തിരുവനന്തപുരം : ഒളിക്യാമറാ വിവാദത്തില്‍ കുടുങ്ങിയ സിറ്റിങ് എംപിയും കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം.കെ. രാഘവനെതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടറാണ് റിപ്പോര്‍ട്ട് നല്‍കുന്നത്.
സ്വകാര്യ മാധ്യമം എം.കെ. രാഘവന്റേതെന്ന പേരില്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നോയെന്ന് മനസ്സിലാക്കണമെങ്കില്‍ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒളിക്യാമറാ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കണമെങ്കില്‍ ഫോറന്‍സിക് പരിശോധന വേണ്ടി വരുമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് സൂചന.
അതിനിടെ തന്റേതെന്ന പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും തന്റെ ശബ്ദം ഡബ് ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി എം.കെ. രാഘവനും ജില്ലാ കളക്ടര്‍ക്ക് നേരത്തെ പരാതി നല്‍കി.
ഭൂമിയിടപാടിനായി എംപിയെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം അഞ്ച് കോടി രൂപ കോഴയായി ആവശ്യപ്പെട്ടുവെന്നാണ് ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തു വിട്ടു കൊണ്ട് ഒരു ഹിന്ദി ദേശീയമാധ്യമം നല്‍കിയ വാര്‍ത്ത പുറത്തുവിട്ടത്. ഇത് വിവാദമായതോടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഇത് വളരെ ഗൗരവകരമായ സംഭവമാണെന്നും ഇതേക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ലാ കളക്ടറോട് ആവശ്യപ്പെടുകയായിരുന്നു.
















