കൊച്ചി: ഇരിക്കുന്ന കൊമ്പില്‍ കോടാലി വയ്‌ക്കുന്ന ബുദ്ധിയാണ് രാഹുലെന്ന് വി.എസ്. അച്യുതാനന്ദന്‍. താന്‍ അമുല്‍ ബേബി എന്ന് വിളിച്ചത് ഇന്നും പ്രസക്തമാണെന്നും വി.എസ് ഫേസ്ബുക്കില്‍ കുറിച്ചു.
വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: രാഹുല്‍ ഗാന്ധിയെ ഞാന്‍ അമൂല്‍ പുത്രന്‍ എന്ന് വിളിച്ച് കളിയാക്കുകയുണ്ടായി. അത് വെറുതെ പറഞ്ഞതായിരുന്നില്ല. ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ ഗതിവിഗതികള്‍ മനസ്സിലാക്കാതെ, ശിശുസഹജമായ അതിവെകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്നതുകൊണ്ട് പറഞ്ഞതായിരുന്നു.
മധ്യവയസ്സിനോടടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ സമീപനത്തില്‍ ഇപ്പോഴും മാറ്റമൊന്നും വന്നതായി തോന്നുന്നില്ല. ബിജെപിയെ നേരിടാന്‍ ജനങ്ങള്‍ ഒരുമ്പെടുമ്പോള്‍ രാഹുല്‍ ഗാന്ധിയാവട്ടെ, ബിജെപിക്കെതിരെ വിശാലമായ മുന്നണി വേണമെന്ന് പറയുകയും അത്തരം മുന്നണികളെ ശിഥിലമാക്കുകയും ചെയ്യുകയാണ്.
ആം ആദ്മിക്കാരോട് സഹകരിക്കേണ്ടതില്ല എന്ന് ഷീലാ ദീക്ഷിത് പറഞ്ഞാല്‍, അങ്ങോട്ട് ചായും. കേരളത്തില്‍ ഇടതുപക്ഷത്തെ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് ചെന്നിത്തലയും ആന്റണിയും ഉപദേശിച്ചാല്‍ അങ്ങോട്ടും ചായും. അങ്ങനെയാണ്, രാഹുല്‍ ഇപ്പോള്‍ വയനാടന്‍ ചുരം കയറി വന്നിട്ടുള്ളത്. രാഹുല്‍ വെറുമൊരു കോണ്‍ഗ്രസ്സുകാരനല്ല. കോണ്‍ഗ്രസ്സിന്റെ അവസാനവാക്കാണ്. ഇരിക്കുന്ന കൊമ്പില്‍ കോടാലി വയ്‌ക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് ഞാന്‍ അമുല്‍ ബേബി എന്ന് വിളിച്ചത്.
















