പിറവം: രാമമംഗലം മാമ്മലശ്ശേരി ആനിത്തോട്ടത്തില്‍ എ.ടി. പത്രോസ്, സാറിനെ ഇന്ന് ആര്‍ക്കും ഓര്‍മ്മയില്ല. ദീര്‍ഘകാലം രാമമംഗലം പഞ്ചായത്ത് പ്രസിഡന്റും നിയമസഭ കാണാത്ത എംഎല്‍എയുമായ എ.ടി. പത്രോസ് സാറിനെ, എന്‍.ഡിഎ സ്ഥാനാര്‍ത്ഥി പി.സി. തോമസ് മാത്രം മറന്നില്ല. മാമ്മലശ്ശേരിയില്‍ പത്രോസ് സാറിന്റെ വീട്ടിലെത്തിയ പി.സി തോമസിനെ ‘കേറി വാടാ തോമാച്ചാ’ എന്ന് വിളിച്ചാണ് സ്വീകരിച്ചത്.
പത്രോസ് സാറിന്റെ ബന്ധുകൂടിയായ പി.സി. തോമസിനെ സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്തു. 87 വയസായ എന്നെ ഇതുവരെ ആരും അന്വേഷിച്ചില്ലെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മാത്രമാണ് ഇവിടെ വന്നതെന്നും അദ്ദേഹം പറഞ്ഞു.
1965ല്‍ മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തില്‍നിന്നും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 4270 വോട്ടിന്റെ ഭൂരിപക്ഷത്തിന് പത്രോസ്സാര് വിജയിച്ചുവെങ്കിലും സഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ പിരിച്ച് വിടുകയായിരുന്നു.
മുന്‍ കേന്ദ്രമന്ത്രിയും കോട്ടയം പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയുമായ പി.സി. തോമസിന് പത്രോസ് സാര്‍ വിജയാശംസ നേര്‍ന്നു. ഇന്നലെ രാവിലെ രാമമംഗലത്ത് എത്തിയ പി.സി. തോമസ് എന്‍ഡിഎ രാമമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിനോദ് തമ്പി ബിജെപി പിറവം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.എസ്. അനില്‍കുമാര്‍, കെ.എസ്. ജയപ്രകാശ് എന്നിവരോടൊപ്പമാണ് സന്ദര്‍ശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: