കൊച്ചി: കുട്ടികള്‍ക്ക് സ്കൂളുകളില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ എന്തു ചെയ്യാനാവുമെന്ന് ഹൈക്കോടതിയുടെ ചോദ്യം. സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ നടപടി വേണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം വാക്കാല്‍ ചോദിച്ചത്.
ബാഗിന്റെ ഭാരം കുറയ്ക്കാന്‍ വാട്ടര്‍ ബോട്ടിലുകള്‍ കുട്ടികള്‍ കൊണ്ടുവരുന്നത് ഒഴിവാക്കി ക്ലാസ് മുറികളില്‍ കുടിവെള്ളം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ശുദ്ധജല വിതരണത്തിന് പ്യൂരിഫൈയിങ് പ്ളാന്റ് ഉള്‍പ്പെടെ വേണ്ടി വരില്ലേ എന്നും ഇതു സാമ്പത്തിക ബാധ്യതയുണ്ടാക്കില്ലേ എന്നും ഹൈക്കോടതി ആരാഞ്ഞു. കുടിവെള്ളത്തിന്റെ ലഭ്യത സ്കൂള്‍ ഹെഡ്മാസ്റ്റര് ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.
സ്കൂള്‍ ബാഗിന്റെ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇതു കുറക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക്ക് നല്കിയ പൊതു താല്പര്യ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ബാഗിന്റെ ഭാരം കുറക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നല്കിയ നിര്‍ദേശങ്ങള്‍ സ്റ്റേറ്റ് സിലബസ്സിലെ സ്കൂളുകള്‍ക്ക് മാത്രമാണ് ബാധകമെന്നും സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകള്‍ക്ക് ഇവ ബാധകമാവില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്ന നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാന്‍ ഹര്‍ജിക്കാരനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി പിന്നീടു പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: