കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രിക പുറത്തുവന്നു. മിന്നുന്നതെല്ലാം പൊന്നാക്കിത്തരാമെന്ന വാഗ്ദാനമാണ് പ്രകടനപത്രികയില്‍ പറയുന്നത്. ലോക്സഭയില്‍ പത്ത് ശതമാനംപോലും അംഗസംഖ്യയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കേവല ഭൂരിപക്ഷത്തിന് 272 അംഗങ്ങളെങ്കിലും വേണം. മെയ് 23ന് ഫലംവരുമ്പോള്‍ നിലവിലുള്ള സംഖ്യയെങ്കിലും നിലനിര്‍ത്താന്‍ കഴിയുമെന്നുറപ്പില്ലാത്ത പാര്‍ട്ടി എല്ലാം ശരിയാക്കിത്തരാമെന്ന് പറയുമ്പോള്‍ അതില്‍പ്പരം തമാശ വേറെയില്ല.
പുറത്തുവന്നിടത്തോളം സര്‍വേകളും നിരീക്ഷണങ്ങളും പറയുന്നത് ബിജെപി നയിക്കുന്ന എന്‍ഡിഎ വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ്. അത് കോണ്‍ഗ്രസിനും ബോധ്യമുണ്ട്. എന്നിട്ടും എന്തിനിത്ര കോപ്രായം എന്ന് ജനങ്ങള്‍ ഒന്നടങ്കം ചോദിക്കുന്നതില്‍ അത്ഭുതമില്ല. പ്രതിവര്‍ഷം സാധാരണക്കാരന് 72000 രൂപ ലഭിക്കുന്ന സംവിധാനമാണ് മുഖ്യ പ്രഖ്യാപനം. അതേതായാലും നന്നായി. പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ സാധാരണക്കാരന് രാജ്യത്തുണ്ടായിരുന്നു. പാവപ്പെട്ടവന്റെ പോക്കറ്റടിച്ച സര്ക്കാരായിരുന്നല്ലൊ അത്. 7.5 ലക്ഷം കോടിരൂപ അഴിമതി നടത്തിയ ഭരണമായിരുന്നു യുപിഎയുടേത്.
വീണ്ടും വോട്ട് ചോദിക്കുന്നത് അഴിമതി ആവര്ത്തിക്കാനാണെന്ന് ആര്‍ക്കാണറിയാത്തത്. പ്രകടനപത്രികയില്‍ രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന നിരവധി പ്രഖ്യാപനങ്ങളുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സൈനികാവകാശ നിയമമായ അഫ്സ്പ ഭേദഗതി ചെയ്യുമെന്നും ദേശീയ സുരക്ഷാ കൗണ്‍സിലിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും പാര്‍ലമെന്റ് സമിതികളുടെ കീഴിലാക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു. രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയിലെ 124 എ സെക്ഷന്‍ പൂര്‍ണമായും റദ്ദാക്കാനുള്ള പ്രകടന പത്രികയിലെ വാഗ്ദാനം ഭീകരരെയും രാജ്യദ്രോഹികളെയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്ന് വ്യക്തം.
ഇതിന് പുറമേ കശ്മീര്‍ താഴ്വരയിലെ സായുധ സൈനിക സാന്നിധ്യം കുറയ്ക്കുമെന്നും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ ജാമ്യവ്യവസ്ഥകള്‍ ലളിതമാക്കി ഭേദഗതി ചെയ്യുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു. സിപിസി ഭേദഗതി ഭീകരക്കേസുകളിലെ പ്രതികള്‍ക്ക് വേഗത്തില്‍ പുറത്തിറങ്ങാനുള്ള വഴിതുറക്കലാണ്. വിചാരണത്തടവുകാര്‍ക്ക് വേഗത്തില്‍ ജാമ്യം നല്‍കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം വിചാരണകള്‍ അനന്തമായി നീളുന്ന ഭീകരവാദ കേസുകളിലെ പ്രതികള്‍ക്ക് സഹായകരമാകും. വിചാരണ കൂടാതെ പ്രതികളെ തടവില്‍ പാര്‍പ്പിക്കാനുള്ള നിയമ വ്യവസ്ഥകളും റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഐബി, റോ എന്നീ സുരക്ഷാ ഏജന്‍സികളെയും പാര്‍ലമെന്റിന് കീഴിലാക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതായി പ്രകടന പത്രികയിലുണ്ട്. പ്രധാനമന്ത്രിയുടെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങളെ പാര്‍ലമെന്റ് സമിതികളുടെ കീഴിലേക്ക് എത്തിക്കുക വഴി രാജ്യത്തിന്റെ ആഭ്യന്തര-ബാഹ്യ സുരക്ഷാ സംവിധാനങ്ങളെ അപ്പാടെ അപകടത്തിലേക്ക് കോണ്‍ഗ്രസ് തള്ളി വിടുകയാണ്. കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം രാജ്യസുരക്ഷയല്ല അധികാരം മാത്രമാണെന്നാണ് പ്രകടനപത്രിക വ്യക്തമാക്കുന്നത്.
ഭീകരവാദികള്‍ക്കും ക്രൂരന്മാരായ ക്രിമിനലുകള്‍ക്കും അതിവേഗം ജാമ്യം ലഭിക്കുന്ന തരത്തിലുള്ള നിയമ ഭേദഗതി രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നതിന് സമാനമാണ്. അഫ്സ്പയിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള പ്രഖ്യാപനം വിഘടന വാദികള്‍ക്ക് സഹായകരമാകും. രാജ്യത്തെ വിഭജിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കശ്മീരിലെ വിഘടനവാദികളുമായി നിരുപാധിക ചര്‍ച്ചയാണ് രാഹുല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കശ്മീരിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പിന്നിലെ യഥാര്‍ഥ കാരണമായ കോണ്‍ഗ്രസ് പാര്‍ട്ടി വീണ്ടും അവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കിയതും ആര്‍ട്ടിക്കിള്‍ 35 എ നടപ്പാക്കിയതും കോണ്‍ഗ്രസ്സാണ്. അവരുടെ നയഫലമായി കശ്മീരില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളെപ്പറ്റി ഒരു വരി പോലും പ്രകടന പത്രികയിലില്ല, കാര്‍ഷികമേഖലയ്ക്ക് പ്രത്യേക ബജറ്റുകളുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എല്ലാക്കാലത്തും കാര്‍ഷിക മേഖലയ്ക്ക് ബജറ്റും നീക്കിയിരിപ്പുമുണ്ട്. എന്‍ഡിഎ ഭരണകാലത്താണ് ഏറ്റവും കൂടുതല്‍ തുക കൃഷിക്കായി അനുവദിച്ചത്. ജനങ്ങളെ വിഡ്ഢികളാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അത് വിജയിക്കാന്‍ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: