നവോത്ഥാനം ഉയര്‍ന്ന് പുതിയ മാനങ്ങള്‍ തേടിയിരിക്കുന്നതിന്റെ വിവരങ്ങള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്തുകൊണ്ടാണ് മാര്‍ക്സിസ്റ്റ് നവോത്ഥാനം സടകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നത്. നവോത്ഥാന നായകന്മാരെത്തന്നെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞുകൊണ്ട് പുതിയ നവോത്ഥാനത്തിലേക്ക് ജനങ്ങളെ ആട്ടിത്തെളിക്കുന്ന ചുവപ്പന്‍ ക്രൗര്യ രാഷ്ട്രീയമാണ് അവരുടേത്. തങ്ങള്‍ പറയുന്നതിന് അപ്പുറത്തുള്ള ഒന്നും അംഗീകരിക്കാനും അനുവദിക്കാനും പറ്റില്ല എന്ന നിലപാടാണ് മാര്‍ക്സിസ്റ്റുകളുടേത്.
എറണാകുളത്തെ പൂത്തോട്ട കമ്പിവേലിക്കകത്ത് കമ്യൂണിറ്റി ഹാളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന അയ്യങ്കാളിയുടെ പ്രതിമയാണ് കഴിഞ്ഞ ദിവസം സിപിഎംകാര്‍ തകര്‍ത്തത്. അയ്യങ്കാളിയുടെ ദര്‍ശനവും പ്രവര്‍ത്തനവും ജനമനസ്സുകളില്‍ എങ്ങനെ നിറഞ്ഞു നില്ക്കുന്നു എന്നതിനെക്കുറിച്ച് കേരളത്തിലുള്ളവര്‍ക്ക് അറിയാതെ വരില്ല. അതിനാല്‍ത്തന്നെ പ്രതിമ തകര്‍ക്കല്‍ ഒരു ആക്രമണം എന്നതിനേക്കാള്‍ ഗുരുതരമായ മാനങ്ങള്‍ ഉള്ളതാണ്. മൂന്നുപേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് ഇവര്‍. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതിമ തകര്‍ത്തതെന്നാണ് പറയുന്നത്.
നവോത്ഥാന പാരമ്പര്യത്തില്‍ അഭിമാനിക്കുകയും പുതിയ നവോത്ഥാന നായകരെ സൃഷ്ടിക്കാനായി വനിതാമതില്‍ എന്ന പ്രഹസനം അരങ്ങിലെത്തിക്കുകയും ചെയ്ത മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് യഥാര്‍ഥ നവോത്ഥാനം എന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ല എന്നുവേണം കരുതാന്‍. വാസ്തവത്തില്‍ കേരളത്തിലെ നവോത്ഥാന പാരമ്പര്യത്തിന്റെ ഏഴയലത്തുപോലും നില്ക്കാന് യോഗ്യതയില്ലാത്ത കക്ഷിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്ന് ആര്‍ക്കാണറിയാത്തത്. ഗുരുവായൂര്‍, വൈക്കം സത്യഗ്രഹങ്ങളുടെ പേരില്‍ നെഞ്ചുവിരിച്ചു നില്ക്കുന്ന പാര്‍ട്ടി അക്കാലത്ത് ഇവിടെ മുളച്ചിട്ടുപോലുമില്ലെന്നതാണ് വസ്തുത. ഇത് അവരെ ഒട്ടൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. അതില്‍ നിന്ന് മോചനം നേടാനാവാം അയ്യങ്കാളിയുള്‍പ്പെടെയുള്ള മഹാരഥന്മാരുടെ പേരും പ്രതിമയും നിര്‍മാര്‍ജനം ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നത്.
തെരഞ്ഞെടുപ്പുകാലത്ത് പൊതുവെ ഇത്തരം അഭിമാനബിംബങ്ങളെ കൂടുതല്‍ ആദരിക്കാനും ബഹുമാനിക്കാനുമാണ് രാഷ്ട്രീയക്കാര്‍ തയാറാവുക. അങ്ങനെയിരിക്കെ പൊതുസമൂഹം ആദരവോടെ വണങ്ങിവരുന്ന ഒരു സംസ്കാരത്തെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. നേരത്തെ ശ്രീനാരായണ ഗുരുദേവനെ ഘോഷയാത്രയില്‍ നിശ്ചലദൃശ്യത്തിലൂടെ അപമാനിച്ചതും ഇപ്പോഴത്തെ സംഭവവും കൂട്ടിവായിച്ചാല്‍ അവരുടെ മനസ്സിലിരിപ്പ് വ്യക്തമാകും. സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കി നേട്ടം കൊയ്യുന്ന അവരുടെ ജനിതകശീലം മാറാനിടയില്ല.
തങ്ങള്‍ ആരെയാണോ ബഹുമാനിക്കുന്നത് അവരെ മാത്രമേ സമൂഹം വണങ്ങാവൂ എന്ന ഫാസിസ്റ്റ് നിലപാടാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുള്ളത്. സാംസ്കാരിക രംഗത്തായാലും സാമൂഹിക രംഗത്തായാലും പാര്‍ട്ടിക്ക് ചില നിലപാടുകളുണ്ട്. ആ നിലപാടിലേക്ക് മൊത്തം സമൂഹത്തെയും കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. നവോത്ഥാനം അവര്‍ക്ക് പാര്‍ട്ടി വളര്‍ത്താനുള്ള ഒരു ‘പ്രോട്ടീന്‍ പൗഡര്‍’ മാത്രമാണ്. ജനസാമാന്യത്തിന് വെളിച്ചമേകിയവരുടെ സ്മരണ പോലും പാടില്ലെന്ന ധാര്‍ഷ്ട്യത്തിലേക്ക് അനുദിനം അവര്‍ കുതിക്കുകയാണ്. മനുഷ്യരെ വെട്ടിക്കൊല്ലുമ്പോള്‍ പ്രതിമകളെ തച്ചുതകര്‍ക്കുന്നു എന്ന വ്യത്യാസമേയുള്ളൂ. അവര്‍ ഇതിലൂടെ നല്കുന്ന സന്ദേശം വ്യക്തം: ”ഞങ്ങള്‍ക്കടിപ്പെടണം എല്ലാവരും”. അതു വകവെച്ചുകൊടുക്കണോ എന്ന് ജനസാമാന്യം ചിന്തിച്ച് അഭിപ്രായം പറയാനുള്ള സമയമാണ് സമാഗതമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: