എ.കെ. ഗോപാലന് 1967ല്‍ പാലക്കാട്ടു നിന്ന് ജയിക്കുമ്പോള്‍ അമ്പലപ്പുഴയില്‍ നിന്ന് ഭാര്യ സുശീലയും ജയിച്ചു. എകെജി 67ന് മുന്‍പ് മൂന്നുതവണ കാസര്‍കോട്ട് നിന്നും ഒരു തവണ കണ്ണൂരില്‍നിന്നും ജയിച്ചിരുന്നു. സുശീലയും രണ്ടു തവണകൂടി പാര്‍ലമെന്റിലെത്തി. 1980ലും 91ലും പാര്‍ലമെന്റ് കണ്ട മറ്റൊരു മലയാളി ദമ്പതിമാര്‍ കൂടിയുണ്ട്. കെ.എ. ദാമോദരമേനോനും ലീലാ ദാമോദരമേനോനും. ഭര്‍ത്താവ് ലോക്സഭയിലായിരുന്നുവെങ്കില്‍ ഭാര്യ രാജ്യസഭയില്‍. ഒരേസമയത്തായിരുന്നില്ല ഇത്. 1952-ല്‍ കോഴിക്കോട്ടുനിന്നാണ് കെ.എ. ദാമോദരമേനോന്‍ ലോക്സഭയിലേക്ക് ജയിച്ചത്. 1974 മുതല്‍ 80 വരെ ലീലാദാമോദരമേനോന് രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി. എന്നാല്‍ ഈ ദമ്പതികള്‍ ഒരേസമയം കേരള നിയമസഭയില്‍ അംഗങ്ങളായിരുന്നു. 1960-ല്‍ പറവൂര്‍ മണ്ഡലത്തില്‍നിന്ന് ജയിച്ച മേനോന്, പട്ടം താണുപിള്ള മന്ത്രിസഭയിലും തുടര്‍ന്ന് ആര്. ശങ്കര്‍ മന്ത്രിസഭയിലും മന്ത്രിയായി. കുന്നമംഗലം മണ്ഡലത്തില്‍നിന്നാണ് ലീല ജയിച്ചത്. പിന്നീട് പട്ടാമ്പിയില്‍ നിന്നും അവര്‍ ജയിച്ച് നിയമസഭയില്‍ എത്തി.
മറ്റൊരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ ഭാര്യയും രാജ്യസഭയില്‍ കേരളത്തില്‍നിന്ന് അംഗമായിട്ടുണ്ട്. ഭാരതി ഉദയഭാനു. കേരളത്തിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ.പി. ഉദയഭാനുവിന്റെ ഭാര്യ. 1954 മുതല്‍ രണ്ടു തവണയായി 10 വര്‍ഷം രാജ്യസഭാംഗമായി.
ലോക്സഭയിലെ ആദ്യ മലയാളി വനിത ആനി മസ്ക്രീന് ആണ്. 1952ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. ഒന്നാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കേരള സംസ്ഥാനം രൂപീകൃതമാകാതിരുന്നില്ല. അതിനാല്‍ തിരു-കൊച്ചിയുടെ പ്രതിനിധിയായിരുന്നു സ്വതന്ത്രയായി ജയിച്ച ആനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: