പത്തനംതിട്ട: ശബരിമലയും പന്തളം കൊട്ടാരവും എരുമേലിയും സ്ഥിതിചെയ്യുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണ തീപാറുന്ന പോരാട്ടം. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ ജനങ്ങളാണ് അതേറ്റെടുത്തിരിക്കുന്നത്. ശബരിമല പ്രക്ഷോഭ നായകന് കെ. സുരേന്ദ്രന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ പത്ത് വയസ് മാത്രമുള്ള പത്തനംതിട്ട മണ്ഡലം പുതുചരിത്രം രചിക്കാനൊരുങ്ങുകയാണ്.
വ്രണിതഹൃദയരായ അയ്യപ്പഭക്തരുടെ വികാരം ഇടത്-വലത് മുന്നണികളെ കുറച്ചൊന്നുമല്ല അങ്കലാപ്പിലാക്കിയിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ അയോധ്യക്ക് ശേഷം വിശ്വാസികള്‍ നെഞ്ചേറ്റിയ വിഷയമായി ശബരിമല മാറിക്കഴിഞ്ഞു. കോടതിവിധി നടപ്പാക്കാന്‍ തിടുക്കം കാട്ടിയ സംസ്ഥാന സര്‍ക്കാരാണോ ആചാരം സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ ഭക്തരാണോ ശരിയെന്ന ചോദ്യത്തിന് സംസ്ഥാനത്തെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരും ഉത്തരം നല്കുമ്പോള് പത്തനംതിട്ടയ്ക്ക് പ്രാധാന്യം വളരെ കൂടുതലാണ്. ശബരിമലയും അയ്യപ്പന്റെ ബാല്യകാലം കൊണ്ട് പവിത്രമായ പന്തളവും എരുമേലി വാവരുപള്ളിയും പത്തനംതിട്ടയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
2009ലാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം രൂപീകരിച്ചത്. അതിന് മുന്‍പ് മാവേലിക്കര, അടൂര്‍, ഇടുക്കി മണ്ഡലങ്ങളിലായി വ്യാപിച്ച് കിടക്കുകയായിരുന്നു പത്തനംതിട്ട. പുതിയ മണ്ഡലം രൂപീകരിച്ചശേഷം രണ്ടുതവണയും യുഡിഎഫിലെ ആന്റോ ആന്റണിയാണ് വിജയിച്ചത്.
2009ല്‍ ആന്റോ ആന്റണി 1,11,206 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ കെ. അനന്തഗോപനെ തോല്‍പ്പിച്ചത്. 2014ല്‍ ആന്റോയുടെ ഭൂരിപക്ഷം പകുതിയായി കുറഞ്ഞ് 56,191 ആയി. സിപിഎം സ്വതന്ത്രന് പീലിപ്പോസ് തോമസായിരുന്നു എതിരാളി. ബിജെപി 2009നേക്കാള്‍ ഇരട്ടിയിലേറേ വോട്ടുകളോടെ കുതിച്ചുകയറി. എം.ടി. രമേശ് 1,38,954 വോട്ടുകള്‍ നേടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം ലോകസഭാ മണ്ഡലത്തില്‍ 2 ലക്ഷത്തിനടുത്ത് വോട്ട് നേടാന്‍ ബിജെപിക്ക് കഴിഞ്ഞു.
ഇത്തവണ മണ്ഡലത്തിലെ ചര്‍ച്ചകളില്‍ വികസന പ്രവര്‍ത്തനങ്ങളേക്കാള്‍ ഒരുപടി മുന്നിലാണ് ശബരിമല വിഷയം. ആന്റോ ആന്റണിയെക്കുറിച്ച് പാര്‍ട്ടിക്കുള്ളിലും മുറുമുറുപ്പുകളുയരുന്നു. ഡിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ ആന്റോയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി വീണാജോര്‍ജ് എംഎല്‍എ എത്തിയത് സിപിഎമ്മിലും അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്.
ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ പക്ഷത്തു നിന്നുളള പോരാട്ടം ബിജെപിക്ക് വലിയ കുതിച്ചുചാട്ടത്തിനുള്ള കരുത്താകും. നിയമസഭാ തെരഞ്ഞടുപ്പുകളില്‍ വോട്ടു ശതമാനം നാലിരട്ടി വരെ വര്‍ധിച്ചത് എന്‍ഡിഎയ്ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലുളള്ളത്. ഇതില്‍ ആറന്മുള, അടൂര്‍, തിരുവല്ല, റാന്നി മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. പൂഞ്ഞാറില്‍ സ്വതന്ത്രനായ പി.സി. ജോര്‍ജാണ് എംഎല്‍എ. കോന്നിയും കാഞ്ഞിരപ്പിള്ളിയുമാണ് യുഡിഎഫിനുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: