ടായ നഷ്ടങ്ങളുടേയും നേട്ടങ്ങളുടേയും ആകെത്തുക വിലയിരുത്തുമ്പോള്‍ ഒരു പുഞ്ചിരി മാത്രം ആ ചുണ്ടുകളില്‍ നിറഞ്ഞു നിന്നു.
വട്ടം ചുറ്റിച്ച നാഗേശ്വര റാവു
കന്നഡയിലെ പ്രശസ്ത സംഗീത സംവിധായകനാണ് പെണ്ട്യാല നാഗേശ്വര റാവു. വസന്ത എന്ന പാട്ടുകാരിയെ ചലച്ചിത്ര മേഖലയ്‌ക്ക് പരിചയപ്പെടുത്തിയതും ഇദ്ദേഹമാണ്. സംഗീത ജീവിതത്തില്‍ തന്നെ വട്ടം ചുറ്റിച്ചത് ഇദ്ദേഹമാണെന്ന് പറയുമ്പോള്‍ ആ മുഖത്ത് കുസൃതി ചിരി. ‘ഓസുമാബാഡ’ എന്ന ഗാനം പാടിപ്പിച്ചത് 24 തവണയാണ്. കൂടെ പാടിയത് പി. സുശീല ആയിരുന്നു. ഇന്നത്തെ സാങ്കേതിക വിദ്യകള്‍ ഇല്ലാതിരുന്ന കാലമായതിനാലാണ് ഇത്രയും ടേക്ക് എടുക്കേണ്ടി വന്നത്. മറ്റു സംഗീത സംവിധായകരില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പറയുമ്പോള്‍ സംഗീതത്തിന് വസന്ത എന്ന പാട്ടുകാരി നല്‍കുന്ന ആത്മ സമര്‍പ്പണം എത്രത്തോളമാണെന്ന് മനസ്സിലാക്കാം. സംഗീതത്തെ ജീവശ്വാസമായി സൂക്ഷിക്കുന്ന വസന്താമ്മയ്‌ക്ക് ഭാഷ പ്രശ്‌നമായിരുന്നില്ല. ഒന്നിനെ മാത്രമേ അവര്‍ ജീവിതത്തില്‍ സ്‌നേഹിച്ചിരുന്നുള്ളൂ; അച്ഛന്‍ തനിക്ക് പകര്‍ന്ന് നല്‍കിയ സംഗീതത്തെ.
മലയാളത്തിലേക്കുള്ള വരവ്
അപ്രതീക്ഷിതമായ വരവായിരുന്നു മലയാളത്തിലേക്ക്. പത്തൊമ്പതാം വയസ്സിലാണ് വസന്താമ്മ മലയാള ചലച്ചിത്ര ലോകത്തെത്തുന്നത്. പുകഴേന്തിയാണ്, വസന്ത എന്ന കന്നഡ പാട്ടുകാരിയെ മുതലാളി എന്ന ചിത്രത്തിലുടെ മലയാള ഗാനശാഖയ്‌ക്ക് പരിചയപ്പെടുത്തിയത്. തെല്ലും ഭയമില്ലായിരുന്നു പാടാന്‍.
എ.എം. രാജ, ഉദയഭാനു, കെ. പുരുഷോത്തമന്‍, ബ്രഹ്മാനന്ദന്‍, യേശുദാസ് എന്നിവരുടെ കൂടെ പാടാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. വസന്താമ്മയുടെ അഭിപ്രായത്തില്‍ ദക്ഷിണാമൂര്‍ത്തി കുറച്ച് കര്‍ക്കശക്കാരനാണ്. എന്നാലും ആ സംഗീതകുലപതിയുടെ സംഗീതത്തില്‍ പാടാന്‍ സാധിച്ചത് അനുഗ്രഹമാണെന്ന് അവര്‍ പറയുന്നു. മലയാളത്തിലേക്ക് ഇനിയും പാടാന്‍ വിളിച്ചാല്‍ താന്‍ തയ്യാറാണ്. നിരവധി സൗഹൃദങ്ങള്‍ ഉണ്ടവിടെ. അന്നും ഇന്നും എന്നും ജീവിതം സമര്‍പ്പിച്ചിരിക്കുന്നത് സംഗീതത്തിനാണ്. ഒരു വിളിപ്പാടകലെ താന്‍ ഇപ്പോഴുമുണ്ട്.
മലയാളം പഠിക്കുന്നു
സംഗീതത്തെ ഭ്രാന്തമായി സ്‌നേഹിച്ചതുകൊണ്ട് ഏത് ഭാഷയിലെ സംഗീതവും നിഷ്പ്രയാസം ഗ്രഹിക്കുമായിരുന്നു. മലയാളത്തിലേക്ക് പാടാന്‍ എത്തിയപ്പോള്‍ കന്നഡ ഭാഷയില്‍ എഴുതി എടുക്കും. മലയാളം കുറച്ചൊക്കെ സംസാരിക്കാന്‍ അറിയാമായിരുന്നെങ്കിലും എഴുതാനും വായിക്കാനും വശമില്ലായിരുന്നു. പിന്നീട് ദേവരാജന്‍ മാഷിന്റെ ആവശ്യപ്രകാരമായിരുന്നു എഴുതാനും വായിക്കാനും പഠിച്ചത്.
സംഗീത രംഗത്ത് പിന്നീട് മത്സരമായപ്പോള്‍ മലയാളം വശമാക്കാന്‍ ശ്രമിച്ചു. ഉടനെ മലയാളം പഠിക്കാന്‍ അധ്യാപികയെ കണ്ടെത്തി. ചെന്നൈയില്‍ ആയിരുന്നുവെങ്കിലും അധ്യാപികയെ കിട്ടി. മലയാളം അക്ഷരങ്ങള്‍ പഠിച്ചു, മലയാള ചലച്ചിത്രങ്ങള്‍ കണ്ടു. ഇതിന് പുറമെ ഭാഷാ സഹായിയും വാങ്ങിച്ചു. അങ്ങനെ മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും പഠിച്ചു. പിന്നീട് മാഷിനെ അറിയിച്ചു. മാഷിന് സന്തോഷമായ ടിവി ചാനലുകളില്‍ കണ്ടിരുന്നുവെന്ന് മാഷ് പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. ദേവരാജന്‍ മാഷെന്ന സംഗീതജ്ഞന്‍ ഗുരുതുല്യനാണ്.
ജാനകിയമ്മയാണ് മാതൃക
പിന്നണിഗാന രംഗത്ത് ഇപ്പോഴും നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പി. സുശീലയും എസ്. ജാനകിയും സുഹൃത്തുക്കളാണ്. സമയം കിട്ടുമ്പോഴൊക്കെ ജാനകിയമ്മയെ കാണാറുമുണ്ട്. താന്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ ജാനകിയമ്മയ്‌ക്കിഷ്ടമാണ്. സഹോദരീ സ്ഥാനമാണ് ഞാന്‍ അവര്‍ക്ക് നല്‍കുന്നത്. ഞാന്‍ മാതൃകയാക്കുന്നതും അവരെയാണ്.
ജാനകിയമ്മ എന്ന കലാകാരിയുടെ ഒപ്പം പാട്ട് പാടാനുള്ള അര്‍ഹതയുണ്ടോയെന്ന് സംശയിച്ചിരുന്നു. ഇക്കാര്യം ജാനകിയമ്മയുമായി പങ്കുവെച്ചപ്പോള്‍ ഒരു ചിരി സമ്മാനിച്ചിട്ട് പറഞ്ഞു, ലോകത്ത് ചെറിയവര്‍ വലിയവര്‍ എന്നൊന്നില്ല. എല്ലാവരും തുല്യരാണ്. ജാനകിയമ്മയുടെ ഈ വാക്കുകളും പെരുമാറ്റവുമാണ് തന്നെ അവരോട് ചേര്‍ത്തുനിര്‍ത്തിയത്.
പോയ് മറഞ്ഞ വസന്ത നാളുകളെ തലോടിയും താലോലിച്ചും വസന്ത സന്തോഷവതിയാണ്. അച്ഛനും ഭര്‍ത്താവും നല്‍കിയ പിന്തുണയാണ് സംഗീത ജീവിതത്തിന്റെ വളര്‍ച്ചയ്‌ക്കാധാരം. ഭര്‍ത്താവ് സുധാകറും മക്കളായ സുരേഖയും സുചിത്രയും ശരത്തും മരുമക്കളും കൊച്ചുമക്കളുമാണ് ഇപ്പോള്‍ വസന്താമ്മയുടെ ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: