കൊല്ലം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലം മണ്ഡലത്തിലെത്തുന്നതോടെ ആകെ ആശയക്കുഴപ്പത്തിലാണ് എല്‍ഡിഎഫ്. ഇടപ്പള്ളിക്കോട്ടയിലും അഞ്ചാലുംമൂട്ടിലും കുണ്ടറയിലുമാണ് പിണറായിയുടെ പരിപാടികള്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പിണറായിയുടെ കൊല്ലത്തേക്കുള്ള വരവാണ് എം.എ. ബേബിയുടെ ചീട്ട് കീറിയത്. എതിര്‍സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനെ പ്രസംഗവേദിയില്‍ പരനാറി എന്ന് വിശേഷിപ്പിച്ചാണ് പിണറായി വിവാദം സൃഷ്ടിച്ചത്. മണ്ഡലത്തില്‍ നടന്ന മൂന്ന് പ്രചാരണയോഗങ്ങളിലും അന്ന് പിണറായി പരനാറി പ്രയോഗം ആവര്‍ത്തിച്ചു. പ്രയോഗം വിവാദമായിട്ടും പിണറായി പിന്മാറാന് തയാറായില്ല.
അതുവരെ അവസരവാദിയും കാലുമാറ്റക്കാരനുമായി ഒരു വിഭാഗം വോട്ടര്‍മാര്‍ കരുതിയിരുന്ന എന്‍.കെ. പ്രേമചന്ദ്രന് പിന്നീട് എടുത്തണിഞ്ഞത് ഇരയുടെ കുപ്പായം. പിണറായിയുടെ പരനാറി വിളി അലങ്കാരമാക്കി എല്ലായിടത്തും പ്രേമചന്ദ്രന് പ്രചാരണം നടത്തി. എല്‍ഡിഎഫിനുള്ളിലും പിണറായിയുടെ പരാമര്‍ശം വിമര്‍ശനത്തിനിടയാക്കി. പാര്‍ട്ടി വിഭാഗീയതയില്‍ വിഎസ് പക്ഷത്തിന് മുന്‍തൂക്കമുള്ള കൊല്ലത്ത് പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. എം.എ. ബേബിയെ ഒതുക്കാന്‍ ബോധപൂര്‍വം പിണറായി നടത്തിയ പരാമര്‍ശമാണ് ‘പരനാറി’ എന്നുവരെ പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപമുയര്‍ന്നു.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വരെ എല്‍ഡിഎഫ് പാളയത്തിലായിരുന്ന പ്രേമചന്ദ്രന് യുഡിഎഫിലേക്ക് ചാടിയതിനെക്കുറിച്ച് പറയുമ്പോഴാണ് പിണറായി പരനാറി പ്രയോഗം നടത്തിയത്. സോളാര്‍ അഴിമതിയില്‍ മുങ്ങിയ ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി സെക്രട്ടറിയേറ്റ് നടയില്‍ രാപ്പകല്‍ സമരത്തില്‍ ഒരുമിച്ച് കിടന്ന പ്രേമചന്ദ്രന് നേരം വെളുത്തപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ പോയെന്നായിരുന്നു എല്‍ഡിഎഫ് നേതാക്കളുടെ പരിഹാസം.
തെരഞ്ഞെടുപ്പില്‍ ബേബി തോറ്റതോടെ പിണറായിക്കെതിരെ മുന്നണിയിലും വിമര്‍ശനമുണ്ടായി. സിപിഐ പരസ്യമായി രംഗത്തുവന്നു. എന്നാല്‍ താന്‍ ബോധപൂര്‍വമാണ് പരനാറി പ്രയോഗം നടത്തിയതെന്നായിരുന്നു അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയുടെ മറുപടി. കൊല്ലത്തെ വിഎസ് പക്ഷത്തെ വെട്ടിനിരത്തിയതിന്റെ തുടര്‍ച്ചയായി ബേബിയെ ഒതുക്കുകയായിരുന്നു പിണറായിയുടെ ഉന്നം എന്നാണ് ഇത് വിലയിരുത്തപ്പെട്ടത്.
പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിക്കെതിരെ ശബ്ദിക്കുന്ന ബാലഗോപാലും പിണറായിക്ക് ഇപ്പോള്‍ അത്ര പ്രിയപ്പെട്ടവനല്ലെന്നാണ് പിന്നാമ്പുറ വര്‍ത്തമാനം. അതുകൊണ്ട് ഈ വരവിലും എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്കയിലാണ് അണികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: