കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. കാരണം വ്യക്തമാക്കാതെ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയത്.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാനസര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് കിട്ടിയിരുന്നു. കേസ് അന്വേഷണം അവസാനിപ്പിക്കണമെന്ന പോലീസ് റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചതിനെതിരെയാണ് അച്യുതാനന്ദന്‍ പിനപരിശോധനാ ഹര്‍ജി നല്‍കിയിരുന്നത്. ഈ ഹര്‍ജി തള്ളണമെന്ന് സംസ്ഥാനസര്‍ക്കാരും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ അന്വേഷണം വര്‍ഷങ്ങള്‍ക്ക് മുന്നേ അവസാനിച്ചതാണ്. അതില്‍ ഇനി വേറെ ഒരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് പുനപ്പരിശേധനാ ഹര്‍ജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത്. 2017 ഡിസംബര്‍ 23ന് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ അന്വേഷണം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്.
അതേസമയം കേസില്‍ പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ. എ. റൗഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത്. ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ ഇരകളായ പെണ്‍കുട്ടിയെ പണം നല്‍കി കുഞ്ഞാലിക്കുട്ടി മൊഴി മാറ്റിപ്പിച്ചെന്നാണ് റൗഫ് വെളിപ്പെടുത്തിയത്. ഇരയ്‌ക്ക് 2,65,000 രൂപയും, ഒരു സാക്ഷിക്ക് 3,15,000 രൂപയും നല്‍കിയിട്ടുണ്ടെന്നാണ് െറൗഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നത്.
















