കൊച്ചി: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടും അതിലുള്ള ലാവ്ലിന്റെ ബന്ധവും അങ്ങേയറ്റം ദുരൂഹമാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സന്ദീപ് കെ. വാര്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കിഫ്ബിയുടെ ധനശേഖരണ പദ്ധതികളെല്ലാം പൊട്ടിയതോടെയാണ് മസാല ബോണ്ടുമായി വരുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന് ഇതിനുള്ള അനുമതി കൊടുക്കുന്നത്.
മറ്റാരും വാങ്ങാത്ത മസാല ബോണ്ടില്‍, കാനഡയിലെ തൊഴിലാളികളുടെ പെന്ഷന് പണമെടുത്ത് നിക്ഷേപിക്കാന്‍ സിഡിപിക്യുവിനെ പ്രേരിപ്പിച്ചതെന്താണ്?
എസ്എന്‍സി ലാവ്ലിന് കമ്പനിയുടെ യഥാര്‍ഥ ഉടമസ്ഥരാണ് സിഡിപിക്യു. ലാവ്ലിനില് 20% ഓഹരി പങ്കാളിത്തം ഇവര്‍ക്കാണ്.
1. സിഡിപിക്യുവുമായി നടന്ന ചര്‍ച്ചകള്‍ ദുരൂഹവും രഹസ്യങ്ങള്‍ നിറഞ്ഞതുമാണ്.
2. വഞ്ചനയ്ക്ക് ലാവ്ലിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ്.
3. മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 98 കോടി നല്‍കാമെന്നു പറഞ്ഞെങ്കിലും കൊടുത്തത് എട്ടു കോടി മാത്രം. അങ്ങനെ കേരള സര്‍ക്കാരിനെ ലാവ്ലിന് വഞ്ചിച്ചുവെന്നായിരുന്നു അന്ന് സിപിഎം പറഞ്ഞിരുന്നത്.
4. അന്നത്തെ ഇടപാടില്‍ പ്രതിയായ പിണറായി വിജയനെ കോടതി കേസില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള സിബിഐയുടെ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
5. ഈ സാഹചര്യത്തില്‍ ലാവ്ലിന് ഉടമസ്ഥതയുള്ള സിഡിപിക്യൂ കേരളത്തിന്റെ മസാല ബോണ്ടുകള്‍ എങ്ങനെ വാങ്ങി?
6. മസാല ബോണ്ടിന് 9.72% പലിശയാണ് നല്‍കേണ്ടത്. എസ്ബിഐ ഉള്‍പ്പെടെ ദേശസാല്‍കൃത ബാങ്കുകള്‍ ഇതിലും കുറഞ്ഞ പലിശക്ക് വായ്പ നല്കുമ്പോള് ലാവ്ലിന് മുതലാളിമാര്‍ക്ക് കൊള്ളപ്പലിശ കൊടുക്കാന്‍ എന്തിന് സര്‍ക്കാര്‍ തീരുമാനിച്ചു?
7. കൊച്ചി മെട്രോക്ക് ഫ്രഞ്ച് ഏജന്‍സി നല്കിയ എഎഫ്ഡി 1350 കോടി വായ്പയുടെ പലിശ 1.35% ആണെന്നും തിരിച്ചടവ് കാലാവധി 25 വര്‍ഷമാണ് എന്നും ഓര്‍ക്കണം.
8. രാജ്യത്ത് ബാങ്ക്വായ്പാ പലിശ ഓരോ വര്‍ഷവും കുറയുകയാണ്. ചുരുങ്ങിയത് രണ്ടു ശതമാനം അധിക പലിശയാണ് കേരളം എസ്എന്‍സി മുതലാളിമാര്‍ക്ക് നല്കാന് കരാറുണ്ടാക്കിയത്. ആ ഇനത്തില്‍ മാത്രം വര്‍ഷം 40 കോടി രൂപവരും. ഈ മസാല ബോണ്ട് നിക്ഷേപം 2024 വരെയാണ്. ചുരുങ്ങിയത് 200 കോടിയുടെ അഴിമതിയാണ് പ്രത്യക്ഷത്തില്‍ മസാല ബോണ്ട്.
9. മുഖ്യമന്ത്രി നേരിട്ടാണ് ഈ രഹസ്യ ഇടപാടിന് ചര്‍ച്ച നടത്തിയത്.
10. നിക്ഷേപത്തിന് മുഖ്യമന്ത്രിതന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിദേശ നിക്ഷേപകര്‍ക്ക് നന്ദി പറഞ്ഞു. പക്ഷേ, ആ വിദേശ നിക്ഷേപകര്‍ ആരെന്ന് വെളിപ്പെടുത്താന്‍ എന്തുകൊണ്ട് തയ്യാറായില്ല?
11. മുഖ്യമന്ത്രി നടത്തിയ സ്വകാര്യ വിദേശയാത്രകളിലാണോ ഈ സങ്കീര്‍ണമായ ഡീല്‍ നടത്തിയതെന്ന് അന്വേഷിക്കണം.
12. ഇത് രണ്ടാം എസ്എന്‍സി ലാവ്ലിന് അഴിമതിയാണ്. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പ്രതികരിക്കണം. ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും, സന്ദീപ് പറഞ്ഞു.
ലാവ്ലിന്
പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ കെഎസ്ഇബിക്കു വേണ്ടി കരാര്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കോഴ ഇടപാടില്‍പെട്ട കമ്പനിയാണ് ലാവ്ലിന്. സംസ്ഥാന സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്താന്‍ ശുപാര്‍ശ ചെയ്ത കമ്പനി. ലാവ്ലിന് കമ്പനിയുടെ കൃത്രിമങ്ങളില്‍ പങ്ക് കണ്ടെത്തിയതോടെ കാനഡയിലെ ജസ്റ്റിന് ട്രൂഡോ സര്‍ക്കാരിലെ പല മന്ത്രിമാരും രാജിവെച്ചിരുന്നു. ലാവ്ലിന് ബന്ധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ വരെ അഴിമതിയാരോപണത്തിലാണ്. ഈ സമയത്താണ് ലാവ്ലിനെ വളഞ്ഞ വഴിയില്‍ കേരളത്തില്‍ കൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: