കൊച്ചി: രാജ്യം മുഴുവന്‍ കോണ്‍ഗ്രസ്സിന്, ഇടതുപക്ഷമായി സഖ്യമുണ്ടെന്ന് രാഹുല്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ യുഡിഎഫ്-ഇടത് മുന്നണികള്‍ അപ്രസക്തമായെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഇടത് മുന്നണിയുമായുള്ള സഖ്യം കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇരുമുന്നണികളും പിരിച്ചുവിട്ട് സംയുക്ത മുന്നണിക്ക് രൂപം നല്‍കണമെന്നും കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ മുന്നണികളുടെ സംയുക്ത സ്ഥാനാര്‍ഥിയാണ്. ഇരുമുന്നണികളും സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ അര്‍ഥമില്ല. രാഹുല്‍ വയനാടന്‍ ചുരംകയറാന്‍ നിശ്ചയിച്ചതിനു പിന്നില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനവുമുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവുമായുള്ള സഖ്യം കേരളത്തിലുമുണ്ട്. രാഹുലിന്റെ പ്രസ്താവനക്കെതിരെ ദേശീയ തലത്തില്‍ സീതാറാം യെച്ചൂരിയോ സുധാകര്‍ റെഡ്ഡിയോ, കേരളത്തില്‍ കോടിയേരി ബാലകൃഷ്ണനോ പ്രതികരിക്കാത്തത് അതുകൊണ്ടാണ്.
അമേഠിയില്‍ രാഹുലിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ഇടതുപക്ഷ നേതാക്കന്മാര് പ്രഖ്യാപിച്ചിട്ടുണ്ട്. അമേഠിയിലാകാമെങ്കില് എന്തുകൊണ്ട് വയനാട്ടില്‍ ആയിക്കൂടാ? അതുകൊണ്ട് വയനാട്ടില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പരസ്യമായ പിന്തുണ നല്കാന് ആര്‍ജവവും രാഷ്ട്രീയ മാന്യതയും ഇടതുപക്ഷം കാണിക്കണം. മറ്റ് 19 മണ്ഡലങ്ങളിലും ചര്‍ച്ച നടത്തി സീറ്റ് വീതം വയ്ക്കണം.
ഈസ്റ്റിന്ത്യാ കമ്പനിയെ മുട്ടുകുത്തിച്ച വയനാടന്‍ ജനത ഇന്‍ഡോ ഇറ്റാലിയന്‍ കമ്പനിയെയും തോല്‍പ്പിക്കും. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ ദേശീയ തലത്തിലെന്നപോലെ മോദിയും രാഹുലും തമ്മിലുള്ള രാഷ്ട്രീയമാണ് കേരളത്തിലുമുള്ളത്. ഇവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അപ്രസക്തമായി. ഇനി കോണ്‍ഗ്രസ് കൂടാരത്തിലേക്ക് ചേക്കേറുക മാത്രമാണ് പോംവഴി. അശ്ലീല മുന്നണിയെ മാറ്റി നിര്‍ത്തി ആദര്‍ശ മുന്നണിയായ ദേശീയ ജനാധിപത്യ സഖ്യത്തെ സ്വീകരിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയാറാകും.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍ അരങ്ങത്തും അണിയറയിലും ശ്രമിക്കുന്നു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് ജയിയിലടക്കാനുള്ള ശ്രമം നടത്തുന്നു.
കോണ്‍ഗ്രസ്സും എല്‍ഡിഎഫും സംയുക്തമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 14 ജില്ലകളിലും ബിജെപി നേതാക്കള്‍ക്കെതിരെ വ്യാപകമായി കള്ളക്കേസെടുത്തിരിക്കുന്നത്. ഇതിനിനെതിരേ ജനകീയ കോടതിയില്‍ ശക്തമായ മറുപടി നല്‍കണമെന്നും കൃഷണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: